പഴയ പാർലമെന്റ് ഇനി ചരിത്രം; പുതിയ മന്ദിരത്തിന്റെ വിശേഷങ്ങളറിയാം

5000 ചതുരശ്ര മീറ്റർ ചുറ്റളവിൽ തൃകോണാകൃതിയിലുള്ള രൂപഘടനയിലാണ് മന്ദിരം നിർമ്മിച്ചിരിക്കുന്നത്

dot image

പുതിയ പാർലമെന്റ് മന്ദിരം ആദ്യ സമ്മേളനത്തിന് വേദിയാകാൻ ഒരുങ്ങി കഴിഞ്ഞു. കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പുതിയ മന്ദിരത്തിൽ ദേശീയ പതാക ഉയർത്തിയിരുന്നു. പുതിയ മന്ദിരത്തിൽ പുത്തന് പ്രതീക്ഷയോടെ പ്രവേശിക്കാമെന്നാണ് പ്രധാനമന്ത്രി ഇന്ന് പാര്ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞതും. പഴയപാർലമെന്റ് മന്ദിരത്തിലെ അവസാന സഭാ സമ്മേളനമാണ് ഇന്ന് നടക്കുന്നത്.

പഴയ പാർലമെന്റ് മന്ദിരത്തിന്റെ ചരിത്രം

1912-13 കാലഘട്ടത്തിൽ ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിന്റെ മാതൃകയിൽ ബ്രിട്ടീഷ് വാസ്തുശില്പികളായ സർ എഡ്വിൻ ല്യൂട്ടൻസ്, ഹെർബർട്ട് ബേക്കർ എന്നിവരാണ് പാർലമെന്റ് മന്ദിരത്തിൻ്റെ രൂപകൽപന നിർവഹിച്ചത്. 1918ൽ കെട്ടിടത്തിന് വൃത്താകൃതിയിലുള്ള ഘടന മതിയെന്ന് തീരുമാനമായി. ഇത് കൊളോസിയം മാതൃകയിലുള്ള ഒരു രൂപം കെട്ടിടത്തിന് ലഭിക്കാൻ സഹായിക്കുമെന്നായിരുന്നു അവർ കരുതിയത്. എന്നാൽ മധ്യപ്രദേശിലെ ചൗസത്ത് യോഗിണി ക്ഷേത്രത്തിന്റെ ഘടനയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പാർലമെന്റ് കെട്ടിടത്തിന് വൃത്താകൃതി നല്കിയതെന്നൊരു പ്രചാരണമുണ്ട്. പക്ഷേ ഇതിനെ സാധൂകരിക്കുന്ന ചരിത്രരേഖകൾ ലഭ്യമല്ല.

1921 ൽ രണ്ടായിരത്തി അഞ്ഞൂറോളം കല്പണിക്കാരും തൊഴിലാളികളും ചേർന്ന് കല്ലുകളും മാർബിളുകളും രൂപഘടന വരുത്തുന്ന ജോലികള് ആരംഭിച്ചു. ക്രെയിൻ ഉൾപ്പടെ അന്ന് ലഭ്യമായ സാങ്കേതിക വിദ്യയുടെ ഉപയോഗവും ഒപ്പം അക്ഷീണം പ്രവർത്തിക്കുന്ന തൊഴിലാളികളും കൂടി ആയപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അദ്ഭുതകരമായ വേഗം കൈവന്നു. 1922 അപ്പോഴേക്കും കെട്ടിടത്തിന്റെ ഫൗണ്ടേഷൻ നിർമ്മാണം പൂർത്തിയായി. 1923ൽ നോർത്ത്-സൗത്ത് ബ്ലോക്കുകളുടെ നിർമ്മണം വളരെ മുന്നോട്ട് പോവുകയും കൗൺസിലിന്റെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. 1927 ജനുവരി 18 ന് ഇന്ത്യൻ വൈസ്രോയി ഇർവിൻ പ്രഭു മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കൗൺസിൽ ഹൗസ് എന്നായിരുന്നു മന്ദിരത്തിന് പേര് നൽകിയത്.

ബ്രിട്ടീഷ് ഗവണ്മെന്റിനു കീഴില് കേന്ദ്ര നിയമസഭയുടെ മൂന്നാമത്തെ സെഷൻ 1927 ജനുവരി 19 ന് ഈ മന്ദിരത്തിൽ നടന്നു. സ്വാതന്ത്ര്യത്തിന് ശേഷം 1950 വരെ മന്ദിരം ഭരണഘടനാ അസംബ്ലിയുടെ ആസ്ഥാനമായി പ്രവർത്തിച്ചു. രാജേന്ദ്ര പ്രസാദിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ ഭരണഘടന രൂപീകരിച്ചതും ഈ മന്ദിരത്തിലാണ്. 1956 ആയപ്പോഴേക്കും കെട്ടിടത്തിൽ രണ്ട് നിലകൾ കൂടി കൂട്ടിച്ചേർത്തു. കൂടുതൽ സ്ഥലം ആവശ്യമായതിനാലായിരുന്നു ഈ നവീകരണം. തുടർന്നുള്ള വർഷങ്ങളിൽ എയർ കണ്ടീഷണറുകൾ, ഡിജിറ്റൽ സ്ക്രീനുകൾ, ഡിജിറ്റൽ വോട്ടിംഗ് സംവിധാനം എന്നിങ്ങനെയുള്ള നവീകരണങ്ങളുമുണ്ടായി. 2006 ൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ ബൃഹത്തായ ചരിത്രം ആലേഖനം ചെയ്യുന്നതിനായി പാർലമെന്റ് മ്യൂസിയവും കൂട്ടിചേർത്തു.

പുതിയ കെട്ടിടത്തിന്റെ ആവശ്യകത

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ അനിവാര്യത സംബന്ധിച്ച് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ വാദങ്ങൾ ഇവയാണ്;-

പഴയ കെട്ടിടത്തിന് നൂറ് വർഷത്തിലധികം പഴക്കമുണ്ട്. ആ കെട്ടിടത്തിന്റെ യഥാർത്ഥ രൂപരേഖയോ മറ്റ് വിവരങ്ങളോ നിലവിൽ ലഭ്യമല്ല. പഴയ കെട്ടിടം ഇരുസഭകളെയും ഉൾകൊള്ളാൻ പാകത്തിന് ഉള്ളതായിരുന്നില്ല. 1971 ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ ലോക്സഭാ സീറ്റുകളുടെ എണ്ണം 545 ആയിരുന്നു. എന്നാൽ 2026 ന് ശേഷം ഇത് കാര്യമായി ഉയരാൻ ഇടയുള്ള സാഹചര്യത്തിൽ പുതിയ കെട്ടിടം എന്നത് ആവശ്യകതയാകുന്നു. നിലവിൽ രണ്ടാം നിരയ്ക്കപ്പുറം ഡസ്ക്കുകൾ ഇടാൻപോലും കഴിയാത്ത അവസ്ഥയുണ്ട്. സെൻട്രൽ ഹാളിന്റെ നിലവിലെ ശേഷി 440 അംഗങ്ങളെ ഉൾക്കൊള്ളാൻ മാത്രം പാകത്തിന് ഉള്ളതാണ്.

സംയുക്ത സഭകൾ ഒത്തുചേരുന്ന സാഹചര്യത്തിൽ സീറ്റുകളുടെ പോരായ്മ അംഗങ്ങളുടെ സുഗമമായ സഞ്ചാരത്തിനും സുരക്ഷയ്ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

കഴിഞ്ഞവർഷങ്ങളിൽ പലപ്പോഴായി ജലവിതരണ ലൈനുകൾ, എ സി കൾ, അഗ്നി സുരക്ഷാസജ്ജീകരണങ്ങൾ, സിസിടിവി എന്നിവ സ്ഥാപിച്ചപ്പോൾ അവ കെട്ടിടത്തിന്റെ മൊത്തത്തിലുള്ള സൗകര്യങ്ങളെയും ഭംഗിയെയും ബാധിച്ചു.ഡൽഹി സെയ്സ്മിക് സോൺ 2 ലുള്ള കാലത്ത് നിർമ്മിച്ചതാണ് പഴയ കെട്ടിടം. എന്നാൽ നിലവിൽ ഡൽഹി സെയ്സ്മിക് സോൺ 4 ലാണ്. ഉദ്യോഗസ്ഥർക്ക് ആവശ്യമായ തൊഴിലിടങ്ങളുടെ ലഭ്യത കുറവും പുതിയ പാർലമെന്റ് മന്ദിര നിർമ്മാണത്തിന് കാരണമാണ്.

പുതിയ മന്ദിരത്തിന്റെ സവിശേഷതകൾ

പഴയ പാർലമെന്റ് മന്ദിരത്തിന് സമീപത്തായാണ് പുതിയ മന്ദിരം സ്ഥിതി ചെയ്യുന്നത്. 65000 ചതുരശ്ര മീറ്റർ ചുറ്റളവിൽ തൃകോണാകൃതിയിലുള്ള രൂപഘടനയിലാണ് മന്ദിരം നിർമ്മിച്ചിരിക്കുന്നത്. ബിമൽ പട്ടേൽ എന്ന ആർക്കിടെക്ടാണ് പുതിയ മന്ദിരത്തിന്റെ ഡിസൈൻ രൂപകല്പന ചെയ്തത്. 888 അംഗങ്ങളെ ഉൾകൊള്ളാൻ കഴിയുന്ന ലോക്സഭയും 384 സീറ്റുകൾ അടങ്ങുന്ന രാജ്യസഭയുമാണുള്ളത്. സംയുക്ത സമ്മേളനങ്ങളുടെ സമയത്ത് 1272 അംഗങ്ങൾക്ക് വരെ ഇരിക്കാൻ കഴിയും. പാരിസ്ഥിതിക സുസ്ഥിരതയിൽ ഊന്നിയുള്ള നിർമ്മാണം നടന്നിരിക്കുന്നത് എന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.

ഭിന്നശേഷിക്കാർക്കായി സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് മന്ദിരം നിർമ്മിച്ചിരിക്കുന്നത്. അംഗങ്ങൾക്ക് പരസ്പരം ഇടപഴകാൻ പൊതുസ്ഥലമായി സെൻട്രൽ ലോഞ്ച് ഉണ്ടാകും. ഇതിന്റെ തുറസ്സായ മുറ്റത്ത് ദേശീയവൃക്ഷമായ ആൽമരവുമുണ്ടാകും. ദേശീയ പുഷ്പമായ താമരയുടെ മാതൃകയിലാണ് രാജ്യസഭയുടെ ഡിസൈൻ പശ്ചാത്തലം. ദേശീയ പക്ഷിയായ മയിലിന്റെ മാതൃകയിലാണ് ലോക്സ്ഭയുടെ ഡിസൈൻ പശ്ചാത്തലം. 9500 കിലോഗ്രാം ഭാരവും 6.5 മീറ്റർ ഉയരവുമുള്ള അശോക സ്തൂപവുമുണ്ട്. മുൻപ് പാർലമെന്റ് മന്ദിരത്തിന്റെ മുൻപിലായി ഉണ്ടായിരുന്ന 16 അടി ഉയരം വരുന്ന ഗാന്ധി പ്രതിമ പഴയ മന്ദിരത്തിന് ആമുഖമായി സ്ഥാപിച്ചു.

പുതിയ സഭയിലെ നടപടികളെല്ലാം ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചായിരിക്കും നടക്കുക. 10 പേർക്ക് വരെ ഇരിക്കാൻ കഴിയുന്ന നീണ്ട വരികൾക്ക് പകരം രണ്ടോ മൂന്നോ പേർക്ക് ഇരിക്കാൻ കഴിയുന്ന രീതിയിൽ മഹാരാഷ്ട്ര നിയമസഭയുടെ മാ തൃകയിലാണ് മന്ദിരത്തിലെ സീറ്റിങ് ക്രമീകരണം. സുരക്ഷയും കാര്യക്ഷമതയും കേന്ദ്രീകരിച്ചുകൊണ്ട് ഏറ്റവും പുതിയ ആശയ വിനിമയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഓഫീസുകൾ നിർമ്മിച്ചിരിക്കുന്നത്. പുതിയ കെട്ടിടത്തിലേക്ക് പൊതുജനങ്ങൾക്കും പ്രവേശനം ഉണ്ടാകും.

സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപത്തായി ചെങ്കോൽ

അധികാര കൈമാറ്റത്തിന്റെ അടയാളമായാണ് കേന്ദ്ര സർക്കാർ ഈ ചെങ്കോലിനെ വിശേഷിപ്പിക്കുന്നത്. ഈ ചെങ്കോൽ തമിഴ്നാട്ടിലെ ആഭരണശാലയിൽ നിർമിച്ച് രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിന് ബ്രിട്ടീഷ് വൈസ്രോയ് അധികാര കൈമാറ്റത്തിന്റെ അടയാളമായി സമർപ്പിച്ചു എന്ന് പറയപ്പെടുന്നു. ഇത്രയും കാലം ചെങ്കോൽ ഉത്തർപ്രദേശിലെ പ്രയാഗ് രാജിലെ മ്യൂസിയത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. നിലവിലെ ഇതിന്റെ വില ഏകദേശം 70 മുതൽ 75 ലക്ഷം വരെയാണ്.

എന്നാൽ വൈസ്രോയിയേയും നെഹ്റുവിനെയും ചെങ്കോലിനെയും കേന്ദ്രീകരിച്ചുള്ള കഥകള്ക്ക് ചരിത്ര രേഖകൾ ഇല്ലെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ചെങ്കോൽ രാജഭരണത്തിന്റെ അടയാളമാണെന്ന് ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവൻ വിമർശിച്ചിരുന്നു.

പുതിയ പാർലമെന്റ് മന്ദിര നിർമ്മാണത്തിനെതിരെ വന്ന വിമർശനങ്ങൾ

കൊവിഡ് കാലത്ത് അതിനേക്കാൾ പ്രാധാന്യം നൽകിയാണ് മന്ദിരം നിർമ്മിച്ചത് എന്ന വിമർശനം ഉയർന്നിരുന്നു. ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിച്ചില്ലെന്ന വിമർശനവും വന്നിരുന്നു. ചടങ്ങിലെ ഹിന്ദുത്വ ആചാരങ്ങളുടെ അതിപ്രസരവും സവർക്കറുടെ ജന്മദിനം ചടങ്ങിനായി തിരഞ്ഞെടുത്തത് ഹിന്ദുത്വ രാഷ്ട്രത്തിനുള്ള തറക്കൽ ഇടലാണെന്ന ആക്ഷേപവുമയർന്നിരുന്നു. ഇത് ചരിത്രം പുനർനിർമ്മിക്കാനുള്ള ശ്രമമാണെന്നും പലരും വിമർശിച്ചു.

dot image
To advertise here,contact us
dot image