ബെംഗളൂരു: ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാൻ- 3 ചന്ദ്രനിലെത്താൻ ഇനി രണ്ടാഴ്ച മാത്രം. ഈ മാസം 23 ന് തന്നെ സോഫ്റ്റ് ലാൻഡിങ്ങ് നടത്തുമെന്നും ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിയ ശേഷമുള്ള രണ്ടാംഘട്ട ഭ്രമണപഥം താഴ്ത്തൽ ഇന്ന് വിജയകരമായി നടന്നു. ഉച്ചയ്ക്ക് ഒരു മണിക്കും രണ്ട് മണിക്കും ഇടയിലായിരുന്നു ഭ്രമണപഥം താഴ്ത്തൽ. ചന്ദ്രനിൽ നിന്ന് കുറഞ്ഞ അകലം 174 കിലോ മീറ്ററും കൂടിയ അകലം 1437 കിലോ മീറ്ററും വരുന്ന ഭ്രമണപഥത്തിലാണ് ഇപ്പോൾ പേടകം. മൂന്ന് തവണ കൂടി ഭ്രമണപഥം താഴ്ത്തും.
ചന്ദ്രനോട് 100 കിലോമീറ്റർ അടുത്തെത്തുമ്പോൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപെടും. തുടർന്ന് വിക്രം ലാൻഡർ ഒറ്റക്ക് സഞ്ചരിക്കും. പേടകത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാണെന്ന് ഐഎസ്ആർഒ അറിയിച്ചു. എഞ്ചിനുകൾ തകരാറിലായാൽ പോലും സോഫ്റ്റ് ലാൻഡിങ് നടത്താനാകുന്ന തരത്തിലാണ് ലാൻഡറിനെ സജ്ജമാക്കിയിരിക്കുന്നതെന്ന് ചെയർമാൻ എസ് സോമനാഥ് വ്യക്തമാക്കി.
അതേസമയം റഷ്യയുടെ ചാന്ദ്രദൗത്യമായ ലൂണ-25 വെള്ളിയാഴ്ച വിക്ഷേപിക്കും. ഇന്ത്യയുടെ ചന്ദ്രയാൻ- 3 ഇറങ്ങുന്ന ദക്ഷിണധ്രുവത്തിൽ തന്നെയാണ് ലൂണ- 25 ഇറങ്ങുക. 50 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റഷ്യ ചാന്ദ്രദൗത്യത്തിന് ഒരുങ്ങുന്നത്. മോസ്കോയിൽ നിന്ന് 5,500 കിലോമീറ്റർ അകലെയുള്ള വോസ്റ്റോച് നികോസ് മോ ഡ്രോമിൽ നിന്നാണ് ലൂണ വിക്ഷേപിക്കുക. സോയുസ് 2 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം.
അഞ്ച് ദിവസം കൊണ്ട് ലൂണ ചന്ദ്രന്റെ ഗുരുത്വാകർഷണവലയത്തിലെത്തും. എഴ് ദിവസം കൊണ്ട് ലാൻഡിങ് നടത്തുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ ചന്ദ്രയാൻ- 3 സോഫ്റ്റ്ലാൻഡിങ് നടത്തുന്ന ആഗസ്റ്റ് 23നോ തൊട്ടു പിന്നാലെയോ ആകും ലൂണയുടേയും ലാൻഡിങ്. സൂര്യപ്രകാശം തുടർച്ചയായി ലഭിക്കുന്നതും ചരിവ് കുറഞ്ഞതുമായ പ്രദേശമായതിനാലാണ് ദക്ഷിണധ്രുവത്തിൽ തന്നെ ലൂണയും ഇറങ്ങുന്നത്. ദൗത്യം വിജയിച്ചാൽ സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം റഷ്യൻ മണ്ണിൽ നിന്നുള്ള ആദ്യ ചാന്ദ്ര ലാൻഡർ എന്ന നേട്ടം ലൂണ- 25 സ്വന്തമാക്കും.
Story Highlight: India's proud mission Chandrayaan-3 is only two weeks away from reaching the moon. ISRO also announced that the soft landing will be done on the 23rd of this month.