കമല്‍നാഥിന് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തലപ്പത്തേക്ക്; ആരാണ് ജിതു പത്‌വാരി?

രണ്ടാം തവണ, 2018 ല്‍ കമല്‍മനാഥ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ, കായിക യുവജന ക്ഷേമ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി
കമല്‍നാഥിന് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തലപ്പത്തേക്ക്; ആരാണ് ജിതു പത്‌വാരി?
Updated on

മധ്യപ്രദേശിലെ തോല്‍വിക്ക് പിന്നാലെ അധ്യക്ഷ സ്ഥാനത്തുനിന്ന് കമല്‍നാഥിനെ മാറ്റിയ കോണ്‍ഗ്രസ് പകരം ആ ചുമതലയേല്‍പ്പിച്ചിരിക്കുന്നത് ജിതു പത്‌വാരിയെയാണ്. ആരാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ ഈ പുതിയ രക്ഷകന്‍?

50 കാരനായ ജിതേന്ദ്ര പത്‌വാരി എന്ന ജിതു പത്‌വാരി റാവു വിധാന്‍ സഭയില്‍ നിന്ന് രണ്ട് തവണ നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചു. 2013ലെ ആദ്യ മത്സരത്തില്‍ തന്നെ വിജയിച്ചു. രണ്ടാം തവണ, 2018 ല്‍ കമല്‍നാഥ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ, കായിക യുവജന ക്ഷേമ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി.

നിലവില്‍ ഗുജറാത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ്. ഐഎന്‍സിയുടെ നാഷണല്‍ മീഡിയ പാനലിസ്റ്റുമാണ്. യുവജന പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങിയ ജിതു മധ്യപ്രദേശ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു.

2018ല്‍ കമല്‍നാഥിനെ മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി തിരഞ്ഞെടുത്തപ്പോള്‍ ജിതു പത്‌വാരിയെ വര്‍ക്കിംഗ് പ്രസിഡന്റായും തിരഞ്ഞെടുത്തിരുന്നു. രാഹുല്‍ ഗാന്ധിയുടെ 'ഗുഡ് ബുക്കി'ല്‍ ഇടം പിടിച്ച നേതാവാണ് ജിതു പത്‌വാരിയെന്നാണ് മധ്യപ്രദേശ് കോണ്‍ഗ്രസില്‍ പലരും കരുതുന്നത്.

1973 നവംബര്‍ 19ന് ഇന്‍ഡോറിലെ ബിജല്‍പൂരില്‍ ജനനം. എല്‍എല്‍ബിയില്‍ ബിരുദം നേടി. മുത്തച്ഛന്‍ കൊഡര്‍ലാല്‍ പത്വാരി ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. പിതാവ് രമേശ് ചന്ദ്ര പത്വാരി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗവും സജീവ പ്രവര്‍ത്തകനുമായിരുന്നു. മൂന്ന് തലമുറയുടെ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമുള്ള ജിതു പത്‌വാരിക്ക് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ സാധിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com