
വിദേശത്ത് സ്ഥിരതാമസമാക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഇന്ത്യക്കാർ 2024ൽ മാത്രം നാട്ടിലേക്കയച്ചത് 129.4 ബില്യൺ ഡോളറെന്ന് കണക്കുകൾ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബാലൻസ് ഓഫ് പേയ്മെന്റ് കണക്കുകളുടെ വിശകലനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഇതിൽ ഡിസംബർ പാദത്തിൽ മാത്രം 36 ബില്യൺ ഡോളറാണ് കൈമാറപ്പെട്ടിരിക്കുന്നത്.
അടുപ്പിച്ച് മൂന്നാം വർഷമാണ്, ഇന്ത്യയിലേക്ക് പണം അയക്കുന്നത് 100 ബില്യൺ ഡോളർ കടക്കുന്നത്. ഇത്തരത്തിൽ പണം അയക്കപ്പെടുന്ന ലോകത്തെത്തന്നെ പ്രധാനപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ കഴിഞ്ഞ 25 വർഷത്തിന് മുകളിലായി ഇന്ത്യയുമുണ്ട്. ലോകത്താകമാനം ഐടി മേഖല വിപുലീകരിക്കപ്പെട്ടതും ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റം മൂല്യവത്തായതുമാണ് ഇത്തരത്തിൽ രാജ്യത്തേക്ക് പണം ഒഴുകാൻ കാരണം.
പണം അയക്കുന്നതിന്റെ ഒഴുക്ക് ഉറവിട രാജ്യങ്ങളിലെ തൊഴിൽ സാഹചര്യങ്ങളും മറ്റുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റം മൂന്ന് മടങ്ങാണ് വർധിച്ചത്. ആഗോള കുടിയേറ്റവും വർധിച്ചു. ഇന്ത്യയിൽ നിന്ന് കുടിയേറിയവരിൽ പകുതിയിലേറെയും ആശ്രയിച്ചിട്ടുള്ളത് ജിസിസി രാജ്യങ്ങളെയാണ്.
വികസിത സമ്പദ്‌വ്യവസ്ഥകളിൽ നിന്നുള്ള പണമയക്കലും കൂടിയാണ് ഈ വർധനവിന് കാരണമെന്ന് റിസർവ് ബാങ്ക് ചൂണ്ടികാണിക്കുന്നുണ്ട്.
ഇന്ത്യയിൽ നിന്നുള്ള ഐടി സേവനങ്ങളുടെ മത്സരശേഷിയും നുഴഞ്ഞുകയറ്റവും യുഎസ് പോലുള്ള വികസിത രാജ്യങ്ങളിലേക്ക് വർധിച്ചെന്നും, ജിസിസിക്ക് പുറമെ ഈ രാജ്യങ്ങളിൽ നിന്നുള്ള പണമയക്കലും വർധിച്ചെന്നും റിസർവ് ബാങ്ക് റിപ്പോർട്ടിൽ ഉണ്ട്.
വടക്കേ അമേരിക്ക, യൂറോപ്പ് പോലുള്ള പ്രദേശങ്ങളിൽ വിലപ്പെരുപ്പത്തിന്റെ എല്ലാ സൂചനകളും നിലനിൽക്കുമ്പോളും, ഈ ട്രെൻഡ് മുകളിലേക്ക് തന്നെയാണെന്നും റിസർവ് ബാങ്ക് സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ആശ്രിതർ വിദേശത്തുള ബന്ധുക്കളെ കൂടുതലായും ആശ്രയിക്കുന്നു എന്നതിന്റെ തെളിവാണ് ഇതെന്നാണ് സാമ്പത്തിക വിദഗ്ധർ അടക്കം അഭിപ്രായപ്പെടുന്നത്.
Content Highlights: Overseas Indians send record money to home