ന്യൂഡല്ഹി: ജി20 അത്താഴവിരുന്നില് ശ്രദ്ധേയമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സാന്നിധ്യം. സ്റ്റാലിന് തന്നെയാണ് ചിത്രം ട്വിറ്ററില് പങ്കുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രസിഡന്റ് ദ്രൗപതി മുര്മു, ഉപരാഷ്ട്രപതി ജഗദീപ് ധന്കര് എന്നിവരും ചിത്രത്തിലുണ്ട്. സ്റ്റാലിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് കൈകൊടുക്കുന്നതാണ് ചിത്രം.
ചിത്രം പങ്കുവെച്ചതിന് പിന്നാലെ സ്റ്റാലിനെ എതിര്ത്തും അനുകൂലിച്ചും നിരവധി പേര് രംഗത്തെത്തി. എന്നാല് ഭരണപരമായി കൈകൊണ്ട തീരുമാനത്തിന്റെ പുറത്താണ് പങ്കെടുത്തതെന്നാണ് ഡിഎംകെ വൃത്തങ്ങള് പറയുന്നത്.
ദേശീയ തലസ്ഥാനത്ത് രാഷ്ട്രപതി ആതിഥേയത്വം വഹിച്ച ജി 20 അത്താഴവിരുന്നിലെ പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയില് ഇന്ത്യന് സംസ്ഥാനങ്ങളിലെ എല്ലാ മുഖ്യമന്ത്രിമാരും ഉള്പ്പടെ ആകെ 170 അതിഥികള് ഉണ്ടായിരുന്നു.
എന്നാല് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്, എന്നിവര് ചടങ്ങളില് പങ്കെടുത്തിരുന്നില്ല. രാജ്യസഭ പ്രതിപക്ഷ നേതാവും കോണ്ഗ്രസ് അധ്യക്ഷനുമായ മല്ലികാര്ജ്ജുന് ഖാര്ഗെയ്ക്ക് വിരുന്നില് ക്ഷണം ഉണ്ടായിരുന്നില്ല. ഇതില് പ്രതിഷേധിച്ച് കൂടിയാണ് കോണ്ഗ്രസ് മുഖ്യമന്ത്രിമാര് അത്താഴ വിരുന്നില് നിന്ന് വിട്ടു നിന്നത്.