റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണര്‍, ആരാണ് സഞ്ജയ് മല്‍ഹോത്ര?

ഡിസംബര്‍ 10ന് ചുമതല ഒഴിയുന്ന ശക്തികാന്ത ദാസിന് പിന്‍ഗാമിയായാണ് സഞ്ജയ് മല്‍ഹോത്ര എത്തുന്നത്

dot image

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവര്‍ണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്രയെ തിരഞ്ഞെടുത്തിരിക്കുകയാണ്. ബുധനാഴ്ച പുതിയ ഗവര്‍ണര്‍ ചുമതലയേല്‍ക്കും. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ഡിസംബര്‍ 10ന് ചുമതല ഒഴിയുന്ന ശക്തികാന്ത ദാസിന് പിന്‍ഗാമിയായാണ് സഞ്ജയ് മല്‍ഹോത്ര എത്തുന്നത്.

ആരാണ് സഞ്ജയ് മല്‍ഹോത്ര?

ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് 1990 ബാച്ചിലെ രാജസ്ഥാന്‍ കേഡറില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണ് സഞ്ജയ് മല്‍ഹോത്ര. കാന്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ എഞ്ചിനീയറിങ് ബിരുദധാരിയാണ് അദ്ദേഹം. അമേരിക്കയിലെ പ്രിന്‍സ്റ്റന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക് പോളിസിയില്‍ ബിരുദാനന്തര ബിരുദവും നേടി.

വൈദ്യുതി, ധനകാര്യം, നികുതി, വിവരസാങ്കേതികവിദ്യ, ഖനികള്‍ തുടങ്ങി വിവിധ മേഖലകളില്‍ 33 വര്‍ഷത്തിലേറെ നീണ്ട തന്റെ കരിയറിനിടെ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ അദ്ദേഹം ധനമന്ത്രാലയത്തില്‍ റവന്യൂ സെക്രട്ടറിയാണ്. ധനമന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പില്‍ സെക്രട്ടറി സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്.

സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ തലങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ധനകാര്യ, നികുതി മേഖലകളില്‍ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. പുതിയ ആദായനികുതി സമ്പ്രദായം വിജയകരമായി നടപ്പാക്കിയത് മല്‍ഹോത്രയുടെ കാലയളവിലെ വലിയ നേട്ടമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. നികുതി സമ്പ്രദായം ലഘൂകരിക്കുന്നതിനായും അദ്ദേഹം നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്.

സാമ്പത്തിക വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ബിസിനസുകള്‍ക്ക് നികുതിയുമായി ബന്ധപ്പെട്ട നോട്ടീസുകള്‍ നല്‍കേണ്ടത് വിവേകത്തോടെയായിരിക്കണമെന്നുമാണ് അടുത്തിടെ നടത്തിയ ഒരു പ്രസംഗത്തില്‍ മല്‍ഹോത്ര റവന്യൂ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

2018 ഡിസംബര്‍ 12നാണ് ആര്‍ബിഐയുടെ 25-ാമത് ഗവര്‍ണറായി ശക്തികാന്ത ദാസ് ചുമതലയേറ്റത്. മൂന്ന് വര്‍ഷത്തിന് ശേഷം അദ്ദേഹത്തിന് കാലാവധി നീട്ടി നല്‍കുകയായിരുന്നു. ഏറ്റവും കൂടുതല്‍ കാലം ആര്‍ബിഐ ഗവര്‍ണറായി ചുമതല വഹിച്ചവരില്‍ ഒരാളാണ് ശക്തികാന്ത ദാസ്.

Content Highlights: Who is Sanjay Malhotra, the new RBI governor appointed by the central govt?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us