ഗ്യാന്‍വാപിയിലെ ഹിന്ദുക്കളുടെ പ്രാര്‍ത്ഥന; മസ്ജിദ് കമ്മിറ്റി ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും

അലഹബാദ് ഹൈക്കോടതി ഹിന്ദു വിഭാഗത്തിൻ്റെ പ്രാര്‍ത്ഥനക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു
ഗ്യാന്‍വാപിയിലെ ഹിന്ദുക്കളുടെ പ്രാര്‍ത്ഥന; മസ്ജിദ് കമ്മിറ്റി ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും
Updated on

ന്യൂഡല്‍ഹി: അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഗ്യാന്‍വാപി മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി നല്‍കിയ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. ഗ്യാന്‍വാപി മസ്ജിദിന്റെ തെക്കന്‍ നിലവറയില്‍ ഹിന്ദു വിഭാഗത്തിന് പ്രാര്‍ത്ഥന നടത്താമെന്ന് നേരത്തെ അലഹബാദ് ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അഞ്ജുമാൻ ഇൻ്റസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുക.

ഹിന്ദു വിഭാഗത്തിന് നിലവറയില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുമതി നല്‍കിയ ജനുവരി 31ലെ ജില്ലാ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള കമ്മിറ്റിയുടെ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മസ്ജിദിലെ വ്യാസ് തെഹ്ഖാനയില്‍ ഹിന്ദു വിഭാഗത്തിന് ആരാധന തുടരാമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബിന്റെ ഭരണകാലത്ത് ഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ നിര്‍മ്മിച്ചതാണ് പള്ളിയെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കോടതിയുടെ ഉത്തരവനുസരിച്ച് നടത്തിയ സര്‍വേയില്‍ അഭിപ്രായപ്പെട്ടിരുന്നു. മസ്ജിദിൻ്റെ തെക്കേ നിലവറയിലെ വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ ഹിന്ദു പുരോഹിതന് പ്രാര്‍ത്ഥന നടത്താമെന്ന് ജില്ല കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

1993 ഡിസംബര്‍ വരെ നിലവറയില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നെന്ന് അവകാശപ്പെടുന്ന സോമനാഥ് വ്യാസ് എന്ന പുരോഹിതൻ്റെ പിന്തുടര്‍ച്ചാവകാശിയായ ശൈലേന്ദ്ര കുമാര്‍ പതക് ആണ് ഇപ്പോള്‍ പ്രാര്‍ത്ഥന നടത്തുന്നത്. ബാബരി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ കാലത്ത് പൂജ നിര്‍ത്തിവെക്കുയായിരുന്നുവെന്ന് ശൈലേന്ദ്ര കുമാര്‍ പതക് ജില്ല കോടതിയില്‍ സമര്‍പ്പിച്ച ഹർജിയില്‍ സൂചിപ്പിരുന്നു. എന്നാല്‍ ഹർജി കേൾക്കുന്നതിനിടെ മുസ്ലിം വിഭാഗം വിചാരണക്കോടതിയുടെ മുമ്പാകെയുള്ള ഹര്‍ജിക്കാരൻ്റെ വാദത്തെ എതിര്‍ത്തിരുന്നു. നിലവറയില്‍ വിഗ്രഹങ്ങളൊന്നും നിലവിലില്ലെന്നും അതിനാല്‍ 1993 വരെ അവിടെ പ്രാര്‍ഥനകള്‍ അര്‍പ്പിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യമില്ലെന്നുമായിരുന്നു ഇവരുടെ വാദം. ബിട്ടീഷ് ഭരണകാലത്തും നിലവറയുടെ നിയന്ത്രണം തന്റെ കുടുംബത്തിനായിരുന്നുവെന്ന് ശൈലേന്ദ്ര കുമാര്‍ അവകാശപ്പെട്ടിരുന്നു. ഇയാളുടെ അവകാശ വാദത്തേയും കീഴ്‌കോടതി വിധിയെയും ചോദ്യം ചെയ്താണ് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com