ഈ വര്‍ഷം അവസാനത്തോടെ അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യം;ട്രംപിന്റെ താരിഫ് നയത്തിനെതിരെ ജെപി മോര്‍ഗന്‍

നേരത്തെ യുഎസ് ഫെഡറൽ റിസർവ് ചെയർ ജെറോം പവലും സമാനമായ ആശങ്ക ഉന്നയിച്ചിരുന്നു

dot image

മേരിക്ക ഈ വർഷം അവസാനത്തോടെ സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുമെന്ന് പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ ജെപി മോർഗൻ. പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പുതിയ താരിഫ് നയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജെപി മോർഗൻ പ്രവചനവുമായി രംഗത്ത് എത്തിയത്. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പുതിയ താരിഫുകളുടെ അമിത ഭാരം കാരണം അമേരിക്കയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം ചുരുങ്ങാൻ സാധ്യതയുണ്ടെന്നും ഇതുമൂലമുണ്ടാകുന്ന കടുത്ത സാമ്പത്തിക മാന്ദ്യം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 5.3 ശതമാനമാക്കി ഉയർത്തുമെന്നും ജെപി മോർഗൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കമ്പനിയുടെ അമേരിക്കയിലെ സാമ്പത്തിക വിഭാഗം തലവനായ മൈക്കൽ ഫെറോളിയാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.

നേരത്തെ യുഎസ് ഫെഡറൽ റിസർവ് ചെയർ ജെറോം പവലും സമാനമായ ആശങ്ക ഉന്നയിച്ചിരുന്നു. പുതിയ താരിഫുകൾ കണക്കാക്കിയതിനേക്കാൾ വലിയ പ്രഹരമേൽപ്പിക്കുമെന്നാണ് ജെറോ പവൽ പറയുന്നത്. അമേരിക്കയിൽ നടന്ന ബിസിനസ് ജേണലിസം കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'താരിഫ് വർദ്ധനവ് പ്രതീക്ഷിച്ചതിലും വളരെ വലുതായിരിക്കുമെന്ന് ഇപ്പോൾ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഉയർന്ന പണപ്പെരുപ്പവും മന്ദഗതിയിലുള്ള വളർച്ചയും ഉൾപ്പെടുന്ന സാമ്പത്തിക പ്രത്യാഘാതളും സത്യമാകാൻ സാധ്യതയുണ്ട്.' എന്നായിരുന്നു ജെറോ പവൽ പറഞ്ഞത്.

10 ശതമാനുള്ള തീരുവ ഏപ്രിൽ അഞ്ച് മുതലും വിവിധ രാജ്യങ്ങൾക്കുള്ള കൂടിയ തീരുവ ഏപ്രിൽ ഒൻപതിനുമാണ് പ്രാബല്യത്തിൽ വരിക.

ഇതോടെ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് ഇനി മുതൽ 26 ശതമാനം താരിഫ് നൽകണം. ചൈനയ്ക്ക് 34 ശതമാനവും. യൂറോപ്യൻ യൂണിയന് 20 ശതമാനം തീരുവയും യുകെയ്ക്ക് പത്ത് ശതമാനവുമാണ് തീരുവയും ജപ്പാന് 24 ശതമാനം തീരുവയുമാണ് ഏർപ്പെടുത്തിയത്.

പകരച്ചുങ്കം യുഎസിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നാണ് ട്രംപ് പറയുന്നത്. എന്നാൽ ട്രംപിന്റെ പുതിയ താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് ഓഹരിവിപണിയിൽ വൻ ഇടിവാണ് സംഭവിക്കുന്നത്. 2020 ന് ശേഷം ഏറ്റവും വലിയ നഷ്ടമാണ് യുഎസ് ഓഹരി വിപണി നേരിടുന്നതെന്നാണ് റിപ്പോർട്ട്.

Content Highlights: Trump tariffs JP Morgan predicts US recession by 2025-end

dot image
To advertise here,contact us
dot image