ചെന്നൈ: തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും 40 ലോക്സഭാ സീറ്റിൽ 39-ലും ജയം ഉറപ്പെന്ന് വ്യക്തമാക്കി ഡിഎംകെയുടെ ആഭ്യന്തരസർവേ. 32 സീറ്റിൽ വൻ ഭൂരിപക്ഷത്തോടെയും ഏഴിടത്ത് ചെറിയ ഭൂരിപക്ഷത്തോടെയും ജയിക്കുമെന്നാണ് സര്വേ ഫലം സൂചിപ്പിക്കുന്നത്. ഏപ്രിൽ 19-ന് വോട്ടെടുപ്പ് കഴിഞ്ഞയുടനെ പാർട്ടി പ്രവർത്തകരെ ഉപയോഗിച്ച് ഡിഎംകെ ആഭ്യന്തരസർവേ നടത്തുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അതേ സീറ്റുനില ഡിഎംകെ സഖ്യം നിലനിർത്തും.
തേനി, തിരുനൽവേലി, തിരുച്ചിറപ്പള്ളി, പൊള്ളാച്ചി എന്നിവയുൾപ്പെടെ ഏഴുമണ്ഡലങ്ങളിൽ കനത്ത മത്സരമാണുള്ളത്. ഇവിടെ ചെറിയ ഭൂരിപക്ഷത്തിന് ജയിക്കും. ഒരു മണ്ഡലത്തിൽ ജയിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ ആ മണ്ഡലം ഏതാണെന്ന് വ്യക്തമല്ല. കള്ളക്കുറിച്ചിയോ ധർമപുരിയോ ആകാം എന്നാണ് കരുതുന്നത്.
ഈ രണ്ട് മണ്ഡലത്തിലും 80 ശതമാനത്തിലേറെയായിരുന്നു പോളിങ്. പിഎംകെ നേതാവ് അൻപുമണി രാംദാസിന്റെ ഭാര്യ സൗമ്യ അൻപുമണി മത്സരിച്ച ധർമപുരി ശക്തമായ ത്രികോണമത്സരംനടന്ന മണ്ഡലമാണ്. തമിഴ്നാട്ടിൽ ഇത്തവണ 69.72 ശതമാനം പേരാണ് വോട്ടുചെയ്തത്.