കോയമ്പത്തൂർ: ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലൊന്നായ തമിഴ്നാട് നാളെ പോളിങ് ബൂത്തിലേക്ക്. ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിൽ പരസ്യപ്രചാരണം അവസാനിച്ചു. 2019ലേത് പോലെ ഡിഎംകെ മുന്നണി തമിഴ്നാട് തൂത്തുവാരുമെന്ന ആത്മവിശ്വാസത്തിലാണ്. എഐഎഡിഎംകെയെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് നിർണ്ണായകമാണ്. എന്നാൽ ദ്രാവിഡ രാഷ്ട്രീയ ഭൂമികയിൽ സ്വന്തമായി ഇടം കണ്ടെത്താനുള്ള ബിജെപി തന്ത്രങ്ങളുടെ മാറ്റുരയ്ക്കലിന് കൂടിയാണ് ഇത്തവണ തമിഴ്നാട് സാക്ഷ്യം വഹിക്കുന്നത്.
രാജ്യത്ത് ആദ്യഘട്ട പോളിങ് നടക്കുന്ന 102 മണ്ഡലങ്ങളിൽ 39 എണ്ണം തമിഴ്നാട്ടിലാണ്. ഇൻഡ്യ മുന്നണിയും ദേശീയ ജനാധിപത്യ സഖ്യവും തമ്മിൽ നടക്കുന്ന ശക്തമായ പോരാട്ടത്തിനാണ് തമിഴകം സാക്ഷ്യം വഹിച്ചത്, നാളെ ബൂത്തിലെത്തുന്ന 102 സീറ്റിൽ 2019 ൽ 45 സീറ്റ് ഇന്നത്തെ ഇൻഡ്യ മുന്നണി നേടിയിരുന്നു, 41 സീറ്റാണ് എൻഡിഎ സ്വന്തമാക്കിയത്. 2019ൽ ഡിഎംകെ മുന്നണി വലിയ നേട്ടമുണ്ടാക്കിയ സംസ്ഥാനമാണ് തമിഴ്നാട്. 39 സീറ്റ് ഡിഎംകെ മുന്നണി നേടിയിരുന്നു. എന്നാൽ ഇത്തവണ ദ്രാവിഡ രാഷ്ട്രീയത്തിൽ അണ്ണാമലൈ തന്ത്രങ്ങൾ ബിജെപിയ്ക്ക് വോട്ടാകുമോയെന്ന പൊളിറ്റിക്കൽ സസ്പെൻസ് ഒളിപ്പിച്ചിട്ടുണ്ട് തമിഴകം.
39 മണ്ഡലങ്ങളിലായി ആറരകോടി വോട്ടർമാരും 959 സ്ഥാനാർഥികളുമടക്കം ആദ്യഘട്ടത്തിലെ ഏറ്റവും വലിയ പോരാട്ടമാണ് തമിഴ്നാട്ടിൽ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി തവണ തമിഴ്നാട്ടിൽ പ്രചാരണത്തിനെത്തിയത് വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ മുന്നണി. എന്നാൽ തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ സഖ്യകക്ഷികളായ കോൺഗ്രസിനും സിപിഐഎമ്മിനും അർഹമായ പ്രതിനിധ്യം നൽകി മുന്നണി സംവിധാനം കെട്ടുറപ്പുള്ളതാക്കിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപിയുടെ കടന്നുകയറ്റം തടയാൻ ഇന്‍ഡ്യ മുന്നണി സുസജ്ജമായിരുന്ന സംസ്ഥാനമാണ് തമിഴ്നാട്. തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 10 സീറ്റിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. രണ്ട് സീറ്റിൽ വീതം സിപിഐഎമ്മും സിപിഐയും വിസികെയും ഓരോ സീറ്റിൽ വീതം മുസ്ലിംലീഗും എംഡിഎംകെയും മത്സരിക്കും. 22 സീറ്റുകളിൽ മത്സരിക്കുന്നത് ഡിഎംകെയാണ്.
23 സീറ്റിലാണ് ബിജെപി മത്സരിക്കുന്നത്. 9 ചെറുകക്ഷികളുടെ സഖ്യമാണ് ബിജെപി ഉണ്ടാക്കിയിരിക്കുന്നത്. സവർണപാർട്ടിയെന്ന പേരുദോഷം മാറ്റാൻ കൃത്യമായ സോഷ്യൽ എഞ്ചിനീയറിംഗ് തമിഴ്നാട്ടിൽ ബിജെപി നടത്തിയിട്ടുണ്ട്. പിന്നോക്ക സമുദായമായ വാണിയാർ വിഭാഗത്തിൽ നിർണായക സ്വാധീനമുള്ള പട്ടാളി മക്കൾകച്ചിയെ കൂടെ കൂട്ടിയത് അതിൻ്റെ ഭാഗമാണ്. തേവർ സമുദായത്തെ ഒപ്പം കൂട്ടാൻ ജയലളിതയുടെ വിശ്വസ്തനായിരുന്ന ദിനകരനെ ഇത്തവണ ബിജെപി സഖ്യത്തിലാക്കി. എൽ മുരുകനും പൊൻരാധാകൃഷ്ണനുമൊക്കെ ബിജെപിയുടെ പിന്നോക്ക മുഖങ്ങളാണ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ തന്നെയാണ് ബിജെപിയുടെ മുഖം. ജനാധിപത്യത്തിനും ഫെഡറലിസത്തിനും ബിജെപി ഉയർത്തുന്ന ഭീഷണികൾ ഉയർത്തിക്കാണിച്ചാണ് ഡിഎംകെയുടെ പ്രചാരണം. അണ്ണാഡിഎംകെ ബിജെപി സഖ്യം ഉപേക്ഷിച്ച് ഒറ്റയ്ക്ക് മത്സരിക്കുന്നതിനാൽ പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കുമെന്ന പ്രതീക്ഷയിലാണ് ഡിഎംകെ.