താമര വിരിഞ്ഞ ഹൃദയഭൂമികയിൽ റാണി വീണ്ടുമെത്തുമോ; വസുന്ധര രാജ സിന്ധ്യ മുഖ്യമന്ത്രി പദത്തിലേക്കോ?

കഴിഞ്ഞ കുറച്ചുകാലമായി ബിജെപി വസുന്ധരയെ പിന്തുണയ്ക്കുന്നത് ഈ ലക്ഷ്യം മുൻനിർത്തിയാണോ? രാജസ്ഥാനിലെ ജനങ്ങളെ സ്വാധീനിക്കാൻ റാണിയോളം ആർജവം പാർട്ടിയിൽ മറ്റാർക്കുമില്ലെന്ന ബോധ്യത്തിലേക്ക് നേതൃത്വം എത്തുമോ? കാത്തിരുന്ന് കാണാം.......
താമര വിരിഞ്ഞ ഹൃദയഭൂമികയിൽ റാണി വീണ്ടുമെത്തുമോ; വസുന്ധര രാജ സിന്ധ്യ മുഖ്യമന്ത്രി പദത്തിലേക്കോ?
Updated on

രാജസ്ഥാനിൽ താമര വിരിയുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അശോക് ​ഗെഹ്ലോട്ടിനായി ഒരു മാജിക്കും ഇനി അവശേഷിക്കുന്നില്ലെന്ന് കോൺ​ഗ്രസ് ക്യാമ്പിനും ബോധ്യമായി. കോൺ​ഗ്രസ് സർക്കാരിനോടുള്ള ഭരണവിരുദ്ധ വികാരം വോട്ടായി മാറിയതോടെ ബിജെപി സംസ്ഥാനം തിരിച്ചുപിടിക്കുകയാണ്, അതും വൻ ഭൂരിപക്ഷത്തിൽ. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ഒരു സംശയം ഉയർന്നുകേൾക്കുന്നത്, വസുന്ധര രാജ സിന്ധ്യ മുഖ്യമന്ത്രിയാകുമോ?

മുമ്പ് രണ്ട് തവണ മുഖ്യമന്ത്രിയായിരുന്നു വസുന്ധര രാജ സിന്ധ്യ. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി 'റാണി'യെ പാർട്ടി വേണ്ടത്ര ​ഗൗനിച്ചിരുന്നില്ല. പാർട്ടിക്കുള്ളിലെ എതിരാളികൾ അവരെ ബിജെപിയുടെ മുഖമായി അവതരിപ്പിക്കുന്നതിനെ എതിർത്തു എന്നാണ് വിവരം. മുൻ മുഖ്യമന്ത്രിമാരെ സംരക്ഷിക്കുന്ന പതിവ് ബിജെപിക്കില്ല എന്നതും 'റാണി'ക്ക് തിരിച്ചടിയായി. എന്നാൽ, നിലവിൽ ബിജെപി ദേശീയ വൈസ് പ്രസിഡന്റായ വസുന്ധര തന്റെ സാന്നിധ്യം നിരന്തരം അടയാളപ്പെടുത്തിക്കൊണ്ടേയിരുന്നു.

താമര വിരിഞ്ഞ ഹൃദയഭൂമികയിൽ റാണി വീണ്ടുമെത്തുമോ; വസുന്ധര രാജ സിന്ധ്യ മുഖ്യമന്ത്രി പദത്തിലേക്കോ?
'മെയിൻ ശിവരാജ് ഹൂൺ'; മധ്യപ്രദേശിൽ തള്ളിക്കളയാനാകാത്ത 'മാമാജി' ഫാക്ടര്‍

അനുയായികൾ മേഡം എന്ന് അഭിസംബോധന ചെയ്യുന്ന വസുന്ധര രാജ സിന്ധ്യ 2003ൽ സംസ്ഥാനത്ത് ബിജെപിക്ക് സമ്മാനിച്ചത് തകർപ്പൻ വിജയമായിരുന്നു. 2013ലും വസുന്ധരയുടെ പേര് മുൻനിർത്തി പോരാട്ടത്തിനിറങ്ങിയ പാർട്ടി 200ൽ 163 സീറ്റുകൾ നേടി അധികാരത്തിലെത്തി. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണത്. എന്നാൽ, സംസ്ഥാനത്തെ പാർട്ടി മീറ്റിങ്ങുകളിൽ ദേശീയ അധ്യക്ഷൻ ജെ പി നദ്ദയടക്കം വസുന്ധരയെയും അവർ പാർട്ടിക്ക് നൽകിയ സംഭാവനകളെയും സൗകര്യപൂർവ്വം വിസ്മരിച്ചു.

കുറച്ചുകാലം പിന്നണിയിൽ ഒതുങ്ങിയെങ്കിലും കഴിഞ്ഞയിടക്ക് വസുന്ധര വീണ്ടും പൊതുവിടങ്ങളിൽ സജീവമായി. മതപരമായ യാത്രകളുമായി അവർ സംസ്ഥാനത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ സഞ്ചരിച്ചു. വസുന്ധരയെ കാണാനായി അണികൾ തടിച്ചുകൂടി. അങ്ങനെ തന്റെ അപ്രമാദിത്തം അവർ തെളിയിച്ചു. രാജസ്ഥാനെ ഒരിക്കൽ കൂടി കൈപ്പിടിയിലൊതുക്കാനാവുമെന്ന് അവർ ആത്മവിശ്വാസം നേടി. ഇപ്പോൾ രാജസ്ഥാന്റെ വരണ്ട ഭൂമികയിൽ വീണ്ടും താമര വിരിയുമ്പോൾ ആ ആത്മവിശ്വാസത്തിന് പ്രതീക്ഷ ഊർജമാകുന്നു.

താമര വിരിഞ്ഞ ഹൃദയഭൂമികയിൽ റാണി വീണ്ടുമെത്തുമോ; വസുന്ധര രാജ സിന്ധ്യ മുഖ്യമന്ത്രി പദത്തിലേക്കോ?
രാജസ്ഥാനും 'കൈ'വിട്ടു; മൂന്നിടത്ത് ബിജെപി, തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസം

പക്ഷേ എതിരാളികളെ വസുന്ധര കാണാതിരിക്കുന്നില്ല. പാർട്ടി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയയും കേന്ദ്രമന്ത്രി ​ഗജേന്ദ്ര സിം​ഗ് ശെഖാവത്തുമൊക്കെ മുഖ്യമന്ത്രി കസേരയ്ക്കായുള്ള ഓട്ടത്തിൽ വസുന്ധരയ്ക്കൊപ്പമുണ്ട്. ബിജെപിയിലെ ലാളിത്യമുള്ള മുഖം എന്നാണ് വസുന്ധര പരക്കെ അറിയപ്പെടുന്നത്. രാജപ്രൗഢി കൂടി അതിനൊപ്പം ചേർക്കുന്നതോടെ അടൽ ബിഹാരി വാജ്പേയിയുടെയും എൽ കെ അദ്വാനിയുടെയും കാലത്ത് തന്നെ അടയാളപ്പെടുത്തപ്പെട്ട വ്യക്തിപ്രഭാവത്തിന് മാറ്റ് കൂടുമെന്നാണ് വസുന്ധര അനുകൂലികളുടെ പക്ഷം.

ആദ്യഘട്ട പ്രചാരണങ്ങളിൽ പാർട്ടിയുടെ ഹിന്ദുത്വ മുഖത്തിന് പ്രധാന്യം കൊടുക്കാതെ സർക്കാരിന്റെ വികസന അജണ്ടയെയാണ് വസുന്ധര ഉയർത്തിക്കാട്ടിയത്. അശോക് ​ഗെഹ്ലോട്ട് സർക്കാരിനോട് വസുന്ധരയ്ക്കും അശോക് ​ഗെഹ്ലോട്ടിന് വസുന്ധരയോടും മൃദുസമീപനമാണെന്ന ആരോപണം എതിരാളികൾ പലവട്ടം ഉയർത്തി. വസുന്ധരയുടെ കാലത്തെ അഴിമതികളെക്കുറിച്ച് ​ഗെഹ്ലോട്ട് നിശബ്ദത പാലിച്ചതും ​ഗെഹ്ലോട്ടിനെതിരായ അഴിമതി ആരോപണങ്ങളിൽ വസുന്ധര ശബ്ദമുയർത്താഞ്ഞതും വിമർശകർ വിഷയമാക്കി. ഇതും നിലവിലെ മോദി കേന്ദ്രീകൃത ബിജെപിക്ക് അവർ അനഭിമതയാകാൻ കാരണമായി. എങ്കിലും കുറച്ചുകാലമായി ഹിന്ദുത്വ അനുകൂല ആശയങ്ങളുടെ പ്രചാരകയായി വസുന്ധര സ്വയം തിരുത്തപ്പെട്ടു. അശോക് ​ഗെഹ്ലോട്ട് സർക്കാരിനെ കുറ്റപ്പെടുത്താനും ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കാനും അവർ തയ്യാറായതിനെ നിലപാടുമാറ്റമായി രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തി. പിന്നാലെ കോൺ​ഗ്രസിന്റേത് പ്രീണന രാഷ്ട്രീയമാണ് എന്ന് അവർ നിരന്തരം വിമർശിച്ചു.

താമര വിരിഞ്ഞ ഹൃദയഭൂമികയിൽ റാണി വീണ്ടുമെത്തുമോ; വസുന്ധര രാജ സിന്ധ്യ മുഖ്യമന്ത്രി പദത്തിലേക്കോ?
'ചാക്കിട്ടുപിടിത്തം' നടക്കില്ല; ഒരു എംഎൽഎയ്ക്ക് ഒരു പ്രവർത്തകൻ തുണ, എല്ലാം ഡികെയുടെ പ്ലാനിം​ഗ്

ഇക്കുറി പാർട്ടിയും വസുന്ധര ക്യാംപിന് കൂടുതൽ പ്രാധാന്യം നൽ‌കി. വസുന്ധര പക്ഷത്ത് നിന്നുള്ള നിരവധി പേർക്ക് മത്സരിക്കാൻ അവസരം നൽകി. വസുന്ധരയുടെ ചില വിശ്വസ്തർ സീറ്റ് കിട്ടാഞ്ഞതിനെത്തുടർന്ന് സ്വതന്ത്രസ്ഥാനാർത്ഥികളുമായി. ആ പശ്ചാത്തലത്തിൽ വസുന്ധര മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിക്കാൻ സാധ്യത കൂടുതലാണ്.

മുഖ്യമന്ത്രി ആരാകും എന്ന ചോദ്യത്തിന് രാവിലെ മുൻ കേന്ദ്രമന്ത്രി കൂടിയായ രാജ്യവർധൻ സിംഗ് റാത്തോഡ് മറുപടി നൽകിയത് എല്ലാം പാർട്ടി തീരുമാനിക്കുമെന്നാണ്. നടന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സദ്ഭരണവും കോൺ​ഗ്രസിന്റെ ഭരണത്തകർച്ചയും തമ്മിലുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. "എല്ലാം ശരിയായ സമയത്ത് നടക്കും. ഫലം പുറത്തുവന്നുകഴിഞ്ഞാൽ പാർട്ടി നേതൃത്വം തീരുമാനിക്കും ആരാണ് മന്ത്രിസഭയെ നയിക്കേണ്ടതെന്ന്. അതൊരു കൂട്ടായ പരിശ്രമമാണ്. ആരെങ്കിലും നയിക്കും എന്നേയുള്ളു. അത് ആരാണെന്ന് ശരിയായ സമയത്ത് പാർട്ടി പ്രഖ്യാപിക്കും" എന്നാണ് രാജ്യവർധൻ സിം​ഗ് റാത്തോഡ് പറഞ്ഞത്.

-
താമര വിരിഞ്ഞ ഹൃദയഭൂമികയിൽ റാണി വീണ്ടുമെത്തുമോ; വസുന്ധര രാജ സിന്ധ്യ മുഖ്യമന്ത്രി പദത്തിലേക്കോ?
രേവന്ത് റെഡ്ഡി; ദ റിയല്‍ ആർആർ

ആരായിരിക്കും പാർട്ടി പ്രഖ്യാപിക്കുന്ന ആ ആൾ? കഴിഞ്ഞ കുറച്ചുകാലമായി ബിജെപി വസുന്ധരയെ പിന്തുണയ്ക്കുന്നത് ഈ ലക്ഷ്യം മുൻനിർത്തിയാണോ? രാജസ്ഥാനിലെ ജനങ്ങളെ സ്വാധീനിക്കാൻ റാണിയോളം ആർജവം പാർട്ടിയിൽ മറ്റാർക്കുമില്ലെന്ന ബോധ്യത്തിലേക്ക് നേതൃത്വം എത്തുമോ? കാത്തിരുന്ന് കാണാം.......

Related Stories

No stories found.
logo
Reporter Live
www.reporterlive.com