'ധിക്കാരവും അച്ചടക്കരാഹിത്യവും വെച്ചുപൊറുപ്പിക്കില്ല'; ബംഗാളിലെ നേതാക്കളോട് കോണ്‍ഗ്രസ്

പാര്‍ട്ടിയില്‍ അച്ചടക്കമില്ലായ്മ കോണ്‍ഗ്രസ് വെച്ചുപൊറുപ്പില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.
'ധിക്കാരവും അച്ചടക്കരാഹിത്യവും വെച്ചുപൊറുപ്പിക്കില്ല'; ബംഗാളിലെ നേതാക്കളോട് കോണ്‍ഗ്രസ്
Updated on

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പാര്‍ട്ടി നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ പോസ്റ്റര്‍ നശിപ്പിച്ചതിന് പിന്നാലെയാണിത്. പോസ്റ്റര്‍ നശിപ്പിച്ചതില്‍ റിപ്പോര്‍ട്ട് കൈമാറണമെന്നും സംസ്ഥാന നേതൃത്വത്തിന് കോണ്‍ഗ്രസ് നിര്‍ദേശം നല്‍കി.

പാര്‍ട്ടിയില്‍ അച്ചടക്കമില്ലായ്മ കോണ്‍ഗ്രസ് വെച്ചുപൊറുപ്പില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. 'ഇത്തരം ഗുരുതരമായ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. പരസ്യമായ ധിക്കാരവും അച്ചടക്കരാഹിത്യവും കോണ്‍ഗ്രസ് വെച്ചുപൊറുപ്പിക്കില്ല.' കെ സി വേണുഗോപാല്‍ പറഞ്ഞു. ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാന്‍ ശ്രമിച്ചത് ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

കൊല്‍ക്കത്തയില്‍ ബിദാര്‍ ഭവനിലെ പാര്‍ട്ടി ആസ്ഥാനത്തിനത്തിനടുത്ത് ശനിയാഴ്ച്ചയായിരുന്നു ഖര്‍ഗെയുടെ പോസ്റ്ററുകള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയെ തള്ളിപ്പറഞ്ഞതില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രജ്ഞന്‍ ചൗധരിയെ ഖര്‍ഗെ വിമര്‍ശിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് പോസ്റ്ററുകള്‍ നശിപ്പിച്ച നിലയില്‍ കണ്ടത്.

മമതാ ബാനര്‍ജിയുമായുള്ള സഖ്യം സംബന്ധിച്ച കോണ്‍ഗ്രസിന്റെ നിലപാട് സ്വീകരിക്കാന്‍ അധിര്‍ രജ്ഞന്‍ ചൗധരിക്ക് അധികാരമില്ലെന്നായിരുന്നു ഖര്‍ഗെ പറഞ്ഞത്. ഹൈക്കമാന്‍ഡാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ പുറത്ത് പോകേണ്ടി വരുമെന്നും ഖര്‍ഗെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഖര്‍ഗെയുടെ നശിപ്പിച്ച പോസ്റ്ററുകളില്‍ 'ഏജന്റ് ഓഫ് തൃണമൂല്‍ കോണ്‍ഗ്രസ്' എന്നും എഴുതിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com