ന്യൂഡല്ഹി: ഇന്ഡ്യ മുന്നണിയുടെ കണ്വീനറെ അടുത്ത 10-15 ദിവസത്തിനുള്ളില് അറിയാമെന്ന കോണ്ഗ്രസ് അദ്ധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെയുടെ വാക്കുകള് നിരാശാജനകമെന്ന് ജെഡിയു മുഖ്യവക്താവ് കെ സി ത്യാഗി. ഇന്ഡ്യന് എക്സ്പ്രസിനോടാണ് ത്യാഗിയുടെ പ്രതികരണം.
ശനിയാഴ്ച മാധ്യമങ്ങളുടെ ചോദ്യത്തിന് കോണ്ഗ്രസ് അദ്ധ്യക്ഷന് നല്കിയ മറുപടി ചേര്ന്നുപോകുന്നതല്ല. നമ്മള് സമയത്തിന്റെ കാര്യത്തിലും ആശയത്തിന്റെ കാര്യത്തിലും വൈകിയാണ് പോകുന്നത്. ഇപ്പോള് നമുക്ക് തിരിച്ചുപിടിക്കാന് സമയമുണ്ട്. പക്ഷേ കരുത്തുറ്റ ഒരു ഇന്ഡ്യ മുന്നണിയെ കെട്ടിപ്പടുക്കുന്ന കാര്യത്തില് കോണ്ഗ്രസ് മുന്കൈ കാണിക്കണമെന്ന് കെ സി ത്യാഗി പറഞ്ഞു.
ഇന്ഡ്യ മുന്നണിയുടെ ഒരു യാത്ര പ്രഖ്യാപിക്കുന്നതിന് പകരം എന്ത് കൊണ്ട് കോണ്ഗ്രസ് സ്വന്തം നിലക്ക് യാത്ര പ്രഖ്യാപിച്ചു?. രാമക്ഷേത്ര പ്രതിഷ്ഠാ ദിനം നടത്തുന്നത് ബിജെപി ഉയര്ത്തുമ്പോള് ഇന്ഡ്യ മുന്നണി ജാതി സെന്സസും മറ്റ് ദേശീയ വിഷയങ്ങളും ഉയര്ത്തേണ്ടേ. കോണ്ഗ്രസ് തങ്ങളുടെ യാത്രയില് കേന്ദ്രീകരിക്കുന്നു. അതിന് പകരം എല്ലാ കക്ഷി നേതാക്കളും പങ്കെടുക്കുന്ന ഇന്ഡ്യ മുന്നണി യാത്രയാണ് ആവശ്യമായിരുന്നത്. ഭാരത് ജോഡോ ന്യായ് യാത്ര ആലോചിക്കുന്നതിന് മുമ്പ് കോണ്ഗ്രസ് മറ്റ് സഖ്യകക്ഷികളോട് സംസാരിച്ചില്ല. അവരുടെ യാത്രയെ സ്വാഗതം ചെയ്യുന്നു. പക്ഷേ ആരംഭിക്കാന് ഇത് നല്ല സമയമായിരുന്നില്ല. ഇന്ഡ്യ മുന്നണി ആശയക്കുഴപ്പത്തിലാണ്. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിന് ശേഷം ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല് എന്ത് ചെയ്യും. തങ്ങള്ക്ക് സീറ്റ് വിഭജനത്തിലോ അജണ്ടയിലോ നേതൃപദവികളിലോ ഇപ്പോഴും ഒരു ധാരണയില്ല. കോണ്ഗ്രസ് വല്യേട്ടന് മനോഭാവം വെടിയുകയും ഹൃദയവിശാലത കാണിക്കുകയും വേണമെന്നും കെ സി ത്യാഗി പറഞ്ഞു.