മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാൾ അറസ്റ്റിൽ

കെജ്‌രിവാളിന്റെ വീട്ടില്‍ സെർച്ച് വാറന്റുമായി 12 അംഗ എന്‍ഫോഴ്‌സ്‌മെന്റ് സംഘമെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു
മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാൾ അറസ്റ്റിൽ
Updated on

ന്യൂഡൽഹി: നിർണായക നീക്കങ്ങൾക്കൊടുവിൽ മദ്യ നയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ. രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. അറസ്റ്റില്‍ നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കെജ്‌രിവാളിന്റെ വീട്ടില്‍ സെർച്ച് വാറന്റുമായി 12 അംഗ എന്‍ഫോഴ്‌സ്‌മെന്റ് സംഘമെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. മൊബൈൽ ഫോൺ ഉൾപ്പെടെ ഇഡി കസ്റ്റഡിയിലെടുത്തു. കെജ്‌രിവാളിനെ നാളെ പിഎംഎൽഎ കോടതിയിൽ ഹാജരാക്കും. ഇ ഡി ആസ്ഥാനത്ത് വൈദ്യപരിശോധന നടത്തും. അറസ്റ്റിനെതിരെ ആം ആദ്മി പാർട്ടി സുപ്രീംകോടതിയെ സമീപിച്ചു. ഹർജി ഇന്ന് രാത്രി തന്നെ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടുമെന്ന് എഎപി മന്ത്രി അതിഷി മാര്‍ലെന വ്യക്തമാക്കി. കെജ് രിവാളിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വീടിന് പുറത്ത് വന്‍ പൊലീസ് സന്നാഹമാണ് വിന്യസിച്ചിരുന്നത്. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡി എട്ടു തവണ സമന്‍സ് അയച്ചിട്ടും കെജ്‌രിവാള്‍ ഹാജരായിരുന്നില്ല. മദ്യനയ കേസിൽ ബിആർഎസ് നേതാവ് കെ കവിത അറസ്റ്റിലായി ഒരാഴ്ച തികയുന്നതിന് മുമ്പാണ് ഇഡി സംഘം ഡൽഹി മുഖ്യമന്ത്രിയെയും അറസ്റ്റ് ചെയ്തത്. ഇഡി നടപടിക്കെതിരെ ആംആദ്മി പാർട്ടി രംഗത്തെത്തി. പ്രതിച്ഛായ തകർക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് എഎപി ആരോപിച്ചു. ജയിലിൽ നിന്ന് കെജ്‍രിവാൾ ഭരിക്കും. രാഷ്ട്രീയ ഗൂഢാലോചനയാണിത്. ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ദിനമാണിത്. മോദിക്ക് കെജ്‍രിവാളിനെ പേടിയാണ്. രണ്ട് വർഷമായി പാർട്ടിക്കെതിരെ ഒരു തെളിവും കേന്ദ്ര ഏജൻസികൾക്ക് കണ്ടെത്താനായില്ല. ഒരു രൂപ പോലും കണ്ടെടുത്തില്ലെന്നും എഎപി പറഞ്ഞു. ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്ന് കോൺഗ്രസും ആരോപിച്ചു. ദില്ലിയിൽ സംഘർഷാവസ്ഥ തുടരുകയാണ്.

കേസുമായി ബന്ധപ്പെട്ട് എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, പാര്‍ട്ടിയുടെ കമ്മ്യൂണിക്കേഷന്‍ ഇന്‍-ചാര്‍ജ് വിജയ് നായര്‍, ചില മദ്യവ്യവസായികള്‍ എന്നിവരെ ഇ ഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com