ക്രിപ്റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ വില സര്‍വകാല റെക്കോര്‍ഡില്‍. തിങ്കളാഴ്ചത്തെ വ്യാപാരത്തില്‍ ക്രിപ്റ്റോകറന്‍സി 1,06,195 അമേരിക്കന്‍ ഡോളര്‍ (ഏകദേശം 90,10,212 ഇന്ത്യന്‍ രൂപ) എന്ന നിലയിലെത്തി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ, ക്രൂഡ് ഓയിലിന് സമാനമായി ബിറ്റ്‌കോയിന്‍ ശേഖരമുണ്ടാക്കാനുള്ള (ബിറ്റ്കോയിന്‍ സ്റ്റാര്‍റ്റജിക്ക് റിസര്‍വ്) പദ്ധതിയുടെ ഭാഗമാണ് വിലക്കയറ്റമെന്നാണ് വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കഴിഞ്ഞദിവസം അനുകൂലമായ മറുപടിയാണ് ട്രംപ് നല്‍കിയത്. അടുത്ത ദിവസങ്ങളില്‍ തന്നെ ബിറ്റ്കോയിന്‍ വില 1,10,000 ഡോളറിലെത്തുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍.
ചൈനയടക്കമുള്ള രാജ്യങ്ങള്‍ ക്രിപ്റ്റോ കറന്‍സി രംഗത്ത് നേട്ടം കൊയ്യുന്നത് തടയാന്‍ ഈ രംഗത്തേക്ക് അമേരിക്ക മുന്നിട്ടിറങ്ങുമെന്ന് ട്രംപ് സി.എന്‍.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരിക്കുമ്പോള്‍ ക്രിപ്റ്റോ കറന്‍സികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചയാളാണ് ട്രംപ്. പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപ് വീണ്ടുമെത്തിയതിന് പിന്നാലെയാണ് ബിറ്റ്കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്റ്റോ കറന്‍സികള്‍ പുതിയ ഉയരത്തിലേക്ക് കുതിച്ചത്. ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് 50 ശതമാനത്തോളം വില വര്‍ധിച്ച ബിറ്റ്കോയിനുകളാണ്.
റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ നടത്തിയ പരാമര്‍ശവും അമേരിക്കന്‍ നിലപാടുകളെ സ്വാധീനിച്ചുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. യുക്രെയിന്‍ അധിനിവേശത്തില്‍ പാശ്ചാത്യരാജ്യങ്ങളുടെ സാമ്പത്തിക ഉപരോധം റഷ്യക്ക് തലവേദനയായിരുന്നു. ഇതിനെ നേരിടാന്‍ ക്രിപ്റ്റോ കറന്‍സികള്‍ക്ക് കഴിയുമെന്നാണ് പുടിന്റെ നിലപാട്. യു.എസ് ഡോളറിനെ രാഷ്ട്രീയമായി എതിരാളികള്‍ക്ക് മേല്‍ പ്രയോഗിക്കാന്‍ അമേരിക്ക മടിക്കാറില്ല. എന്നാല്‍ ബിറ്റ്കോയിന്‍ പോലുള്ള ക്രിപ്റ്റോകറന്‍സികളെ തടയാന്‍ ആര്‍ക്ക് കഴിയുമെന്നും പുടിന്‍ ചോദിച്ചിരുന്നു. കൂടാതെ ക്രിപ്റ്റോ മൈനിംഗ് സംബന്ധിച്ച പുതിയ ചട്ടങ്ങളും റഷ്യ കഴിഞ്ഞ മാസം നടപ്പിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പരാമര്‍ശങ്ങളെന്നതും ശ്രദ്ധേയമാണ്.
Content Highlights: Bitcoin hits record high amid Trump’s pro-crypto stance