ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024: നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്, 96 മണ്ഡലങ്ങള്‍ വിധിയെഴുതും

കനത്ത സുരക്ഷയാണ് ബൂത്തുകളില്‍ ഒരിക്കിയിരിക്കുന്നത്
ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024: നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്, 96 മണ്ഡലങ്ങള്‍ വിധിയെഴുതും
Updated on

ന്യൂഡല്‍ഹി: രാജ്യത്ത് നാലാം ഘട്ട തിരഞ്ഞെടുപ്പ് ഇന്ന്. ഈ ഘട്ടത്തില്‍ 96 മണ്ഡലങ്ങളാണ് വിധി എഴുതുന്നത്. രാവിലെ ഏഴ് മണിക്ക് പോളിങ് ആരംഭിക്കും. കനത്ത സുരക്ഷയാണ് ബൂത്തുകളില്‍ ഒരിക്കിയിരിക്കുന്നത്. പോളിങ് ശതമാനം കുറയുമോ എന്ന ആശങ്ക തുടരുകയാണ്.

9 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിലെ ശ്രീനഗറും ഉള്‍പ്പെടെ 96 മണ്ഡലങ്ങള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക് പോകും. ആന്ധ്ര പ്രദേശിലെ 25, തെലങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പും ആന്ധ്രയില്‍ നടക്കും.

ഉത്തര്‍പ്രദേശില്‍ 13, മഹാരാഷ്ട്രയില്‍ 11, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ 8, ബീഹാറില്‍ 5, ജാര്‍ഖണ്ഡ്, ഒഡിഷ സംസ്ഥാനങ്ങളിലെ 4 മണ്ഡലങ്ങളും പോളിങ് ബൂത്തിലെത്തും. 2019ലെ തിരഞ്ഞെടുപ്പില്‍ 96ല്‍ 42 മണ്ഡലങ്ങളും ബിജെപിക്ക് ഒപ്പമായിരുന്നു. അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം സര്‍ക്കാരിന് എതിരായ വിവാദ വിഷയങ്ങള്‍ അടക്കം ഗുണം ചെയ്യും എന്നാണ് ഇന്‍ഡ്യ സഖ്യത്തിന്റെ കണക്ക് കൂട്ടല്‍.

സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര, കേന്ദ്ര മന്ത്രിമാരായ ഗിരിരാജ് സിംഗ്, അര്‍ജുന്‍ മുണ്ട, ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന്‍, അസദ്ദുദ്ദീന്‍ ഒവൈസി, മാധവി ലത തുടങ്ങിയവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖര്‍. ഉത്തരേന്ത്യയില്‍ തുടരുന്ന കനത്ത ചൂട് പോളിങ് ശതമാനത്തെ ബാധിക്കുമോ എന്ന ആശങ്ക പാര്‍ട്ടികളേയും തിരഞ്ഞെടുപ്പ് കമ്മീഷനേയും ഒരു പോലെ അലട്ടുന്നുണ്ട്. പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാനാണ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പാര്‍ട്ടികള്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com