ഇന്ത്യയുടെ കറൻസി നോട്ടുകളിൽ പാകിസ്താന്റെ സ്റ്റാമ്പുണ്ടാകുക. കേൾക്കുമ്പോൾ ഇതെന്താ വല്ല കള്ളപ്പണമോ മറ്റോ ആണെന്ന് തോന്നുമല്ലെ. എന്നാൽ അല്ല, പണ്ട് കാലത്ത് ഇന്ത്യൻ കറൻസികൾ പാകിസ്താനിൽ വിനിമയത്തിന് ഉപയോഗിച്ചിട്ടുണ്ട്. അവയുടെ ചിത്രങ്ങൾ അടക്കം ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ് !
വിഭജനത്തിന് ശേഷമുളള ഒരു വർഷത്തോളം പാകിസ്താൻ ഇന്ത്യൻ കറൻസികളാണ് വിനിമയത്തിനായി ഉപയോഗിച്ചത്. പാകിസ്താന് സ്വന്തമായി ഒരു സെൻട്രൽ ബാങ്ക് ഇല്ലാത്തതായിരുന്നു അതിന് കാരണം. എന്നാൽ ഇന്ത്യൻ കറൻസികൾ അതുപോലെ ഉപയോഗിക്കുകയായിരുന്നില്ല പാകിസ്താൻ ചെയ്തത്. അവയിൽ 'ഗവണ്മെന്റ് ഓഫ് പാകിസ്താൻ' എന്നും, 'ഹുകുമത് ഇ പാകിസ്താൻ' എന്നും സ്റ്റാമ്പ് ചെയ്തിട്ടുണ്ടാകും.
ഇത്തരത്തിലുള്ള ഒരു 5 രൂപ നോട്ടാണ് ഇപ്പോൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കിംഗ് ജോർജ് ആറാമന്റെ ചിത്രമാണ് കറൻസിയിൽ ഉള്ളത്. മാത്രമല്ല, സ്വാതന്ത്ര്യം ലഭിച്ച് ഒരു വർഷത്തോളം സി ഡി ദേശ്മുഖ് ആയിരുന്നു ഇന്ത്യയുടേയും പാകിസ്താനെയും സെൻട്രൽ ബാങ്കുകളുടെ കോമൺ ചെയർമാൻ. ഇക്കാലത്താണ് ഇന്ത്യൻ കറൻസികളും വ്യാപകമായി പാകിസ്താനിൽ ഉപയോഗിച്ചിരുന്നത്. പിന്നീട് 1948 ജൂലൈ ഒന്നിന് പാകിസ്താൻ സ്റ്റേറ്റ് ബാങ്ക് രൂപീകരിച്ചപ്പോൾ കറൻസി അച്ചടിക്കാനുള്ള അവകാശം അവർക്ക് കൈമാറപ്പെടുകയായിരുന്നു.
Content Highlights: pakistan used indian currency