
പകരച്ചുങ്കം ഏര്‍പ്പെടുത്തുന്നത് 90 ദിവസത്തേക്ക് നീട്ടിവയ്ക്കുമെന്ന അമേരിക്കയുടെ തീരുമാനത്തെ തുടര്‍ന്ന് ഓഹരിവിപണിയില്‍ വന്‍ കുതിച്ചുകയറ്റം. ബിഎസ്ഇ സെന്‍സെക്സ് 1400ലധികം പോയിന്റ് ആണ് ഉയര്‍ന്നത്. നിഫ്റ്റി 22,800 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളില്‍ എത്തി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനമാണ് 90 ദിവസത്തേക്ക് നീട്ടിയത്.
അദാനി എന്റര്‍പ്രൈസസ്, ടാറ്റ സ്റ്റീല്‍, സിപ്ല, ജെഎസ് ഡബ്ല്യൂ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്കം നീട്ടി വയ്ക്കാനുള്ള തീരുമാനം ആഗോള വിപണിയെ പോസീറ്റീവായിട്ടാണ് ബാധിച്ചത്.
പകരച്ചുങ്ക പ്രഖ്യാപനം രൂപയ്ക്കും ഗുണം ചെയ്തു. ആഭ്യന്തര വിപണിയിലേക്ക് നിക്ഷേപം എത്തിയതോടെ രൂപയും വന്‍ കുതിച്ചുചാട്ടം നടത്തി. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 51 പൈസയുടെ നേട്ടമാണ് ഉണ്ടായത്. 86.17 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഇന്നലെ 86.68 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്.
Content Highlights: sensex up nearly 1500 pts nifty over 22800