
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ കുതിപ്പിന് കൂടുതൽ പ്രതീക്ഷയും കരുത്തും നൽകി അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ട്. 2028ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്നും വരും വർഷങ്ങളിൽ തന്നെ മാറ്റങ്ങൾ പ്രകടമായിത്തുടങ്ങുമെന്നുമാണ് മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ടിൽ പറയുന്നത്.
വരും വർഷങ്ങളിലെ രാജ്യത്തിൻറെ കുതിപ്പ് എങ്ങനെയാകും എന്നത് കൂടി റിപ്പോർട്ട് എടുത്തുപറയുന്നുണ്ട്. 2023ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 3.5 ട്രില്യൺ ഡോളറായാണ് വളർന്നത്. 2026ൽ ഈ വളർച്ച വർധിച്ച് 4.7 ട്രില്യണ്‍ ഡോളറായി മാറും. അപ്പോൾത്തന്നെ നമ്മൾ യുഎസ്, ചൈന, ജർമനി എന്നീ രാജ്യങ്ങൾക്ക് പിന്നിൽ നാലാമതായുണ്ടാകും.
2028ലാകും ഇന്ത്യ ജർമനിയെ പിന്തള്ളി മൂന്നാം സ്ഥാനത്തേയ്‌ക്കെത്തുക. 5.7 ട്രില്യൺ ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയുളള രാജ്യമായി ഇന്ത്യ അന്ന് മാറും. നിലവിലെ ഈ വളർച്ചയുടെ വേഗം അങ്ങനെതന്നെ തുടരുകയാണെങ്കിൽ 2035 ആകുമ്പോഴേക്കും ഇന്ത്യ 6.6 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയുള്ള രാജ്യമായി മാറും.
ഇന്ത്യയുടെ വളർച്ചയ്ക്കുള്ള നിരവധി കരണങ്ങളെയും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ദൃഢമായ ജനസംഖ്യാ വർദ്ധനവ്, കൃത്യമായ ജനാധിപത്യ സംവിധാനങ്ങൾ, മാക്രോ സ്റ്റബിലിറ്റിയെ ലക്ഷ്യമിട്ടുകൊണ്ടുള്ള നയങ്ങൾ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, സംരംഭകത്വത്തിലെ ഉയർച്ച എന്നിവയെല്ലാമാണ് രാജ്യത്തിന്റെ വളർച്ചയ്ക്കുതകുന്ന ഘടകങ്ങൾ. 1990ൽ മികച്ച സമ്പദ്‌വ്യവസ്ഥയുള്ള രാജ്യങ്ങളുടെ പട്ടികയിൽ 12ആം സ്ഥാനത്തായിരുന്ന ഇന്ത്യ, 2023 എത്തിയപ്പോഴേക്കും അഞ്ചാം സ്ഥാനത്തേയ്ക്ക് മുന്നേറിയിരുന്നു. രാജ്യത്തിന്റെ നിലവിലെ വളർച്ചാനിരക്കുകളും വരുംവർഷങ്ങളിൽ മികച്ച നേട്ടങ്ങൾ കൊണ്ടുവരുന്നതാണെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധരുടെയടക്കം വിലയിരുത്തൽ.
Content Highlights: India to become worlds 3rd largest economy by 2028