മഹുവ മൊയ്ത്രയുടെ ചോദ്യങ്ങൾ പണം വാങ്ങിയുള്ളതെന്ന് ആരോപണം; പിന്നിൽ അദാനിയുടെ എതിരാളിയെന്നും ബിജെപി

അദാനിയുടെ ഓഹരി കുംഭകോണം അന്വേഷിച്ച ശേഷം സിബിഐക്ക് അന്വേഷണം ആരംഭിക്കാമെന്നും മഹുവ മൊയ്ത്ര പരിഹസിച്ചു

dot image

ന്യൂഡൽഹി: തൃണമൂൽ എംപി മഹുവ മൊയ്ത്രയ്ക്കെതിരെ ആരോപണവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിന് വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് മഹുവ മൊയ്ത്ര പണം കൈപ്പറ്റിയെന്നാണ് ബിജെപി എംപിയുടെ ആരോപണം. പിന്നാലെ താൻ അന്വേഷണങ്ങൾക്ക് സിബിഐയെ സ്വാഗതം ചെയ്യുന്നതായും അദാനിയുടെ ഓഹരി കുംഭകോണം അന്വേഷിച്ച ശേഷം സിബിഐക്ക് അന്വേഷണം ആരംഭിക്കാമെന്നും മഹുവ മൊയ്ത്ര പരിഹസിച്ചു.

മഹുവ മൊയ്ത്രയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തെഴുതിയിരുന്നു. പണം വാങ്ങിയതിന് മഹുവ മൊയ്ത്രയെ ഉടൻ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് കത്തിൽ പറയുന്നു. ഒരു അഭിഭാഷകന്റെ ഗവേഷണ പ്രവർത്തനങ്ങൾ ഉദ്ധരിച്ച് നിഷികാന്ത് ദുബെ പറഞ്ഞു, മഹുവ മൊയ്ത്ര സമീപകാലത്ത് ചോദിച്ച 61 ചോദ്യങ്ങളിൽ 50 എണ്ണവും ദർശൻ ഹിരാനന്ദാനിയുടെയും അദ്ദേഹത്തിന്റെ കമ്പനിയുടെയും ബിസിനസ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു എന്ന് അദ്ദേഹം ആരോപിച്ചു. മഹുവ മൊയ്ത്രയുടെ ചോദ്യങ്ങൾ പലപ്പോഴും ഹിരാനന്ദാനി ബിസിനസ് എതിരാളികളായ അദാനി ഗ്രൂപ്പിനെ കേന്ദ്രീകരിച്ചായിരുന്നു എന്നും കത്തിൽ പറയുന്നു.

പാർലമെന്റ് സമ്മേളനം ഉണ്ടാകുമ്പോഴെല്ലാം മൊഹുവ മൊയ്ത്രയുടെയും സൗഗത റോയിയുടെയും നേതൃത്വത്തില് തൃണമൂൽ കോൺഗ്രസ് അംഗങ്ങള് സഭാ നടപടികൾ തടസ്സപ്പെടുത്തുന്നത് പതിവാണ്. മറ്റു പാർലമെന്റംഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്ന ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് എന്തിനാണ് എന്ന് താൻ ഉൾപ്പടെയുളളവർ ആശയക്കുഴപ്പത്തിലായിട്ടുണ്ട്. ഒരു ബിസിനസുകാരനിൽ നിന്ന് പണം വാങ്ങി ചോദ്യങ്ങൾ ഉന്നയിക്കുന്ന മഹുവ മൊയ്ത്രയുടെ മുഖംമൂടി അഴിഞ്ഞുവീണതായി അദ്ദേഹം പറഞ്ഞു. അവർ പറയുന്ന ധാർമ്മികത വ്യാജമാണെന്നും ഫയർബ്രാൻഡ് എംപി എന്ന് അഭിസംബോധന ചെയ്യുന്നത് അവർ ഏറെ ആസ്വദിക്കാറുണ്ടെന്നും കത്തിൽ പറയുന്നു.

ഇതിന് പിന്നാലെയാണ് ആരോപണങ്ങൾക്ക് മറുപടിയുമായി മഹുവ മൊയ്ത്ര രംഗത്തെത്തിയത്. തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് സമയം പാഴാക്കരുത്. നിങ്ങളുടെ അഭിഭാഷകരെ വിവേകത്തോടെ ഉപയോഗിക്കുക എന്ന് തൃണമൂൽ എംപി പറഞ്ഞു. താൻ സിബിഐയെ സ്വാഗതം ചെയ്യുന്നു. അദാനിയുടെ ഓഹരി കുംഭകോണത്തെക്കുറിച്ചും ബിനാമി അക്കൗണ്ടുകളെക്കുറിച്ചുമുളള അന്വേഷണങ്ങൾക്ക് ശേഷം തന്നെക്കുറിച്ച് അന്വേഷിക്കാമെന്ന് മഹുവ മൊയ്ത്ര പരിഹസിച്ചു. മഹുവയുടെ ചില ചിത്രങ്ങൾ പ്രചരിച്ചതിനെ പിന്നാലെയാണ് ബിജെപി എംപി ആരോപണവുമായെത്തിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us