ലഖ്നൗ: കൊല്ലപ്പെട്ട മുൻ എംപിയും ഗുണ്ടാനേതാവുമായ അതീഖ് അഹമ്മദിന്റെ അഭിഭാഷകനെ അറസ്റ്റ് ചെയ്ത് ഉത്തർ പ്രദേശ് പൊലീസ്. അഭിഭാഷകനായ വിജയ് മിശ്രയാണ് അറസ്റ്റിലായത്. മുൻ ബിഎസ്പി നിയമസഭാംഗം രാജു പാലിന്റെ കൊലപാതകത്തിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ലഖ്നൗവിലെ ഹയാത് ലെഗസി ഹോട്ടലിൽ നിന്നാണ് വിജയ് മിശ്രയെ അറസ്റ്റ് ചെയ്തത്. ഉമേഷ് പാൽ എവിടെയുണ്ടെന്ന് അതീഖ് അഹമ്മദിന് വിവരം നൽകിയത് വിജയ് മിശ്രയാണെന്ന് പൊലീസ് പറഞ്ഞു.
ഉമേഷ് പാലിനെ പട്ടാപ്പകൽ കൊലപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. കൊലപാതകത്തെ തുടർന്ന് ഉത്തർപ്രദേശ് സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർന്നു. ഇതിന് പിന്നാലെ മാഫിയകളെ തുടച്ചുനീക്കുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.
മാർച്ച് 15ന് ആണ് ഉമേഷ് പാൽ വധക്കേസിൽ അറസ്റ്റിലായ അതീഖ് അഹമ്മദിനേയും സഹോദരൻ അഷ്റഫിനേയും വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമപ്രവർത്തകർ എന്ന് നടിച്ചെത്തിയവർ കൊലപ്പെടുത്തിയത്. അതീഖിന്റെ മകൻ അസദ് പൊലീസുമായുളള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കൊലപാതകവും തട്ടിക്കൊണ്ടുപോകലും അടക്കം നൂറിധികം ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു അതീഖ് അഹമ്മദ്. അഞ്ചുതവണ എംഎൽഎയും ഒരുതവണ ലോക്സഭാ എംപിയുമായിരുന്നു.