ഒലയുടെ ഓഹരി വില 50 രൂപയിലും താഴെ; ഇടിഞ്ഞത് പാപ്പർ ഹർജിക്ക് പിന്നാലെ

45 ശതമാനത്തിൽ അധികമാണ് ഒരു വർഷം കൊണ്ട് ഒല ഇലക്ട്രിക്കിന്റെ ഓഹരി ഇടിഞ്ഞത്

dot image

പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ ഒല ഇലക്ട്രിക്കിന്‍റെ ഓഹരി വില കുത്തനെ ഇടിഞ്ഞു. ഒല ഇലക്ട്രിക്സിന്‍റെ സഹസ്ഥാപനമായ ഒല ഇലക്ട്രിക് ടെക്‌നോളജീസിനെതിരെ പാപ്പർ ഹർജി ഫയൽ ചെയ്തിന് പിന്നാലെയാണ് ഒല ഇലക്ട്രിക്കിന്റെ ഓഹരി ഇടിഞ്ഞത്.

45 ശതമാനത്തിൽ അധികമാണ് ഒരു വർഷം കൊണ്ട് ഒല ഇലക്ട്രിക്കിന്റെ ഓഹരി ഇടിഞ്ഞത്. തിങ്കളാഴ്ച ഒലയുടെ ഓഹരി വില 7% ഇടിഞ്ഞ് അമ്പത് രൂപയിൽ താഴെയായി. 46.94 രൂപയിലാണ് കഴിഞ്ഞ ദിവസം വ്യാപാരം ക്ലോസ് ചെയ്തത്. ബെംഗളൂരുവിലെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിലാണ് NCLT) ഓപ്പറേഷണൽ ക്രെഡിറ്ററായ മെസ്സേഴ്‌സ് റോസ്‌മെർട്ട ഡിജിറ്റൽ സർവീസസാണ് ഒല ഇക്ട്രിക് ടെക്‌നോളജിക്കെതിരെ ഹർജി നൽകിയത്.

തിരിച്ചടവുകളിൽ ഒല വീഴ്ച വരുത്തിയെന്നും കമ്പനിക്കെതിരെ കോർപ്പറേറ്റ് ഇൻസോൾവൻസി റെസല്യൂഷൻ പ്രോസസ്സ് (CIRP) ആരംഭിക്കണമെന്നുമാണ് ഹർജി നൽകിയിരിക്കുന്നത്. ഒല ഇലക്ട്രിക് തന്നെയാണ് തങ്ങൾക്കെതിരെ ഹർജി ഫയൽ ചെയ്തായി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചത്.

'ഒല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഒല ഇലക്ട്രിക് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓപ്പറേഷണൽ ക്രെഡിറ്ററായ മെസ്സേഴ്‌സ് റോസ്‌മെർട്ട ഡിജിറ്റൽ സർവീസസ് ലിമിറ്റഡ്, 2016 ലെ ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്‌സി കോഡിന്റെ സെക്ഷൻ 9 പ്രകാരം ഒരു ഹർജി ഫയൽ ചെയ്തിട്ടുണ്ടെന്ന് നിങ്ങളെ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു' എന്നാണ് ഓല ഇലക്ട്രിക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾക്ക് നൽകിയ പ്രസ്താവന.

അതേസമയം ഹർജിക്കെതിരെ ഒല നിയമോപദേശം തേടുകയും നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. 2017 ലാണ് ഒല ഇലക്ട്രിക് സ്ഥാപിച്ചത്. ഇലക്ട്രിക് വാഹനങ്ങൾക്ക് പുറമെ ബാറ്ററികൾ, മോട്ടറുകൾ, വാഹനത്തിന്റെ ഫ്രെയിമുകൾ എന്നിവയും കമ്പനി നിർമിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഒലയുടെ ഓഹരി വില കുത്തനെ ഇടിയുകയാണ്.

Content Highlights: Ola's share price falls below Rs 50; falls after bankruptcy filing

dot image
To advertise here,contact us
dot image