ചെന്നൈ: തമിഴ്നാട്ടില് പഞ്ഞിമിഠായിയുടെ വില്പനയ്ക്കും ഉത്പാദനത്തിനും നിരോധനം ഏര്പ്പെടുത്തി സര്ക്കാര്. ക്യാന്സറിന് കാരണമായ രാസവസ്തുക്കള് അടങ്ങിയിട്ടുണ്ടെന്ന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ടെത്തലിന് പിന്നാലെയാണ് നിരോധനം ഏര്പ്പെടുത്തിയിരിക്കുന്നത്.
ചെന്നൈയ്ക്ക് സമീപത്തുള്ള ഗിണ്ടിയിലെ ലബോറട്ടറിയില് നിറമുള്ള പഞ്ഞിമിഠായിയുടെ സാമ്പിളുകള് പരിശോധിച്ചിരുന്നു. പരിശോധനയില് തുണികള്ക്ക് നിറം നല്കാന് ഉപയോഗിക്കുന്ന റോഡമൈൻ-ബി എന്ന ടോക്സിക്ക് കെമിക്കലിന്റെ സാന്നിധ്യം കണ്ടെത്തി. മനുഷ്യന് ഹാനികരമായ ഈ കെമിക്കൽ അടങ്ങിയ ഭക്ഷ്യ വസ്തുക്കളുടെ നിർമ്മാണം, പാർക്കിങ്, വിൽപ്പന, ഇറക്കുമതി, വിതരണം എന്നിവ നടത്തുന്നത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിയമപ്രകാരം കുറ്റകരമാണെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശവും നൽകിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പഞ്ഞിമിഠായിയിൽ റോഡമൈൻ-ബി എന്ന ടോക്സിക്ക് കെമിക്കലിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച പുതുച്ചേരിയിൽ പഞ്ഞിമിഠായിയുടെ വിൽപ്പനയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. തുടർന്ന് പഞ്ഞിമിഠായി വിൽക്കുന്ന എല്ലാ കടകളിലും പരിശോധന നടത്താൻ സർക്കാർ ഉദോഗ്യസ്ഥർക്ക് പുതുച്ചേരി ഗവർണർ നിർദേശം നൽകിയിരുന്നു. ടോക്സിക് കെമിക്കലിന്റെ സാന്നിധ്യം കണ്ടെത്തിയാൽ കടകൾ പൂട്ടണമെന്നും നിർദേശമുണ്ടായിരുന്നു. നിറങ്ങൾ അമിതമായ അളവിൽ ചേർത്ത ഭക്ഷ്യവസ്തുക്കൾ കുട്ടികൾക്ക് ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ജനങ്ങൾ ബോധവാന്മാരാകണമെന്നും ഗവർണർ പറഞ്ഞിരുന്നു.