ആരോഗ്യ ഇൻഷുറൻസ് രംഗത്തെ പൊതുമേഖലാ സ്ഥാപനമായ എൽഐസിയുടെ ഷെയറുകൾ വീണ്ടും കുതിക്കുന്നു. ഏതാനും ആഴ്ചകളായി നഷ്ടത്തിലായിരുന്ന ഷെയറുകൾ വ്യാഴാഴ്ച മുതലാണ് തിരികെ കയറി തുടങ്ങിയത്. ആരോഗ്യ ഇൻഷൂറൻസ് രംഗത്ത് പ്രവർത്തിക്കുന്ന മണിപ്പാൽ സിഗ്‌ന ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ 50 ശതമാനം ഷെയറുകൾ ഏറ്റെടുക്കാനുള്ള ചർച്ചകൾ ആരംഭിച്ചതിന് പിന്നാലെയാണ് എൽഐസി ഷെയറുകൾ വീണ്ടും കയറി തുടങ്ങിയത്.
883 രൂപയിലേക്ക് കൂപ്പുകുത്തിയിരുന്ന എൽഐസി ഷെയർ കഴിഞ്ഞ ദിവസം വ്യാപാരം ക്ലോസ് ചെയ്യുമ്പോൾ 927 രൂപയിലേക്കാണ് എത്തിയത്. ജനറൽ ഇൻഷുറൻസിൽ പ്രവർത്തിക്കുന്ന കമ്പനി ആരോഗ്യ ഇൻഷുറൻസ് രംഗത്തേക്ക് ഇറങ്ങുന്നതോടെയാണ് ഷെയർ വാല്യൂ കൂടിയത്.
നേരത്തെ ആരോഗ്യ ഇൻഷുറൻസ് രംഗത്തേക്ക് എൽഐസി എത്തുമെന്നുള്ള വാർത്തകൾ പുറത്തുവന്നതോടെ എൽഐസിയുടെ ഷെയർവാല്യൂ ആയിരം കടന്നിരുന്നു. ലൈഫ് ഇൻഷുറൻസ് സേവനങ്ങൾ നൽകുന്ന കമ്പനിക്ക് ഒരേസമയം ലൈഫ്, ജനറൽ, ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ വിതരണം ചെയ്യാൻ നിയമം അനുവദിച്ചിരുന്നില്ല. ഈ നിയമത്തിൽ ഇളവ് അനുവദിക്കണമെന്ന് പാർലമെന്ററി പാനൽ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചതോടെയായിരുന്നു ഷെയർ വാല്യൂ കൂടിയത്.
എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ അനുകൂല തീരുമാനം എടുക്കുന്നത് വൈകി. മുന്നാം മോദി സർക്കാർ അധികാരത്തിൽ എത്തിയെങ്കിലും നിയമത്തിൽ ആനുകൂല്യം നൽകുന്ന തീരുമാനം ഉണ്ടാവാൻ വൈകുകയായിരുന്നു. ഇതോടെ ഓഹരി വില കുറയുകയായിരുന്നു. ഇതിനിടെ കോംപസൈറ്റ് ലൈസൻസുമായി ബന്ധപ്പെട്ട് കേന്ദ്രം അനുകൂല തീരുമാനം എടുത്തതോടെയാണ് എൽഐസി ഓഹരി വീണ്ടും കുതിച്ചത്.
Content Highlights: LIC shares rebound after they plan step in health insurance