ശ്വാസകോശ അണുബാധ, ആര്‍ത്തവ തകരാറുകള്‍, ഹൈപ്പോതൈറോയിഡിസം...: കൊവാക്‌സിനും പാര്‍ശ്വഫലങ്ങളെന്ന് പഠനം

ശ്വാസകോശ അണുബാധ, ആര്‍ത്തവ തകരാറുകള്‍, ഹൈപ്പോതൈറോയിഡിസം...: കൊവാക്‌സിനും പാര്‍ശ്വഫലങ്ങളെന്ന് പഠനം

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്
Published on

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്‍ എടുത്തവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് റിപ്പോര്‍ട്ട്. ഭാരത് ബയോടെക് പുറത്തിറക്കിയ കൊവാക്‌സിന്‍ സ്വീകരിച്ച മൂന്നിലൊന്ന് പേര്‍ക്കും പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയെന്നാണ് പഠനറിപ്പോര്‍ട്ട് പറയുന്നത്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.

635 കൗമാരക്കാരിലും 291 പ്രായപൂര്‍ത്തിയായവരിലുമാണ് പഠനം നടത്തിയത്. വാക്‌സിനെടുത്ത് ഒരു വര്‍ഷത്തിന് ശേഷമാണ് ഇവരില്‍ നിന്ന് വിവരങ്ങള്‍ സ്വീകരിച്ചത്. തുടര്‍ നിരീക്ഷണങ്ങള്‍ നടത്തി പഠനറിപ്പോര്‍ട്ട് തയ്യാറാക്കുകയായിരുന്നു. പഠനത്തിന് വിധേയരാക്കിയവരില്‍ മൂന്നില്‍ ഒരാള്‍ക്ക് വീതം പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ട്.

926 പേരില്‍ 50 ശതമാനമാളുകള്‍ക്കും തുടര്‍ന്നുള്ള കാലയളവില്‍ ശ്വാസകോശ അണുബാധയുണ്ടായി. പത്ത് ശതമാനമാളുകള്‍ക്ക് ചര്‍മ്മ സംബന്ധമായ രോഗങ്ങളുണ്ടായി. അഞ്ച് ശതമാനത്തോളമാളുകള്‍ക്ക് നാഡീ വ്യവസ്ഥയില്‍ തകരാറുകളുണ്ടായി. മാത്രമല്ല ഹൃദയസംബന്ധമായ രോഗങ്ങളും ഇവര്‍ക്കുണ്ടായെന്നും പഠനം കണ്ടെത്തി.

പഠനത്തിന് വിധേയരായ സ്ത്രീകളില്‍ 4.6 ശതമാനം പേര്‍ക്കാണ് ആര്‍ത്തവ സംബന്ധമായ തകരാറുകള്‍ രേഖപ്പെടുത്തിയത്. 2.7 ശതമാനം പേര്‍ക്ക് നേത്രവൈകല്യങ്ങളും 0.6 ശതമാനം പേര്‍ക്ക് ഹൈപ്പോതൈറോയിഡിസവുമുണ്ടായി. പക്ഷാഘാതം, ഗീലന്‍ ബാര്‍ സിന്‍ഡ്രോം തുടങ്ങിയവയും വാക്‌സിന് സ്വീകരിച്ചവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പഠനത്തില്‍ നാല് പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ മരണം സ്‌ട്രോക്ക് മൂലമായിരുന്നു. ഒരു മരണം സംഭവിച്ചത് കൊവിഡ് 19ന് ശേഷമുള്ള റിനോസെറിബ്രല്‍ മ്യൂകോർമൈകോസിസ് മൂലമാണ്. പഠനത്തിന് വിധേയരായ പ്രായപൂര്‍ത്തിയായവരില്‍ എല്ലാവര്‍ക്കും പ്രമേഹവും മൂന്ന് പേര്‍ക്ക് ഹൈപ്പര്‍ ടെന്‍ഷനും ഉണ്ടായിരുന്നു. അനുബന്ധ രോഗങ്ങള്‍ ഉണ്ടായിരുന്നവരിലാണ് പാര്‍ശ്വഫലങ്ങള്‍ കൂടുതല്‍ കണ്ടത്. വിഷയത്തില്‍ ആഴത്തിലുള്ള പഠനം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പാര്‍ശ്വഫലങ്ങളുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൊവിഡ് വാക്‌സിനായ കൊവിഷീല്‍ഡ് ആഗോളതലത്തില്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്.

ശ്വാസകോശ അണുബാധ, ആര്‍ത്തവ തകരാറുകള്‍, ഹൈപ്പോതൈറോയിഡിസം...: കൊവാക്‌സിനും പാര്‍ശ്വഫലങ്ങളെന്ന് പഠനം
പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന് വിശദീകരണം; പിന്നാലെ കോവിഡ് വാക്സിൻ പിൻവലിച്ച് ആസ്ട്രസെനെക്ക
logo
Reporter Live
www.reporterlive.com