‌അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ്

സോണിയ ഗാന്ധി, മല്ലികാർജുൻ ഖാര്‍ഗെ, അധിർ രഞ്ജൻ ചൗധരി എന്നിവർ പങ്കെടുക്കില്ലെന്ന് കോൺ​ഗ്രസ്
‌അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ്
Updated on

ഡല്‍ഹി: അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺ​ഗ്രസ് പങ്കെടുക്കില്ല. സോണിയ ഗാന്ധി, മല്ലികാർജുൻ ഖാര്‍ഗെ, അധിർ രഞ്ജൻ ചൗധരി എന്നിവർ പങ്കെടുക്കില്ലെന്ന് കോൺ​ഗ്രസ് ഹൈക്കമാന്‍ഡ് അറിയിച്ചു. ചടങ്ങിനെ ബിജെപിയും ആർഎസ്എസും രാഷ്ട്രീയവൽകരിക്കുന്നുവെന്നും പങ്കെടുക്കില്ലെന്ന് അറിയിച്ച് കോൺ​ഗ്രസ് നേതൃത്വം പറഞ്ഞു.

അയോധ്യ പ്രതിഷ്ഠാ ചടങ്ങുകളില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ വിയോജിപ്പ് നിലനിന്നിരുന്നു. ക്ഷണം ലഭിച്ചതില്‍ അധിര്‍രജ്ഞന്‍ ചൗധരി വിയോജിപ്പ് അറിയിച്ചതായാണ് വിവരം. കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കും അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കും പുറമെ അധിര്‍രഞ്ജൻ ചൗധരിക്കാണ് ചടങ്ങിലേക്ക് ക്ഷണമുള്ളത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും ക്ഷണമുണ്ട്.

സോണിയാ ഗാന്ധി ചടങ്ങില്‍ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് അറിയിച്ചത്. സോണിയ നേരിട്ട് പങ്കെടുത്തില്ലെങ്കില്‍ പ്രതിനിധിയെ അയക്കുമെന്നായിരുന്നു പ്രതികരണം. ചടങ്ങിൽ പങ്കെടുക്കുന്നതിൽ കേരളത്തിലെ കോൺ​ഗ്രസ് നേതൃത്വവും വിയോജിപ്പ് അറിയിച്ചിരുന്നു.

പങ്കെടുക്കുന്നത് വ്യക്തിപരമെന്ന് ശശി തരൂര്‍ എംപി പ്രതികരിച്ചപ്പോള്‍ അക്കാര്യത്തില്‍ കെപിസിസി അല്ല, മറിച്ച് ഹൈക്കമാന്‍ഡാണ് തീരുമാനമെടുക്കേണ്ടത് എന്നായിരുന്നു അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചത്. ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാടെന്നും ഇക്കാര്യം എഐസിസിയെ അറിയിച്ചിട്ടുണ്ടെന്നും കെ മുരളീധരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com