
പയ്യന് സിബിൽ സ്‌കോർ കുറവായതിനാൽ കല്യാണം വരെ മുടങ്ങിയ വാർത്ത കേട്ട് നമ്മൾ ഒന്ന് ഞെട്ടിയില്ലേ. സിബിൽ സ്‌കോർ കുറഞ്ഞത് കൊണ്ട് ലോൺ കിട്ടിയില്ലെന്ന് പരാതി പറയുന്നവരെയും നമ്മൾ കണ്ടുകാണും. എന്താണീ സിബിൽ സ്‌കോർ, ആരാണിത് നിശ്ചയിക്കുന്നത്, ബാങ്കാണോ, ഗവൺമെന്റാണോ, അതോ മറ്റാരെങ്കിലുമാണോ? വിശദമായി നോക്കാം…
നമ്മുടെ ക്രെഡിറ്റ് സ്‌കോർ നിശ്ചയിക്കുന്നത്, ബാങ്കോ ഗവൺമെന്റോ ഒക്കെ ആയിരിക്കുമെന്നാണ് മിക്കവരുടെയും ധാരണ. എന്നാൽ അങ്ങനെയല്ല, ഒരു സ്വകാര്യ കമ്പനിയാണ് നമ്മുടെയെല്ലാം ക്രെഡിറ്റ് സ്‌കോർ തീരുമാനിക്കുന്നത്.
ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ഇന്ത്യ ലിമിറ്റഡ് എന്നാണ് CIBIL ന്റെ പൂർണ്ണ രൂപം. ട്രാൻസ് യൂണിയൻ സിബിൽ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയാണ് ഇന്ത്യയിലെ ഉപയോക്താക്കളുടെ വിവരങ്ങൾ വെച്ച് അവരുടെ ക്രെഡിറ്റ് യോഗ്യത തീരുമാനിക്കുന്നത്. റിസർവ് ബാങ്കിന്റെ ലൈസൻസോടു കൂടിയാണ് ഈ കമ്പനി പ്രവർത്തിക്കുന്നത്. 300-നും 900-നും ഇടയിലുള്ള ഒരു മൂന്നക്ക സംഖ്യയായിരിക്കും CIBIL സ്‌കോർ എന്നത്. ഈ സ്‌കോറാണ് നമ്മുടെ ക്രെഡിറ്റ് യോഗ്യതയെ നിശ്ചയിക്കുന്നത്. ഏറ്റവും മോശം സിബിൽ റേറ്റ് 300 ആണെങ്കിൽ, ഏറ്റവും മികച്ചത് 900. കുറഞ്ഞത് 700 റേറ്റിംഗ് എങ്കിലും സിബിൽ സ്‌കോർ ആയി ഇല്ലെങ്കിൽ, നമ്മൾ ലോണെടുക്കാനുള്ള യോഗ്യതയ്ക്ക് പുറത്തായിരിക്കും.
സിബിൽ സ്‌കോർ, വെബ്സൈറ്റിൽ നിന്നും വിവിധ ആപ്പുകളിൽ നിന്നുമൊക്കെ സൗജന്യമായി നമുക്ക് അറിയാൻ സാധിക്കും. എന്നാൽ സ്‌കോർ സംഖ്യ മാത്രമേ അറിയാൻ സാധിക്കു. സിബിൽ സ്‌കോറിന്റെ വിശദ വിവരങ്ങൾ അറിയണമെങ്കിൽ നിശ്ചിത തുക ഫീസായി നൽകണം.
നമ്മുടെ സിബിൽ സ്‌കോറിനെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
വായ്പ തിരിച്ചടവിൽ കാലതാമസം വരുത്തുക, ക്രെഡിറ്റ് റിപ്പോർട്ടിലെ വിവരങ്ങളിൽ തെറ്റുകൾ കടന്ന് കൂടുക, കുറഞ്ഞ കാലയളവിൽ ഒന്നിലധികം ലോണുകൾക്ക് അപേക്ഷിക്കുക, ക്രെഡിറ്റ് കാർഡുകൾ മാക്സിമം ലിമിറ്റിൽ എത്തുക ഇതെല്ലാം സിബിൽ റേറ്റിംഗിനെ മോശമായി ബാധിക്കും.
ട്രാൻസ് യൂണിയൻ സിബിൽ ലിമിറ്റഡ് എന്ന കമ്പനിക്ക് പുറമെ, ഇക്വിഫാക്സ്, എക്സ്പിരിയൻ, ഹൈമാർക്ക് എന്നീ കമ്പനികൾക്ക് കൂടി ഉപഭോക്താക്കളുടെ ക്രെഡിറ്റ് യോഗ്യത നിശ്ചയിക്കാനുള്ള ലൈസൻസ് റിസർവ് ബാങ്ക് നൽകിയിട്ടുണ്ട്. എന്നാൽ, രാജ്യത്തെ മിക്ക ബാങ്ക്- ബാങ്കിംഗ് ഇതര സ്ഥാപനങ്ങളും ക്രെഡിറ്റ് റേറ്റിംഗ് പരിശോധിക്കാൻ ആശ്രയിക്കുന്നത് ട്രാൻസ് യൂണിയൻ സിബിൽ ലിമിറ്റഡിന്റെ സിബിൽ സ്‌കോറിനെയാണ്.
സിബിൽ സ്‌കോർ എന്നത് ട്രാൻസ് യൂണിയൻ സിബിൽ സൃഷ്ടിച്ച ക്രെഡിറ്റ് സ്‌കോറുകളിൽ ഒന്ന് മാത്രമാണ്. നമ്മുടെ ക്രെഡിറ്റ് സ്‌കോർ വ്യത്യസ്ത ക്രെഡിറ്റ് ബ്യൂറോകളിൽ വേറിട്ടതായിരിക്കും. ഇന്ത്യയിലെ അറുപത്കോടി ജനങ്ങളുടെയും മൂന്നര കോടി ബിസിനസ് സ്ഥാപനങ്ങളുടെയും ക്രെഡിറ്റ് രേഖകൾ ട്രാൻസ് യൂണിയൻ സിബിൽ ലിമിറ്റഡിന്റെ പക്കലുണ്ട്. അമേരിക്കൻ മൾട്ടിനാഷ്ണൽ ഗ്രൂപ്പായ ട്രാൻസ് യൂണിയന്റെ ഭാഗമാണ് ട്രാൻസ് യൂണിയൻ സിബിൽ ലിമിറ്റഡെന്ന കമ്പനി. രാജ്യത്തെ 60 കോടി ജനങ്ങളുടെ വ്യക്തിഗത, സാമ്പത്തിക വിവരങ്ങൾ ഒരു മൾട്ടി നാഷണൽ കമ്പനിയുടെ കൈവശമെന്ന് ചുരുക്കം. നമ്മുടെ വിവരങ്ങൾ സുരക്ഷിതമാണെന്നാണ് കമ്പനി അവകാശപ്പെടുന്നതെങ്കിലും 81 കോടി ജനങ്ങളുടെ ആധാർ അടക്കമുള്ള വിവരങ്ങൾ ചോർന്ന് ഡാർക്ക് വെബിൽ പരസ്യം ചെയ്ത അനുഭവം നമുക്ക് മറക്കാനാകില്ലല്ലോ. അതിനാൽ ഡാറ്റാ പ്രൈവസിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ, സിബിൽ സ്‌കോറിന്റെ കാര്യത്തിലും ഗൗരവമായ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്.
Content Highlights: What is Cibil Score