ചൈനീസ് ഫണ്ടിങ് ആരോപണം; ന്യൂസ്‌ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ഇരുവരെയും 10 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു
ചൈനീസ് ഫണ്ടിങ് ആരോപണം; ന്യൂസ്‌ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
Updated on

ന്യൂഡൽഹി: ചൈന ബന്ധമാരോപിച്ച് ഡൽഹി സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്ത ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെയും മാനവവിഭവശേഷി വകുപ്പ് മേധാവി അമിത് ചക്രവർത്തിയെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇരുവരെയും ഡൽഹി കോടതി 10 ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്.

ഇന്ന് ഉച്ചയ്ക്ക് 2.50 ഓടെയാണ് ഇരുവരെയും അഡീഷണൽ സെഷൻസ് ജഡ്ജി ഹർദീപ് കൗറിന് മുന്നിൽ ഹാജരാക്കിയത്. ഇരുവരെയും 10 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രഥമദൃഷ്ട്യാ തന്റെ കക്ഷിക്കെതിരെ ഒരു കേസും എടുത്തിട്ടില്ലെന്ന് വാദിച്ച പ്രബീർ പുരകായസ്തയുടെ അഭിഭാഷകൻ ഇതിനെ ശക്തമായി എതിർത്തു.

അമിത് ചക്രവർത്തി ഒരു മാധ്യമപ്രവർത്തകനല്ലെന്നും പ്രതിഫലം വാങ്ങിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. കശ്മീരും അരുണാചൽ പ്രദേശും ഒഴിവാക്കിയ ഭൂപടം ന്യൂസ്‌ക്ലിക്ക് പ്രസിദ്ധീകരിച്ചതായി ഒരു ആരോപണവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കേസിൽ ഇപ്പോഴും തെളിവുകൾ ശേഖരിക്കുകയാണെന്നും നീതിപൂർണ്ണമായി തന്നെയാണ് ഇരുവരെയും കസ്റ്റഡിയിൽ ആവശ്യപ്പെടുന്നതെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ പറഞ്ഞു.

ഒക്‌ടോബർ മൂന്നിനാണ് പുർകയസ്തയെയും ചക്രവർത്തിയെയും ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ ന്യൂസ്‌ക്ലിക്കിന്റെ ഓഫീസും പൊലീസ് സീൽ ചെയ്തിരുന്നു. വിവിധ ആരോപണങ്ങളാണ് പ്രബീർ പുരകായസ്തയ്ക്കെതിരെ എഫ്ഐആറിൽ പറയുന്നത്.

ജമ്മു കശ്മീരിനേയും അരുണാചൽ പ്രദേശിനേയും ഇന്ത്യയുടെ ഭാ​ഗമല്ലെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചു, ഇതിനായി വിദേശഫണ്ടിലൂടെ 115 കോടിയിലധികം രൂപ പ്രതിഫലമായി സ്വീകരിച്ചു, 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു, ഭീമാ കൊറേഗാവ് കേസിൽ വിചാരണ നേരിടുന്ന ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാഖയുമായി 1991 മുതൽ സൗഹൃദമുണ്ടെന്ന കാര്യങ്ങളും എഫ്ഐആറിൽ പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com