പലിശ നിരക്കില്‍ മാറ്റം വരുത്താതെയാണ് ആര്‍ബിഐ നയം പ്രഖ്യാപിച്ചിരിക്കുന്നത്. 2023 മുതല്‍ തുടര്‍ച്ചയായി പതിനൊന്നാം തവണയാണ് റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. 2023 ഫെബ്രുവരിയില്‍ നിശ്ചയിച്ച റിപ്പോ നിരക്കാണിപ്പോഴും തുടരുന്നത്. എണ്ണ വില, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉള്‍പ്പടെയുള്ള ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍, വളര്‍ച്ചാ സാധ്യത തുടങ്ങിയവ കണക്കിലെടുത്താണ് അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് ആര്‍ബിഐ തീരുമാനിച്ചത്.
റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ തന്നെ തുടരുമെന്നാണ് പ്രഖ്യാപനം. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് ഊന്നല്‍ കൊടുക്കുന്നതിനാലാണ് തീരുമാനം. ബാങ്കിങ് സംവിധാനത്തിലെ പണലഭ്യത ഉറപ്പാക്കുന്നതിനുള്ള സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 6.25 ശതമാനത്തില്‍ നിലനിര്‍ത്തി. മാര്‍ജിന്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി നിരക്കും 6.75 ശതമാനത്തില്‍ തുടരും.
അടിസ്ഥാന പലിശനിരക്കുകളില്‍ മാറ്റമില്ലെങ്കിലും ബാങ്കുകളുടെ കരുതല്‍ നിക്ഷേപ ധനാനുപാത നിരക്കായ സിആര്‍ആറില്‍ ആര്‍ബിഐ കുറവ് വരുത്തിയിട്ടുണ്ട്. ഇത് ചെറുകിട കര്‍ഷകര്‍ക്കുള്‍പ്പെടെ ഗുണകരമാകുന്ന പ്രഖ്യാപനമാണ്. അടിസ്ഥാന നിരക്കില്‍ 0.5 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. 4 ശതമാനമാണ് സിആര്‍ആര്‍. മൊത്തം നിക്ഷേപത്തിന് ആനുപാതികമായി ബാങ്കുകള്‍ നിര്‍ബന്ധമായും റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട തുകയാണ് സിആര്‍ആര്‍.
ഒക്ടോബറിലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ആര്‍ബിഐയുടെ ലക്ഷ്യ പരിധിയായ ആറ് ശതമാനത്തിന് മുകളിലാണ്. ഈ സാഹചര്യത്തില്‍ ബാങ്കുകളിലെ കരുതല്‍ നിക്ഷേപ നിരക്കില്‍ ആര്‍ബിഐ ഇളവ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. കരുതല്‍ നിക്ഷേപത്തിലെ കുറവ് വരുത്തിയതിലൂടെ ബാങ്കുകളുടെ വായ്പാ നല്‍കാനുളള ശേഷി വര്‍ധിക്കും 1.16 ലക്ഷം കോടി രൂപ വിപണിയിലെത്തും. കര്‍ഷകര്‍ക്കൊപ്പം പ്രവാസികള്‍ക്കും ഗുണമാണ് പുതിയ പ്രഖ്യാപനം.
റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ നിലനിര്‍ത്താനുള്ള ആര്‍ബിഐ തീരുമാനം, നിലവില്‍ വിവിധ വായ്പകള്‍ എടുത്തിട്ടുള്ളവരുടെ വായ്പാ തിരിച്ചടവിനെ ബാധിച്ചേക്കില്ല. ഭവന വായ്പകളുടെയും, വാഹന വായ്പകളുടെയും, പേഴ്‌സണല്‍ ലോണുകളുടെ കാര്യങ്ങളിലും ആര്‍ബിഐ പ്രഖ്യാപനം ചലനങ്ങള്‍ ഉണ്ടാക്കില്ല. നിലവില്‍ വായ്പയെടുത്തിട്ടുള്ളവരുടെ തിരിച്ചടവുകള്‍ മാറ്റമില്ലാതെ തുടരും.
Content Highlights: RBI Keeps Repo Rates Unchanged How Does Its Affects You