
വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പണം പിന്‍വലിക്കുന്നത് തുടരുന്നു. ഫെബ്രുവരിയില്‍ ഓഹരി വിപണിയില്‍ നിന്ന് 34,574 കോടി രൂപയും ജനുവരിയില്‍ 78,027 കോടി രൂപയുമാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ആഗോള തലത്തിലുള്ള വ്യാപാര സംഘര്‍ഷങ്ങളാണ് നിക്ഷേപം പിന്‍വലിക്കാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ വര്‍ഷം ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ച തുക 1.42 ലക്ഷം കോടി രൂപയാണ്.
യുഎസ് കടപ്പത്രങ്ങളില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചതും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ഇന്ത്യന്‍ ഓഹരി വിപണിയെ ബാധിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കീഴിലുള്ള താരിഫ് നയങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം, താരിഫ് മൂലമുണ്ടാകുന്ന മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ തുടങ്ങിയ ഘടകങ്ങളാണ് ഇന്ത്യ പോലെ വളര്‍ന്നുവരുന്ന വിപണികളോട് ജാഗ്രത പുലര്‍ത്തുന്ന നിലപാട് സ്വീകരിക്കാന്‍ വിദേശ നിക്ഷേപകരെ പ്രേരിപ്പിച്ചത് എന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.
ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയും സ്ഥിതിഗതികള്‍ വഷളാക്കിയതായും വിപണി വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു. 2023ല്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപകരുടെ പങ്കായി 1.71 ലക്ഷം കോടി രൂപ ഒഴുകിയെത്തിയ സ്ഥാനത്താണ് ഈ വലിയ തോതിലുള്ള തിരിച്ചുപോക്ക്.
Content Highlights: fpis continue sell off withdraw rs 30000 cr