പ്രവര്‍ത്തനം തുടങ്ങി 3 വർഷത്തിനുള്ളിൽ കോടികളുടെ ഇലക്ടറൽ ബോണ്ട് വാങ്ങി 20 കമ്പനികൾ; നിയമവിരുദ്ധം

ഏകദേശം 103 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ ഈ കമ്പനികൾ വാങ്ങിയതായാണ് ഡാറ്റ വ്യക്തമാക്കുന്നത്
പ്രവര്‍ത്തനം തുടങ്ങി 3 വർഷത്തിനുള്ളിൽ കോടികളുടെ  ഇലക്ടറൽ ബോണ്ട് വാങ്ങി 20 കമ്പനികൾ; നിയമവിരുദ്ധം
Updated on

ന്യൂഡൽഹി: പ്രവര്‍ത്തനം തുടങ്ങി മൂന്ന് വർഷത്തിനുള്ളിൽ 20 സ്ഥാപനങ്ങൾ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയതായി റിപ്പോർട്ട്. മൂന്നു വര്‍ഷത്തില്‍ താഴെ മാത്രം പ്രവര്‍ത്തന പരിചയമുള്ള സ്ഥാപനങ്ങള്‍ രാഷ്ട്രീയ സംഭാവനകൾ നല്‍കാന്‍ പാടില്ലെന്നിരിക്കെയാണ് നിയമവിരുദ്ധമായി ഈ സ്ഥാപനങ്ങൾ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 103 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ ഈ കമ്പനികൾ വാങ്ങിയതായാണ് ഡാറ്റ വ്യക്തമാക്കുന്നത്. ആദ്യ ഇലക്ടറൽ ബോണ്ടുകൾ വാങ്ങുമ്പോൾ ഈ സ്ഥാപനങ്ങളിൽ അഞ്ചെണ്ണം നിലവിൽ വന്നിട്ട് ഒരു വർഷത്തിൽ താഴെ മാത്രമേ ആയിരുന്നുള്ളൂ. ഏഴെണ്ണം ഒരു വർഷം പഴക്കമുള്ളതും മറ്റ് എട്ട് കമ്പനികൾ രണ്ട് വർഷം മാത്രം പൂർത്തിയാക്കിയതുമായിരുന്നു.

കമ്പനി നിയമം 2013 ലെ സെക്ഷൻ 182 അനുസരിച്ച്, വ്യവസ്ഥകൾക്ക് വിരുദ്ധമായി ഒരു സ്ഥാപനം സംഭാവന നൽകിയാൽ, സംഭാവന ചെയ്ത തുകയുടെ അഞ്ചിരട്ടി വരെ പിഴ ചുമത്തും. വീഴ്ച വരുത്തുന്ന കമ്പനിയിലെ ഓരോ ഉദ്യോഗസ്ഥനും ആറ് മാസം വരെ തടവും അങ്ങനെ സംഭാവന ചെയ്ത തുകയുടെ അഞ്ചിരട്ടി വരെ പിഴയും ശിക്ഷയായി ലഭിക്കും.

ഈ 20 കമ്പനികളിൽ 12 എണ്ണവും ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവയാണ്. ഈ കമ്പനികള്‍ ആകെ 37.5 കോടി രൂപ സംഭാവന നൽകിയിട്ടുണ്ട്. അതിൽ 75 ശതമാനത്തോളം ബിആർഎസിനാണ് നല്‍കിയിരിക്കുന്നത്. ബാക്കിയുള്ളവ ടിഡിപി, കോൺഗ്രസ്, ബിജെപി എന്നീ പാര്‍ട്ടികള്‍ക്കാണ് നല്‍കിയിരിക്കുന്നത്. ഹൈദരാബാദിലെ കമ്പനികളായ ടിഷാർക്സ് ഇൻഫ്ര ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ടിഷാർക്സ്ഓവർസീസ് എജ്യൂക്കേഷൻ കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡ് എന്നിവ 2023-ൽ സംയോജിച്ച് മാസങ്ങൾക്കുള്ളിൽ 7.5 കോടി മൂല്യമുള്ള ബോണ്ടുകൾ വാങ്ങി ബിആർഎസിന് സംഭാവന നൽകിയതായി രേഖകള്‍ പറയുന്നു.

ബാക്കിയുള്ളവയിൽ, കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്എച്ച് അയൺ ആൻഡ് സ്റ്റീൽ പ്രൈവറ്റ് ലിമിറ്റഡ് ബിജെപിക്ക് 15 കോടിയും ബിജെഡിക്ക് അഞ്ച് കോടിയും നൽകി. മൂന്ന് വർഷം തികയുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് അവര്‍ ആദ്യ ഇലക്ടറൽ ബോണ്ട് വാങ്ങിയത്. 2021 നവംബറിൽ സംയോജിപ്പിച്ച അസ്കസ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് ഒന്നര വർഷത്തിനുള്ളിൽ അതിൻ്റെ ആദ്യത്തെ ഇലക്ടറൽ ബോണ്ട് വാങ്ങുകയും 22 കോടി രൂപ സംഭാവന നൽകുകയും ചെയ്തു. ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ആർജെഡി എന്നിവയ്ക്കാണ് ഇത് നല്‍കിയിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com