ലോകത്ത് ഏറ്റവും ദാരിദ്രരായ 26 രാജ്യങ്ങൾ ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രസിസന്ധി അനുഭവിക്കുന്നതായി റിപ്പോർട്ട്. 2006ന് ശേഷം ഏറ്റവും കൂടുതൽ കടബാധ്യതയുള്ളതും ഈ 26 രാജ്യങ്ങൾക്കാണ്. കടവും ജിഡിപിയും തമ്മിലുള്ള അനുപാതം 72 ശതമാനമെന്ന ഉയർന്ന റിസ്കിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ലോകത്ത് ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്ന 40 ശതമാനം ആളുകളും വസിക്കുന്നത് ഈ 26 രാജ്യങ്ങളിലാണ്.
ലോകത്തിൻ്റെ ഇതരഭാഗങ്ങൾ കൊവിഡ് പ്രതിസന്ധിയെ മറികടക്കുകയും സാമ്പത്തിക വളർച്ചയുടെ പാതയിൽ സഞ്ചരിക്കാൻ തുടങ്ങുകയും ചെയ്തപ്പോഴും ഈ രാജ്യങ്ങൾ കൊവിഡിന് മുമ്പുള്ളതിനെക്കാൾ ദാരിദ്രത്തിലേയ്ക്ക് കൂപ്പ് കുത്തിയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ലോകബാങ്കിൻ്റെയും ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ടിൻ്റെയും വാർഷിക യോഗങ്ങൾ വാഷിംഗ്ടണിൽ ആരംഭിക്കാനിരിക്കെ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. കടുത്ത ദാരിദ്ര്യം തുടച്ചുനീക്കാനുള്ള ശ്രമങ്ങൾക്കുണ്ടായ വലിയ തിരിച്ചടി ഈ റിപ്പോർട്ട് സ്ഥിരീകരിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും ദരിദ്രർക്കായി അന്താരാഷ്ട്ര വികസന അസോസിയേഷൻ (IDA) വഴി 100 ബില്യൺ ഡോളർ സമാഹരിക്കാനുള്ള ലോകബാങ്കിൻ്റെ ശ്രമങ്ങൾ ഇതോടെ ഊർജ്ജിതമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
1,145 ഡോളറിൽ താഴെ വാർഷിക പ്രതിശീർഷ വരുമാനമുള്ള 26 ദരിദ്ര സമ്പദ്‌വ്യവസ്ഥകൾ ഐഡിഎ ഗ്രാൻ്റുകളെയും പൂജ്യത്തിനടുത്തുള്ള പലിശ നിരക്കിലുള്ള വായ്പകളെയും കൂടുതലായി ആശ്രയിക്കുന്നതായി ലോക ബാങ്ക് ചൂണ്ടിക്കാണിക്കുന്നു. കടവും ജിഡിപിയും തമ്മിലുള്ള അനുപാതം 72 ശതമാനമെന്ന കഴിഞ്ഞ 18 വർഷത്തെ ഉയർന്ന നിരക്കിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഈ പട്ടികയിലെ പകുതിയോളം രാജ്യങ്ങൾ ഒന്നുകിൽ കടക്കെണിയിലോ അല്ലെങ്കിൽ അതിൻ്റെ ഉയർന്ന അപകടസാധ്യതയിലോ ആണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
26 ദരിദ്ര രാജ്യങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും ഒന്നുകിൽ സായുധ സംഘട്ടനങ്ങളിലാണ് അല്ലെങ്കിൽ വ്യവസ്ഥാപിതവും സാമൂഹികവുമായ ദുർബലത കാരണം ക്രമം നിലനിർത്താൻ ബുദ്ധിമുട്ടാണ്, ഇത് വിദേശ നിക്ഷേപത്തെയും മിക്കവാറും എല്ലാ കയറ്റുമതി ചരക്കുകളും ഇടയ്ക്കിടെയുള്ള കുതിച്ചുചാട്ടത്തിന് വിധേയമാക്കുന്നു, റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ ദശകത്തിനിടെ നടന്ന പ്രകൃതിദുരന്തങ്ങളും ഈ രാജ്യങ്ങളെ കൂടുതൽ ബാധിച്ചിട്ടുണ്ട്. 2011 നും 2023 നും ഇടയിൽ നടന്ന പ്രകൃതിദുരന്തങ്ങൾ ഈ രാജ്യങ്ങളുടെ ജിഡിപിയുടെ 2 ശതമാനം എന്ന നിലയിൽ ശരാശരി വാർഷിക നഷ്ടമുണ്ടാക്കിയതായും റിപ്പോർട്ടുണ്ട്.
Content Highlights: 26-poorest-countries-in-worst-financial-shape-since-2006