'ലക്കി ഭാസ്‌കർ' മോഡൽ മോഷണം, ബാങ്കിലെ ഡെപ്പോസിറ്റിൽ നിന്ന് 122 കോടി തട്ടി, ജനറൽ മാനേജർക്കെതിരെ കേസ്

ബാങ്കിന്‍റെ 1.3 ലക്ഷം നിക്ഷേപകരിൽ 90% ത്തിലധികം പേരുടെയും അക്കൗണ്ടുകളിൽ 5 ലക്ഷം രൂപ വരെ നിക്ഷേപമുണ്ട്

dot image

ദുൽഖർ സൽമാൻ നായകനായ ചിത്രമായിരുന്നു ലക്കി ഭാസ്‌ക്കർ. ബാങ്ക് ജീവനക്കാരനായ ഭാസ്‌ക്കർ വിവിധ തട്ടിപ്പുകളിലൂടെ നൂറുകോടി രൂപ തട്ടിയെടുക്കുന്നതായിരുന്നു സിനിമയുടെ കഥ. എന്നാൽ സിനിമയ്ക്ക് സമാനമായ തട്ടിപ്പിൽ നടപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആർബിഐയും പൊലീസും.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂ ഇന്ത്യ കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ ജനറൽ മാനേജർ ഹിതേഷ് പ്രവീൺചന്ദ് മേത്തയ്‌ക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്. ബാങ്കിന്റെ രണ്ട് ബ്രാഞ്ചുകളിൽ നിന്നായി 122 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. നേരത്തെ ബാങ്കിൽ തിരിമറി കണ്ടെത്തിയതോടെ ബാങ്കിൽ നിന്ന് നിക്ഷേപം പിൻവലിക്കുന്നതിനും മറ്റും ആർബിഐ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ഹിതേഷ് പ്രവീൺചന്ദ് മേത്ത, ജനറൽ മാനേജർ ആയി ഇരുന്നപ്പോൾ ബാങ്കിന്റെ ദാദർ, ഗോരേഗാവ് ശാഖകളിൽ നിന്നായി അഞ്ച് വർഷം കൊണ്ട് 122 കോടി തട്ടിയെടുത്തുവെന്നാണ് കേസ്. ബാങ്കിന്റെ ചീഫ് അക്കൗണ്ട്‌സ് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് (EOW) കേസ് അന്വേഷിക്കുന്നത്.

ബിഎൻഎസ് ആക്ടിലെ സെക്ഷൻ 316(5), 61(2) എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. ബാങ്കിന്റെ 1.3 ലക്ഷം നിക്ഷേപകരിൽ 90% ത്തിലധികം പേരുടെയും അക്കൗണ്ടുകളിൽ 5 ലക്ഷം രൂപ വരെ നിക്ഷേപമുണ്ട്. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് വ്യാഴാഴ്ച മുതൽ ബാങ്കിന് പുതിയ വായ്പകൾ നൽകുന്നതിൽ നിന്ന് ആർബിഐ വിലക്കേർപ്പെടുത്തുകയും നിക്ഷേപം പിൻവലിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. ആർബിഐ, മോശം മാനേജ്മെന്റിന് ബാങ്കിന്റെ ബോർഡിനെ വെള്ളിയാഴ്ച ആർബിഐ അസാധുവാക്കുകയും ചെയ്തു.

ബാങ്കിനെ പുനരുജ്ജീവിപ്പിക്കുന്നതിനും സാധാരണ ബാങ്കിംഗ് പ്രവർത്തനങ്ങൾ എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനും ഒരു അഡ്മിനിസ്‌ട്രേറ്ററെയും ഉപദേശക സമിതിയെയും ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ചീഫ് ജനറൽ മാനേജർ ശ്രീകാന്തിനെയാണ് 'അഡ്മിനിസ്‌ട്രേറ്റർ' ആയി നിയമിച്ചത്. രവീന്ദ്ര സപ്ര (മുൻ ജനറൽ മാനേജർ, എസ്ബിഐ), അഭിജിത്ത് ദേശ്മുഖ് (ചാർട്ടേഡ് അക്കൗണ്ടന്റ്) എന്നിവരാണ് ഉപദേശക സമിതിയിലെ അംഗങ്ങൾ.

Content Highlights: Dulquer Salmaan's Lucky Bhaskar model theft, New India Co-Operative Bank GM Booked For 'Stealing' Rs 122 Cr

dot image
To advertise here,contact us
dot image