ഇന്ത്യയിലേക്ക് ഗൾഫ് പണം വരുന്നത് കുറയുന്നു, പ്രവാസികൾ പണം അയക്കുന്നതിൽ കേരളത്തിന് രണ്ടാം സ്ഥാനം

19.7 ശതമാനം ആളുകളാണ് കേരളത്തിലേക്ക് വിദേശത്ത് നിന്ന് പണം അയക്കുന്നത്

dot image

പ്രവാസികൾ പണം അയക്കുന്നതിൽ കേരളത്തിന് രണ്ടാം സ്ഥാനം. 2024 സാമ്പത്തിക വർഷത്തിൽ ആർബിഐ പുറത്തുവിട്ട റിപ്പോർട്ടിലാണ് വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന പണത്തിന്റെ കണക്കുകളുള്ളത്. ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന പണത്തിൽ കുറവ് സംഭവിച്ചതായും ആർബിഐയുടെ റിപ്പോർട്ടിൽ പറയുന്നു.

2024 ലെ സാമ്പത്തിക വർഷത്തിൽ മഹാരാഷ്ട്രയിലേക്കാണ് ഏറ്റവും കൂടുതൽ പണം വിദേശത്ത് നിന്ന് എത്തിയത്. രാജ്യത്തേക്ക് എത്തിയ മൊത്തം പണത്തിൽ 20.5 ശതമാനവും മഹാരാഷ്ട്രയിലേക്കാണ്. കേരളമാണ് രണ്ടാം സ്ഥാനത്ത്. 19.7 ശതമാനം ആളുകളാണ് കേരളത്തിലേക്ക് വിദേശത്ത് നിന്ന് പണം അയക്കുന്നത്.

അതേസമയം 2021 സാമ്പത്തിക വർഷത്തിൽ മഹാരാഷ്ട്രയിലേക്ക് 35.2% വിഹിതം എത്തിയിരുന്നു. എന്നാൽ മുൻ വർഷത്തിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലേക്ക് വിദേശത്ത് നിന്ന് അയക്കുന്ന പണത്തിന്റെ വിഹിതത്തിൽ വർധനവ് ആണ് ഉണ്ടായത്. 2023 സാമ്പത്തിക വർഷത്തിൽ 10.2% എന്ന തോതിലായിരുന്നു കേരളത്തിലേക്ക് പണമെത്തിയിരുന്നത്. ഇതാണ് 19.7 ശതമാനമായി വർധിച്ചത്.

തമിഴ്‌നാടിന്റെ വിഹിതവും വർധിച്ചു. 9.7 ശതമാനത്തിൽ നിന്ന് 10.4 ശതമാനമായിട്ടാണ് തമിഴ്‌നാട്ടിലേക്ക് വിദേശത്ത് നിന്ന് പണമയക്കുന്നത് വർധിച്ചത്. വിവിധ വിദേശരാജ്യങ്ങളിലേക്ക് ഉന്നത പഠനത്തിനായും, തൊഴിൽ അവസരങ്ങൾക്കായും വിദ്യാർത്ഥികളും യുവാക്കളും പോയതോടെയാണ് കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, തെലങ്കാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് വിദേശത്ത് നിന്ന് പണം വരുന്നതിന്റെ തോത് വർധിച്ചത്.

ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന പണം കുറയുന്നുണ്ട്. 2017 ൽ 25.9 ശതമാനം പണം യുഎഇയിൽ നിന്ന് മാത്രം എത്തിയിരുന്നപ്പോൾ 2024 സാമ്പത്തിക വർഷത്തിൽ ഇത് 19.2 ശതമാനമായി മാറിയിട്ടുണ്ട്. അമേരിക്കയിൽ നിന്നാണ് ഏറ്റവും കൂടുതൽ തുക ഇന്ത്യയിലേക്ക് എത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 2024 സാമ്പത്തിക വർഷത്തിൽ 27.7 ശതമാനമാണ് അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് എത്തിയത്.

യുകെ, കാനഡ, സിംഗപ്പൂർ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് പ്രവാസി പണം എത്തുന്നുണ്ട്. ഇന്ത്യയിലേക്ക് എത്തുന്ന മൊത്തം പ്രവാസി പണത്തിന്റെ പകുതിയിലധികവും ഈ രാജ്യങ്ങളിൽ നിന്നാണ്.

Content Highlights: Gulf money flowing into India is decreasing, Kerala ranks second in remittances from NRI

dot image
To advertise here,contact us
dot image