
ഭോപ്പാൽ: മധ്യപ്രദേശിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഒരു എംഎൽഎ ആണ് ഇപ്പോൾ വാർത്തയിലെ താരം. ഭാരത് ആദിവാസി പാർട്ടിയുടെ എംഎൽഎയായ കമലേശ്വർ ദോദിയാറാണ് നിയമസഭാ സാമാജികനായി ചുമതലയേൽക്കാൻ ഭോപ്പാലിലേക്ക് ബൈക്കിൽ പോയത്. തന്റെ ബൈക്ക് യാത്ര സോഷ്യൽ മീഡിയയിൽ പങ്കിട്ടതോടെയാണ് കമലേശ്വർ വാർത്തയിൽ ഇടംപിടിച്ചത്.
രത്ലം ജില്ലയിലെ സൈലാന എന്ന മണ്ഡലത്തിൽ നിന്നാണ് ബിഎപി പാർട്ടിയുടെ ഏക എംഎൽഎ ആയി ദോദിയാർ തിരഞ്ഞെടുക്കപ്പെട്ടത്. നാട്ടിൽ നിന്ന് തലസ്ഥാനത്തേക്ക് പോകാനായി കാർ ഏർപ്പാടാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അവസാനം അടുത്ത ബന്ധുവിന്റെ മോട്ടോർ ബൈക്ക് കടം വാങ്ങി അതിൽ എംഎൽഎ എന്ന ബോർഡും വച്ച് യാത്ര തുടങ്ങി. 330 കിലോമീറ്റർ ബൈക്കിൽ യാത്ര ചെയ്ത് ദോദിയാർ ഭോപ്പാലിലെത്തിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഭോപ്പാലിലെത്തിയ ദോദിയാറിന് എംഎൽഎമാരുടെ വിശ്രമകേന്ദ്രത്തിൽ താമസ സൗകര്യം ഒരുക്കിയിരുന്നു. തനിക്ക് എംഎൽഎ ആയി അധികാരമേൽക്കാനുള്ള നടപടി ക്രമങ്ങൾക്കായി ഭോപ്പാലിലേക്ക് പോകുകയാണെന്നും കാർ ഇല്ലാത്തതിനാൽ ബൈക്കിലാണ് യാത്രയെന്നും കാണിച്ച് ദോദിയാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. തനിക്ക് പോകും വഴിയിൽ വേണ്ട സുരക്ഷ ഒരുക്കണമെന്നും ദോദിയാർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ശിവ്രാജ് സിംഹ് ചൗഹാൻ, രത്ലം പൊലീസ് എന്നിവരെ ടാഗ് ചെയ്തായിരുന്നു ദോദിയാറിന്റെ പോസ്റ്റ്. തന്റെ ബൈക്ക് യാത്ര ഫേസ്ബുക്കിൽ ലൈവായി പങ്കിടുകയും ചെയ്തു. നിരവധിപ്പേരാണ് ദോദിയാറിനെ പ്രശംസിച്ച് രംഗത്തെത്തിയത്.
ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി; സുപ്രീംകോടതി വിധി തിങ്കളാഴ്ചദരിദ്ര കുടുംബത്തിലെ അംഗമായ ദോദിയാറിന് കാർ കടം വാങ്ങാനുള്ള സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിച്ചത് തന്നെ നാട്ടുകാരിൽ നിന്നും പണം കടം വാങ്ങിയാണ്. കോൺഗ്രസിന്റെ സിറ്റിങ്ങ് എംഎൽഎ ആയ വിജയ് ഗെലോട്ടിനെ 4.618 വോട്ടുകൾക്കാണ് ദോദിയാർ പരാജയപ്പെടുത്തിയത്. 230 അംഗങ്ങളുള്ള അസംബ്ലിയിൽ ബിജെപി 163 സീറ്റും കോൺഗ്രസ് 66 സീറ്റും ബിഎപി 1 സീറ്റുമാണ് നേടിയത്.