അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് വീണ്ടും അധികാരത്തിൽ എത്തിയതോടെ ബിറ്റ്‌കോയിന്റെ വില കുതിച്ചു കയറി . ഞായറാഴ്ചയോടെ എൺപതിനായിരം ഡോളർ എന്ന മാന്ത്രിക സംഖ്യയിലേക്ക് ഒരു ബിറ്റ്‌കോയിന്റെ വിലയെത്തി. ഞായറാഴ്ച മാത്രം 4.7 ശതമാനം വളർച്ചയാണ് ബിറ്റ്‌കോയിൻ നേടിയത്.
ഇന്ത്യൻ കറൻസിയിൽ ഏകദേശം 68 ലക്ഷം രൂപയാണ് ഇന്നലെ ബിറ്റ്‌കോയിന് ലഭിച്ചത്. ട്രംപിന്റെ ക്രിപ്‌റ്റോ അനുകൂല നിലപാടാണ് ബിറ്റ്‌കോയിന്റെ വില വർദ്ധനവിന് കാരണം. തന്ത്രപരമായ ബിറ്റ്കോയിൻ സ്റ്റോക്ക്പൈൽ സൃഷ്ടിക്കുകയും ഡിജിറ്റൽ ആസ്തികളിൽ തൽപ്പരരായ റെഗുലേറ്റർമാരെ നിയമിക്കുകയും ചെയ്യുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപ് പറഞ്ഞിരുന്നു.
ഡിജിറ്റൽ ആസ്തികൾക്കെതിരെയുള്ള നിലപാടായിരുന്നു മുൻ പ്രസിഡന്റ് ജോ ബൈഡൻ സ്വീകരിച്ചിരുന്നത്. സാം ബാങ്ക്മാൻ-ഫ്രൈഡിന്റെ FTX എക്‌സ്‌ചേഞ്ചിന്റെ പതനത്തിന് പിന്നാലെ ക്രിപ്‌റ്റോ മേഖലയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ബൈഡൻ ഗവർണമെന്റ് തീരുമാനിച്ചിരിക്കുന്നു. സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് കമ്മീഷൻ ചെയർ ഗാരി ജെൻസ്ലർ ക്രിപ്‌റ്റോ കറൻസികൾക്കെതിരെ നിരന്തരം നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡിജിറ്റൽ അസറ്റ് കമ്പനികളും എക്‌സിക്യൂട്ടീവുകളും തങ്ങളുടെ താൽപ്പര്യങ്ങൾക്ക് അനുകൂലമായി നിലപാട് എടുക്കുന്ന സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുകയും വൻ തുക സംഭാവനായി നൽകുകയും ചെയ്തിരുന്നു.
പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയിലാണ് ബിറ്റ് കോയിൻ ഇപ്പോൾ. 2014 ൽ ഇന്ത്യൻ രൂപ 25000 രൂപയായിരുന്നു ഒരു ബിറ്റ്‌കോയിന്റെ ശരാശരി വില. 2015 ൽ പന്ത്രണ്ടായിരം രൂപയോളം ബിറ്റ്‌കോയിന്റെ വിലയിടിഞ്ഞിരുന്നു. എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ ബിറ്റ്‌കോയിൻ വിലയിൽ കുതിച്ചു ചാട്ടം നടത്തി. 2017 മേയ് മാസത്തിലാണ് ബിറ്റ്‌കോയിൻ ഒരുലക്ഷം രൂപ കടക്കുന്നത്. അതേവർഷം തന്നെ പത്ത് ലക്ഷം രൂപയിലേക്കും ബിറ്റ്‌കോയിൻ എത്തിയിരുന്നു.
എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ രണ്ട് ലക്ഷത്തിലേക്ക് ബിറ്റ്‌കോയിൻ വില താഴ്ന്നു. 2020 മുതൽ ബിറ്റ്‌കോയിൻ കുതിച്ചുകയറുകയായിരുന്നു. ഞായറാഴ്ച മാത്രം 68 ലക്ഷം രൂപയാണ് ഒരു ബിറ്റ്‌കോയിന്റെ വില. അതായത് 2014 ൽ ഒരു ലക്ഷം രൂപയ്ക്ക് 4 ബിറ്റ്‌കോയിൻ വാങ്ങിയിരുന്നെങ്കിൽ ഇന്ന് രണ്ട് കോടി എഴുപത്തിനാല് ലക്ഷം രൂപയുണ്ടാവുമായിരുന്നു.