വീരപ്പന്‍ വേട്ടയുടെ മറവിലെ കൂട്ടബലാത്സംഗം, വാച്ചാത്തി സിനിമയാവുന്നു; സംവിധായികയായി രോഹിണി

ഭരണകൂട ഭീകരതയുടെ അടയാളമായി മാറിയ വാച്ചാത്തി സംഭവം തമിഴില്‍ സിനിമയാകുന്നു.
വീരപ്പന്‍ വേട്ടയുടെ മറവിലെ കൂട്ടബലാത്സംഗം, വാച്ചാത്തി സിനിമയാവുന്നു; സംവിധായികയായി രോഹിണി
Updated on

ചെന്നൈ: വീരപ്പന്‍ വേട്ടയുടെ മറവില്‍ ഭരണകൂട ഭീകരത അരങ്ങേറിയ വാച്ചാത്തി സംഭവം തമിഴില്‍ സിനിമയാകുന്നു. ജയലളിത സര്‍ക്കാര്‍ ഒരു ആദിവാസി ഗ്രാമത്തോട് ചെയ്ത ക്രൂരതയും അതിന് ഇരയായ സ്ത്രീകള്‍ നടത്തിയ ചെറുത്തുനില്‍പ്പുമാണ് സിനിമയാവുന്നത്. സിനിമാപ്രവര്‍ത്തക രോഹിണിയാണ് സംവിധാനം. തിരക്കഥയൊരുക്കുന്നത് പ്രമുഖ തമിഴ് സാഹിത്യകാരനും തമിഴ്‌നാട് മുര്‍പോക്ക് എഴുത്തോളര്‍ കലൈഞ്ജര്‍ സംഘം ജനറല്‍ സെക്രട്ടറിയുമായ ആദവന്‍ ദീക്ഷണ്യയാണ്. ചിത്രീകരണം ആരംഭിച്ചിട്ടില്ല.

1992 ജൂണ്‍ 20 നാണ് വാച്ചാത്തിയില്‍ ഭരണകൂട ക്രൂരത നടക്കുന്നത്. വീരപ്പന്‍ വേട്ടയുടെ മറവില്‍ ധര്‍മപുരിയിലെ ചിത്തേരി മലനിരകളുടെ താഴ്വരയിലുള്ള വാച്ചാത്തി എന്ന ആദിവാസി ഗ്രാമത്തിലേക്ക് വനംവകുപ്പിലെയും പോലീസിലെയും 269 ഉദ്യോഗസ്ഥര്‍ സായുധരായി കുതിച്ചെത്തി. കണ്ണില്‍ കണ്ടവരെയെല്ലാം ക്രൂരമായി മര്‍ദിച്ചു. 154 ഓളം വീടുകള്‍ ചുട്ടെരിച്ചു. പുരുഷന്‍മാര്‍ ജീവനുംകൊണ്ട് ഓടിയതോടെ സ്ത്രീകളെ കൂട്ടബലാല്‍സംഗം ചെയ്തു. രണ്ട് ദിവസത്തോളം അവിടെ തമ്പടിച്ച ഉദ്യോഗസ്ഥ സംഘം മനുഷ്യത്വത്തിന്റെ ഒരു കണികപോലും കാണിക്കാതെ ആ ഗ്രാമം ചുട്ടുചാമ്പലാക്കി. വളര്‍ത്തുമൃഗങ്ങളെ വരെ ചുട്ടുകൊന്നു. പോരാത്തതിന് സ്ത്രീകളും കുട്ടികളുമടങ്ങുന്ന 133 ഗ്രാമീണരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും ചെയ്തു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ നടന്ന ഏറ്റവും ഭീകരമായ ഭരണകൂടവേട്ടകളിലൊന്നായിരുന്നു വാച്ചാത്തിയില്‍ അരങ്ങേറിയത്. സായുധരായ ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെ ഓടി രക്ഷപ്പെട്ട് ദിവസങ്ങളോളം കാട്ടില്‍ കഴിഞ്ഞ ഗ്രാമീണര്‍ വഴിയാണ് ഈ കൊടുംക്രൂരതകളുടെ വിവരങ്ങള്‍ പുറംലോകമറിയുന്നത്.

മൂന്ന് പതിറ്റാണ്ടിന് ശേഷം ഇക്കഴിഞ്ഞ സെപ്തംബര്‍ 29 ന് മദ്രാസ് ഹൈക്കോടതി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരായ ശിക്ഷ ശരിവെച്ചത് വലിയ വാര്‍ത്തയായി മാറിയിരുന്നു. തമിഴ്നാട്ടിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ചരിത്രപരമായ നിയമപോരാട്ടത്തിന് നേതൃത്വം നല്‍കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com