LIVE BLOG:അഞ്ചാംഘട്ട തിരഞ്ഞെടുപ്പ്, വിധിയെഴുതി 49 മണ്ഡലങ്ങൾ; കുതിച്ച് ബംഗാൾ, കിതച്ച് മഹാരാഷ്ട്ര

ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്
LIVE BLOG:അഞ്ചാംഘട്ട തിരഞ്ഞെടുപ്പ്, വിധിയെഴുതി 49 മണ്ഡലങ്ങൾ; കുതിച്ച് ബംഗാൾ, കിതച്ച് മഹാരാഷ്ട്ര

ലോക്‌സഭാ തിരഞ്ഞെടുപ്പ് അഞ്ചാംഘട്ട വോട്ടെടുപ്പിന് തുടക്കമായി

ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ഒന്‍പത് കോടിയോളം വോട്ടര്‍മാരാണ് അഞ്ചാം ഘട്ടത്തില്‍ വിധി എഴുതുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഒഡീഷയിലെ 35 അസംബ്ലി സീറ്റുകളിലേക്കും ഇന്നാണ് വോട്ടെടുപ്പ്.

രാജ്യത്തിൻ്റെ ശ്രദ്ധ റായ്ബറേലിയിലും അമേഠിയിലും

അഞ്ചാംഘട്ട വോട്ടെടുപ്പിൽ റായ്ബറേലി, അമേഠി മണ്ഡലങ്ങളാണ് രാജ്യം ശ്രദ്ധയോടെ ഉറ്റുനോക്കുന്നത്. 2019ലെ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ കോൺഗ്രസിന് ആകെ വിജയിക്കാൻ കഴിഞ്ഞ മണ്ഡലമാണ് റായ്ബറേലി. സിറ്റിങ്ങ് എംപിയായ സോണിയ ഗാന്ധി രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ അവസാന നിമിഷം കോൺഗ്രസ് രാഹുൽ ഗാന്ധിയെ ഇവിടെ രംഗത്തിറക്കുകയായിരുന്നു. ഇത്തവണ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ത്ഥിയായി റായ്ബറേലിയില്‍ നിന്നും മത്സരിക്കുന്ന രാഹുലിന്റെ എതിരാളി ബിജെപിയുടെ ദിനേഷ് പ്രതാപ് സിങ്ങാണ്. ബിഎസ്പിയുടെ താക്കൂര്‍ പ്രസാദ് സിങ്ങും ഇവിടെ മത്സരിക്കുന്നുണ്ട്. 2019ല്‍ ബിഎസ്പിയും എസ്പിയും ഇവിടെ സോണിയാ ഗാന്ധിയെ പിന്തുണച്ചിരുന്നു. കോണ്‍ഗ്രസിന്റെയും ഗാന്ധി കുടുംബത്തിന്റെയും ശക്തികേന്ദ്രമായ റായ്ബറേലിയിലെ മത്സരം രാഹുല്‍ ഗാന്ധിയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.

2019ൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും പരാജയം രുചിക്കേണ്ടി വന്ന മണ്ഡലമാണ് അമേഠി. ഗാന്ധി കുടുംബത്തില്‍ നിന്നൊരാള്‍ മത്സരരംഗത്തില്ലാതെയാണ് ഏറെക്കാലത്തിന് ശേഷം അമേഠി ഇത്തവണത്തെ തിരഞ്ഞെടുപ്പിലേയ്ക്ക് പോകുന്നത്. അമേഠിയില്‍ നിന്നും രണ്ടാം ഊഴത്തിനിറങ്ങുന്ന സ്മൃതി ഇറാനിയുടെ പ്രഭാവത്തെ മറികടന്ന് വിജയം നേടാനാകുമോ എന്നതാണ് ഇത്തവണ കോൺഗ്രസിന് മുന്നിലുള്ള വെല്ലുവിളി. 2019ല്‍ കോണ്‍ഗ്രസ് നേതാവും സിറ്റിങ്ങ് എംപിയുമായി രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയാണ് സ്മൃതി ഇറാനി ഇവിടെ വിജയം നേടിയത്. 2004ല്‍ ചാന്ദ്‌നി ചൗക്ക് മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസിലെ അതികായന്‍ കപില്‍ സിബലിനെ പരാജയപ്പെടുത്തിയാണ് സ്മൃതി ഇറാനി ആദ്യമായി ലോക്‌സഭയിലെത്തുന്നത്. തുടര്‍ച്ചയായി രണ്ട് തവണ ഇവിടെ നിന്നും വിജയിച്ച സ്മൃതി ഇറാനി 2014ല്‍ രാഹുല്‍ ഗാന്ധിയെ നേരിടാന്‍ അമേഠിയിലെത്തി. 2014ല്‍ രാഹുലിനോട് പരാജയപ്പെട്ട സ്മൃതി ഇറാനി 2019ല്‍ രണ്ടാമൂഴത്തിലാണ് രാഹുല്‍ ഗാന്ധിയെ ഇവിടെ മുട്ടുകുത്തിച്ചത്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തന്‍ കിഷോരി ലാല്‍ ശര്‍മ്മയെയാണ് കോണ്‍ഗ്രസ് ഇവിടെ രംഗത്തിറക്കിയിരിക്കുന്നത്. നാന്‍ഹെ സിങ്ങി ചൗഹാനാണ് ഇവിടെ ബിഎസ്പി സ്ഥാനാര്‍ത്ഥി.

ശ്രദ്ധേയമായി ലാലുവിൻ്റെ സരൻ ലോക്സഭാ മണ്ഡലം

ആർജെഡിയുടെയും ലാലു പ്രസാദ് യാദവിൻ്റെയും ശക്തികേന്ദ്രമായ ബിഹാറിലെ സരൻ ലോക്സഭാ മണ്ഡലത്തിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ബിജെപിയിൽ നിന്നും സരൻ തിരിച്ച് പിടിക്കാൻ ഇത്തവണ രംഗത്തിറങ്ങിയിരിക്കുന്നത് ലാലു പ്രസാദ് യാദവിൻ്റെ പുത്രി രോഹിണി ആചാര്യയാണ്. ആദ്യമായി തിരഞ്ഞെടുപ്പ് രംഗത്തിറക്കുന്ന രോഹിണി നേരിടുന്നത് രണ്ട് ടേമായി സരന്‍ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡിയാണ്. 2009ല്‍ ലാലു പ്രസാദ് യാദവ് മത്സരിച്ച് വിജയിച്ച സരന്‍ തിരിച്ച് പിടിക്കാന്‍ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ത്ഥിയായാണ് രോഹിണി ഇവിടെ മത്സരത്തിനിറങ്ങുന്നത്. 2014ൽ റാബ്രി ദേവി ഇവിടെ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

അമേഠിയിൽ വോട്ടർമാരെ സ്വീകരിക്കാനൊരുങ്ങി അലങ്കാരിച്ചൊരുക്കിയ പോളിങ് ബൂത്ത്

റായ്ബറേലിയിലെ ഒരു ബൂത്തിലെ മോക്ക് പോളിങ്ങ്

ബിഎസ്പി നേതാവ് മായാവതി വോട്ട് രേഖപ്പെടുത്തി

ബിഎസ്പി നേതാവ് മായാവതി ലഖ്‌നൗവിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി

തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എല്ലാം വ്യക്തമാകും; മായാവതി

എല്ലാവരോടും വോട്ടു രേഖപ്പെടുത്താന്‍ എത്തണമെന്ന് അഭ്യര്‍ത്ഥിച്ച് മായാവതി. വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മായാവതി.  ജനങ്ങളുടെ വികസനത്തിന് മുന്‍ഗണന നല്‍കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും മായാവതി വ്യക്തമാക്കി. കോണ്‍ഗ്രസായാലും ബിജെപി ആയാലും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ എല്ലാം വ്യക്തമാകുമെന്നും മായാവതി പ്രതികരിച്ചു.

ജനാധിപത്യത്തിൻ്റെ ഉത്സവത്തിൽ ആവേശത്തോടെ പങ്കുചേരാൻ ആഹ്വാനം ചെയ്ത് നരേന്ദ്ര മോദി

സ്ത്രീകളോടും യുവാക്കളോടും ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ ആവേശത്തോടെ പങ്കുചേരാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ റെക്കോര്‍ഡ് സ്വഭാവത്തില്‍ വോട്ടുരേഖപ്പെടുത്തണമെന്നും പ്രധാനമന്ത്രി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

ഉത്തർ പ്രദേശിൽ ഒരാൾ 8 തവണ ബിജെപിക്ക് വോട്ട് ചെയ്ത സംഭവത്തിൽ  നടപടി സ്വീകരിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ഉത്തർപ്രദേശിലെ ഒരു ബൂത്തിൽ ബിജെപിക്ക് എട്ടുതവണ വോട്ടുചെയ്യുന്ന വീഡിയോ പങ്കുവെച്ച സംഭവത്തിൽ ഇറ്റാ ജില്ലയിലെ നയാഗാവ് പൊലീസ് സ്റ്റേഷനിൽ കേസ് എടുത്തു. രാജൻ സിംഗാണ് 8 തവണ ബിജെപിക്ക് വോട്ട് ചെയ്തത്. ബൂത്തിൽ ഇരുന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു ബൂത്തിൽ റീപോളിംഗ് നടത്താനുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശം.

രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വോട്ടര്‍ ഫാറൂഖാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുത്തിനായി എട്ട് തവണ വോട്ടു ചെയ്യുന്ന ദൃശ്യമാണുണ്ടായിരുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും രംഗത്ത് വന്നിരുന്നു. എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ഉറക്കമുണരാനാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. പ്രിയപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിങ്ങള്‍ ഇത് കാണുന്നുണ്ടോ, ഒരാള്‍ എട്ട് തവണയാണ് വോട്ടു ചെയ്തത്. ഇത് ഉറക്കമുണരാനുള്ള സമയമാണ് എന്നായിരുന്നു കോണ്‍ഗ്രസ് എക്‌സില്‍ കുറിച്ചത്.

സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും വീഡിയോ പങ്കുവെച്ച് കൊണ്ട് നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. 'തിരഞ്ഞെടുപ്പ് കമ്മീഷന് ഇത് തെറ്റാണെന്ന് തോന്നുവെങ്കില്‍ നിര്‍ബന്ധമായും നടപടി സ്വീകരിക്കൂ. അല്ലെങ്കില്‍..' എന്നാണ് അഖിലേഷ് എക്‌സില്‍ കുറിച്ചത്. ബിജെപിയുടെ ബൂത്ത് കമ്മിറ്റി കൊള്ളസംഘമായി എന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തിരുന്നു.

ജനങ്ങളോട് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് സ്മൃതി ഇറാനി

വികസിത ഇന്ത്യയെന്ന അടിത്തറയില്‍ നിന്ന് എല്ലാവരോടും വോട്ടു ചെയ്യാന്‍ ആഹ്വാനം ചെയ്ത് അമേഠിയിലെ ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് സ്മൃതി ഇറാനിയുടെ ആഹ്വനം

അഞ്ചാംഘട്ടത്തില്‍ ജനവിധി തേടുന്നത് 227 കോടിപതികൾ

അഞ്ചാംഘട്ട വോട്ടെടുപ്പിൽ മത്സരിക്കുന്ന  695 സ്ഥാനാര്‍ത്ഥികളിൽ 227 പേരും കോടിപതികൾ. കോടിപതികളായ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും മുന്നില്‍ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നിന്നും മത്സരിക്കുന്ന അനുരാഗ് ശര്‍മ്മയാണ്. 202.08 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. മഹാരാഷ്ട്രയിലെ ബിവാന്‍ഡിയില്‍ നിന്നും മത്സരിക്കുന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥി നിലേഷ് ഭഗ്‌വാന്‍ സാംബരെയാണ് കോടിപതികളില്‍ രണ്ടാമന്‍. മഹാരാഷ്ട്രയിലെ മുംബൈ നേര്‍ത്തില്‍ മത്സരിക്കുന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് പട്ടികയിലെ മൂന്നാമന്‍. 110.95 കോടി രൂപയാണ് പിയൂഷ് ഗോയലിന്റെ ആസ്തി.

ക്രിമിനല്‍ കേസുള്ള 159 സ്ഥാനാര്‍ത്ഥികളും ജനവിധി തേടുന്നു. 82 വനിതാ സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുമ്പോള്‍ ബിരുദത്തിന് മുകളില്‍ വിദ്യാഭ്യാസ യോഗ്യതയുള്ള 349 സ്ഥാനാര്‍ത്ഥികളും മത്സരിക്കുന്നു. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ശരാശരി ആസ്തി 3.56 കോടി രൂപയാണ്. സ്ഥാനാര്‍ത്ഥികളുടെ ശരാശരി പ്രായം 48 വയസാണ്.

മകന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പ്രകീര്‍ത്തിച്ച് ബ്രിജ് ഭൂഷണ്‍ സിങ്ങ്

കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മകന്‍ കരണ്‍ ഭൂഷണ്‍ സിങ്ങിനെ പ്രകീര്‍ത്തിച്ച് ഇവിടുത്തെ സിറ്റിങ്ങ് എംപിയും പിതാവുമായ ബ്രിജ് ഭൂഷണ്‍ സിങ്ങ്. ഗുസ്തി താരങ്ങളെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ അന്വേഷണം നേരിടുന്ന ബ്രിജ് ഭൂഷണ്‍ സിങ്ങിന് പകരമാണ് ഇത്തവണ ബിജെപി കരണ്‍ ഭൂഷനെ ഇവിടെ നിന്നും മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. എല്ലാവരും കരണ്‍ ഭൂഷണ്‍ സിങ്ങിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സന്തോഷമുള്ളവരാണെന്നായിരുന്നു ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ പ്രതികരണം. കരണ്‍ ഭൂഷന്‍ ഗുസ്തിയില്‍ ദേശീയ താരമാണെന്നും സ്‌പോര്‍ട്‌സില്‍ താല്‍പ്പര്യമുള്ളയാളാണെന്നും ബ്രിജ് ഭൂഷണ്‍ വ്യക്തമാക്കി. നിലവില്‍ ഉത്തര്‍പ്രദേശ് ഗുസ്തി അസോസിയേഷന്‍ പ്രസിഡന്റാണ് കരണ്‍ ഭൂഷണ്‍ സിങ്ങ്.  2014ല്‍ ഇവിടെ നിന്നും വിജയിച്ച ബ്രിജ്ഭൂഷണ്‍ സിങ്ങ് 2019ലും ഇവിടെ വിജയിച്ചിരുന്നു. 1996മുതല്‍ ഇവിടെ നിന്നും വിജയിച്ച് വരുന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് ബേനി പ്രസാദ് വര്‍മ്മയെ പരാജയപ്പെടുത്തിയാണ് കൈസര്‍ഗഞ്ച് 2014ല്‍ ബ്രിജ്ഭൂഷണ്‍ സിങ്ങ് ബിജെപിക്കായി പിടിച്ചെടുത്തത്. സമാജ്‌വാദി പാര്‍ട്ടിക്കായി രാം ഭഗത്ത് മിശ്രയും ബിഎസ്പിക്കായി നരേന്ദ്ര പാണ്ഡെയാണ് ഇത്തവണ കൈസര്‍ഗഞ്ചില്‍ മത്സരിക്കുന്നത്.

അക്ഷയ് കുമാര്‍ വോട്ട് രേഖപ്പെടുത്തി

ബോളിവുഡ് അഭിനേതാവ് അക്ഷയ് കുമാര്‍ മുംബൈയിലെ ജൂഹുവില്‍ വോട്ട് രേഖപ്പെടുത്തി. രാജ്യം ശക്തമായി തുടരണമെന്നും വളര്‍ച്ച തുടരണമെന്നും മനസ്സില്‍ വെച്ചാണ് വോട്ടു രേഖപ്പെടുത്തിയതെന്നായിരുന്നു താരത്തിന്റെ പ്രതികരണം. കൂടുതല്‍ ആളുകള്‍ എത്തി അവര്‍ക്ക് അനുയോജ്യമെന്ന കരുതുന്നവര്‍ക്ക് വോട്ടു ചെയ്യണമെന്നും താരം ആഹ്വാനം ചെയ്തു

വോട്ടു ചെയ്യാന്‍ വരി നിന്ന് അനില്‍ അംബാനി

മുംബൈയിലെ പോളിങ്ങ് ബൂത്തില്‍ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പായി തന്നെ വരിയില്‍ നിന്ന് അനില്‍ അംബാനി

ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് വോട്ട് രേഖപ്പെടുത്തി

ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ലഖ്‌നൗവില്‍ വോട്ട് രേഖപ്പെടുത്തി. ജനങ്ങളോട് രാജ്യത്തിന് വേണ്ടി വോട്ടുരേഖപ്പെടുത്താന്‍ ബ്രജേഷ് പഥക് ആഹ്വാനം ചെയ്തു. 2014 മുതല്‍ മോദിയുടെ നേതൃത്വത്തില്‍ ബിജെപി വോട്ടുശതമാനവും സീറ്റുകളും വര്‍ദ്ധിപ്പിക്കുകയാണെന്ന് യുപി ഉപമുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ജനങ്ങള്‍ തങ്ങള്‍ക്ക് 400 സീറ്റിലധികം നല്‍കി ഉജ്ജ്വല വിജയം സമ്മാനിക്കാന്‍ തയ്യാറായി കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു.

ഇറാനിയൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി സംശയം

വിദ്വേഷത്തിന് പകരം സാഹോദര്യത്തിനും സ്‌നേഹത്തിനും വേണ്ടി വോട്ടു ചെയ്യമെന്ന് ആഹ്വാനം ചെയ്ത് മല്ലികാർജ്ജുൻ ഖർഗെ

ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കണമെങ്കില്‍ വോട്ടുചെയ്യണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. വോട്ടിങ് ബട്ടണില്‍ വിരല്‍ അമര്‍ത്തുന്നതിന് മുമ്പ് വിദ്വേഷത്തിന് പകരം സാഹോദര്യത്തിനും സ്‌നേഹത്തിനും വേണ്ടിയാണ് വോട്ടു ചെയ്യുന്നതെന്ന് ഓര്‍മ്മിക്കണമെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍. വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും എതിരെയാണ് വോട്ടു ചെയ്യേണ്ടത്, അല്ലാതെ ഏതാനും മുതലാളിമാരെ കൂടുതല്‍ പണക്കാരാക്കാന്‍ വേണ്ടിയല്ല. നമ്മുടെ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നവര്‍ക്കല്ല നമ്മുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാകണം വോട്ടു ചെയ്യേണ്ടതെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ എക്‌സില്‍ കുറിച്ചു.

കൈസര്‍ഗഞ്ചിലെ സിറ്റിങ്ങ് എംപി ബ്രിജ് ഭൂഷണ്‍ സിങ്ങ് വോട്ട് രേഖപ്പെടുത്തി

കൈസര്‍ഗഞ്ചിലെ പോളിങ്ങ് ബൂത്തിലെത്തി സിറ്റിങ്ങ് എംപി ബ്രിജ് ഭൂഷണ്‍ സിങ്ങ് വോട്ട് രേഖപ്പെടുത്തി. ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ മകന്‍ കരണ്‍ ഭൂഷണ്‍ സിങ്ങാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി

സ്മൃതി ഇറാനി അമേഠിയില്‍ വോട്ട് രേഖപ്പെടുത്തി

അമേഠിയിലെ സിറ്റിങ്ങ് എംപിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കേന്ദ്രമന്ത്രി സ്മൃതി ഇറാനി അമേഠിയിലെ പോളിങ്ങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. വോട്ടു ചെയ്യാനെത്തിയവര്‍ക്കൊപ്പം വരിനിന്നാണ് സ്മൃതി ഇറാനി വോട്ടുരേഖപ്പെടുത്തിയത്. ജനങ്ങള്‍ വരി നില്‍ക്കുന്നതിനെ ബാധിക്കാതെ അകന്ന് നില്‍ക്കാന്‍ മാധ്യമ പ്രവര്‍ത്തകരോടും ഫോട്ടോഗ്രാഫര്‍മാരോടും സ്മൃതി ഇറാനി ആവശ്യപ്പെട്ടു. വോട്ടു ചെയ്യാനെത്തിയ മുതര്‍ന്നവര്‍ക്കായി സ്മൃതി ഇറാനി വഴിയൊരുക്കി

അഞ്ചാം ഘട്ട തിരഞ്ഞെടുപ്പ് ആദ്യ മണിക്കൂറുകളിൽ പോളിംഗ് 10.27 ശതമാനം.  ഏറ്റവും ഉയർന്ന പോളിംഗ് പശ്ചിമ ബംഗാളിൽ പോളിംഗ് ഏറ്റവും കുറവ് മഹാരാഷ്ട്രയിൽ

  • ബിഹാര്‍ 8.86%

  • ജമ്മു കാശ്മീര്‍ 7.63%

  • ജാര്‍ഖണ്ഡ് 11.68%

  • ലഡാക്ക് 10.51%

  • മഹാരാഷ്ട്ര 6.33%

  • ഒഡീഷ 6.87%

  • ഉത്തര്‍പ്രദേശ് 12.89%

  • പശ്ചിമബംഗാള്‍ 15.35%

രാജ്യത്തിന് വിദ്വേഷത്തിന്റെ രാഷ്ട്രീയം മടുത്തുവെന്നും പുതിയ വിഷയങ്ങളുടെ പേരിലാണ് രാജ്യം വോട്ടു ചെയ്യുന്നതെന്ന് രാഹുല്‍ ഗാന്ധി

അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ പുതിയ വിഷയങ്ങളുടെ പേരിലാണ് രാജ്യം വോട്ടുചെയ്യുന്നതെന്ന് എക്‌സില്‍ കുറിച്ച് രാഹുല്‍ ഗാന്ധി. 'ഇന്നാണ് അഞ്ചാംഘട്ട വോട്ടെടുപ്പ്. ഭരണഘടനയെയും ജനാധിപത്യത്തെയും പ്രതിരോധിക്കാനും ബിജെപിയെ തോല്‍പ്പിക്കാനും ആളുകള്‍ അണിനിരന്നു എന്നാണ് തിരഞ്ഞെടുപ്പിന്റെ ആദ്യനാല് ഘട്ടങ്ങളും സൂചിപ്പിക്കുന്നത്. രാജ്യത്തിന് വിദ്വേഷത്തിന്റെ രാഷ്ട്രീയം മടുത്തുവെന്നും പുതിയ വിഷയങ്ങളുടെ പേരിലാണ് രാജ്യം വോട്ടു ചെയ്യുന്ന'തെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു. യുവാക്കള്‍ ജോലിക്ക് വേണ്ടിയും കര്‍ഷകര്‍ മിനിമം താങ്ങുവിലയ്ക്കും കടത്തില്‍ നിന്നുള്ള മോചനത്തിനു് വേണ്ടിയും സ്ത്രീകള്‍ സാമ്പത്തിക സുരക്ഷിതത്വത്തിനും സുരക്ഷയ്ക്കും വേണ്ടിയും തൊഴിലാളികള്‍ മെച്ചമായ കൂലിക്ക് വേണ്ടിയുമാണ് വോട്ട് ചെയ്യുന്നത്. ജനങ്ങള്‍ ഇന്‍ഡ്യ മുന്നണിക്കൊപ്പം നിന്നാണ് പോരാടുന്നതെന്നും രാജ്യത്ത് മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശുകയാണെന്നും രാഹുല്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. കുടുംബങ്ങളുടെ ക്ഷേമത്തിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ പുരോഗതിക്കുമായി അമേഠിയിലെയും റായ്ബറേലിയിലെയും അടക്കം രാജ്യത്തെ മുഴുവന്‍ വോട്ടര്‍മാരും വോട്ടു ചെയ്യണമെന്നും രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു.

രാജ്‌നാഥ് സിങ്ങ് വോട്ടു രേഖപ്പെടുത്തി

ലഖ്‌നൗവിലെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജ്‌നാഥ് സിങ്ങ് ലഖ്‌നൗവിലെ പോളിങ്ങ്ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ലഖ്‌നൗവില്‍ നിന്നും മൂന്നാംവട്ടമാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ് ജനവിധി തേടുന്നത്. 2014ലാണ് രാജ്‌നാഥ് സിങ്ങ് ലഖ്‌നൗവില്‍ നിന്ന് ആദ്യ അങ്കത്തിനിറങ്ങുന്നത്. 2019ലും ലഖ്‌നൗവില്‍ നിന്നും രാജ്‌നാഥ് സിങ്ങ് വിജയിച്ചിരുന്നു. സമാജ് വാദി പാര്‍ട്ടിയിലെ രവിദാസ് മെഹ്‌റോത്രയാണ് ഇത്തവണ ഇവിടെ രാജ്‌നാഥ് സിങ്ങിന്റെ എതിരാളി.

രാവിലെ ഒൻപത് മണിവരെയുള്ള കണക്കുകൾ പ്രകാരം ഉത്തർപ്രദേശിൽ 12.89 ശതമാനം പോളിങ്ങ്

അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രധാനപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ് വോട്ട് രേഖപ്പെടുത്തി. അയോധ്യയിലെ പോളിങ്ങ് ബൂത്തിലെത്തിയാണ് വോട്ട് ചെയ്തത്

ജമ്മു കാശ്മീരിലെ കുപ്‌വാരയില്‍ വോട്ടുരേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ച് നടന്ന പ്രാചരണത്തിന്റെ വീഡിയോ പങ്ക് വെച്ച ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍

അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപിയുടെ ലല്ലു സിങ്ങ് വിജയിക്കുമെന്ന് ബജ്‌രംഗ് ദള്‍ സ്ഥാപകന്‍ വിനയ് കത്യാര്‍

11 മണിയിലെ കണക്ക് പ്രകാരം അഞ്ചാംഘട്ട വോട്ടെടുപ്പിൽ പോളിങ്ങ് 23.66 ശതമാനം. പോളിങ്ങ് ശതമാനത്തിൽ മുന്നിൽ ബംഗാൾ പിന്നിൽ മഹാരാഷ്ട്ര

  • ബിഹാര്‍ 21.11%

  • ജമ്മു കാശ്മീര്‍ 21.37%

  • ജാര്‍ഖണ്ഡ് 26.18%

  • ലഡാക്ക് 27.87%

  • മഹാരാഷ്ട്ര 15.93%

  • ഒഡീഷ 20.07%

  • ഉത്തര്‍പ്രദേശ് 27.76%

  • പശ്ചിമബംഗാള്‍ 32.70%

റായ്ബറേലിയിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച് രാഹുല്‍ ഗാന്ധി

റായ്ബറേലിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് ദിവസം റായ്ബറേലി പിപ്പലേശ്വര്‍ ഹുമാന്‍ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചു

ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസില്‍ പോളിങ് ബൂത്തിന് മുന്നില്‍ രാവിലെ രൂപപ്പെട്ട നീണ്ട ക്യൂ

ബാരാമുള്ള ലോക്‌സഭാ മണ്ഡലത്തിലെ ഒരു പോളിങ്ങ് ബൂത്തില്‍ വോട്ടു ചെയ്യാനെത്തിയവര്‍

ഉദ്ദവ് താക്കറെ വോട്ട് രേഖപ്പെടുത്താനെത്തി

ശിവസേന നേതാവ് ഉദ്ദവ് താക്കറെ കുടുംബ സമേതം വോട്ടു ചെയ്യാനെത്തി. പങ്കാളി രശ്മിയും മകന്‍ അദിത്യ താക്കറെയും ഒപ്പമുണ്ടായിരുന്നു. പോളിങ്ങ് സ്‌റ്റേഷനില്‍ വോട്ടര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നില്ലെന്ന് ആദിത്യ താക്കറെ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ കുറ്റപ്പെടുത്തി. വോട്ടര്‍മാര്‍ക്ക് തണലൊരുക്കുകയോ ഫാന്‍ വയ്ക്കുകയോ ചെയ്യുന്നത് വോട്ടര്‍മാര്‍ക്ക് സഹായകമാകുമെന്നും അദിത്യ താക്കറെ കൂട്ടിച്ചേര്‍ത്തു.

ഉച്ചയ്ക്ക് ഒരു മണിവരെയുള്ള കണക്ക് പ്രകാരം അഞ്ചാം ഘട്ടത്തിൽ രേഖപ്പെടുത്തിയത് 36.73 ശതമാനം പോളിങ്

  • ബിഹാര്‍ 34.62%

  • ജമ്മു കാശ്മീര്‍ 34.79%

  • ജാര്‍ഖണ്ഡ് 41.89%

  • ലഡാക്ക് 52.02%

  • മഹാരാഷ്ട്ര 27.78%

  • ഒഡീഷ 35.31%

  • ഉത്തര്‍പ്രദേശ് 39.55%

  • പശ്ചിമബംഗാള്‍ 48.41%

ഉച്ചയ്ക്ക് 1 മണിവരെ പോളിങ്ങിൽ മുന്നിൽ ലഡാക്ക് ഇഴഞ്ഞ് മഹാരാഷ്ട്ര. ബംഗാളിൽ 48.41 ശതമാനവും ജാർഖണ്ഡിൽ 41.89 ശതമാനവും പോളിങ്

ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കുന്ന എട്ട് മണ്ഡലങ്ങളിൽ ഏറ്റവും പോളിങ്ങ് കുറവ് കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്ങ് മത്സരിക്കുന്ന  ലഖ്‌നൗവിൽ. ലഖ്‌നൗവിലെ പോളിങ് 33.50 ശതമാനം 

രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിൽ 39.69 ശതമാനം പോളിങ്ങ്. ഉച്ചയ്ക്ക് ഒരു മണിവരെയുള്ള കണക്ക് പ്രകാരം അമേഠിയിൽ പോളിങ്ങ് മന്ദഗതിയിൽ

ഉത്തർപ്രദേശിൽ കോൺഗ്രസിൻ്റെ ഏക സിറ്റിങ് സീറ്റായ റായ്ബറേലിയിൽ ഉച്ചയ്ക്ക് ഒരു മണിവരെ രേഖപ്പെടുത്തിയത് 39.69 ശതമാനം പോളിങ്ങ്. സ്മൃതി ഇറാനി മത്സരിക്കുന്ന അമേഠിയിൽ പോളിങ്ങ് മന്ദഗതിയിലാണ് 38.21 ശതമാനമാണ് അമേഠിയിലെ പോളിങ്ങ് നിരക്ക്.

പാരമ്പര്യ വേഷത്തില്‍ വോട്ട് ചെയ്യാനെത്തിയ ലഡാക്കിലെ വോട്ടര്‍മാര്‍

കള്ളവോട്ട് ആരോപണം; യുപിയിൽ എസ്പി-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം

കള്ളവോട്ട് ആരോപണത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂരിലെ പോളിങ്ങ് ബൂത്തില്‍ സമാജ് വാദി പാര്‍ട്ടി ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

പ്രസാര്‍ ഭാരതി ചെയര്‍മാന്‍ നവനീത് കുമാര്‍ സെഗാളും കുടുംബവും വോട്ട് രേഖപ്പെടുത്തി

ലഖ്‌നൗവിലെ പോളിങ് ബൂത്തിലെത്തിയാണ് പ്രസാര്‍ ഭാരതി ചെയര്‍മാന്‍  നവനീത് കുമാര്‍ കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയത്. 'വോട്ട് രേഖപ്പെടുത്തുകയെന്നത് നമ്മുടെ മൗലിക അവകാശമാണ്. അത് സന്തോഷത്തോടെയും ആവേശത്തോടെയും വിനിമയോഗിച്ചു. ലഖ്‌നൗവിലെ എല്ലാവരും വീട്ടില്‍ നിന്ന് വന്ന് വോട്ടുരേഖപ്പെടുത്തണ'മെന്നും നവനീത് കുമാര്‍ ആവശ്യപ്പെട്ടു.

അഞ്ചാംഘട്ട വോട്ടെടുപ്പിൽ മൂന്ന് മണിവരെയുള്ള കണക്കുകൾ പ്രകാരം 47.53 ശതമാനം പോളിങ്ങ് 

  • ബിഹാര്‍ 45.33%

  • ജമ്മു കാശ്മീര്‍ 44.90%

  • ജാര്‍ഖണ്ഡ് 53.90%

  • ലഡാക്ക് 61.26%

  • മഹാരാഷ്ട്ര 38.77%

  • ഒഡീഷ 48.95%

  • ഉത്തര്‍പ്രദേശ് 42.55%

  • പശ്ചിമബംഗാള്‍ 62.72%

റായ്ബറേലിയിലെ ബൂത്ത് സന്ദര്‍ശിക്കാനെത്തി രാഹുല്‍ ഗാന്ധി

റായ്ബറേലിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി റായ്ബറേലിയിലെ ബൂത്തില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍

അമേഠിയില്‍ പോളിങ് ശതമാനത്തില്‍ നേരിയ മുന്നേറ്റം, 50 ശതമാനം തൊടാതെ റായ്ബറേലി

മൂന്ന് മണിവരെയുള്ള കണക്ക് പ്രകാരം അഞ്ചാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന പതിനാല് ലോക്സഭാ മണ്ഡലങ്ങളിൽ 50 ശതമാനത്തിലേറെ പോളിങ് പിന്നിട്ട് മൂന്ന് മണ്ഡലങ്ങൾ. ഏറ്റവും കൂടുതൽ പോളിങ്ങ് രേഖപ്പെടുത്തിയത് ബാരാബങ്കി ലോക്സഭാ മണ്ഡലത്തിലാണ്. 55.36 ശതമാനമാണ് ഇവിടെ പോളിങ്ങ്. 52.53 ശതമാനം പോളിങ്ങുള്ള ഝാൻസിയാണ് രണ്ടാമത്. മൂന്നാമതുള്ള മോഹൻലാൽഗഞ്ചിൽ 51.08 ശതമാനമാണ് പോളിങ്ങ്. അമേഠിയിൽ 45.13 ശതമാനവും റായ്ബറേലിയിൽ 47.83 ശതമാനമാണ് പോളിങ്ങ്. ലഖ്‌നൗവിലാണ് ഏറ്റവും കുറവ് പോളിങ്. കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്ങ് മത്സരിക്കുന്ന ലഖ്‌നൗവിൽ 41.90 ശതമാനമാണ് പോളിങ്.

റായ്ബറേലിയിൽ വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച്  രാഹുൽ ഗാന്ധി

ഉത്തർപ്രദേശിലെ റായ്ബറേലിയിൽ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. റായ്ബറേലിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് രാഹുൽ. ഉച്ചതിരിഞ്ഞ് മൂന്ന് മണിവരെയുള്ള കണക്ക് പ്രകാരം 47.83 ശതമാനമാണ് റായ്ബറേലിയിലെ പോളിങ്ങ്.

സരനിൽ ഉച്ചതിരിഞ്ഞ് മൂന്ന് മണിവരെ 43.13 ശതമാനം പോളിങ്ങ്

ആർജെഡിയുടെയും ലാലുപ്രസാദ് യാദവിൻ്റെയും ശക്തികേന്ദ്രമായ സരനിൽ ഉച്ചതിരിഞ്ഞ് മൂന്ന് മണിവരെ 43.13 ശതമാനം പോളിങ്ങ്. ലാലു പ്രസാദ് യാദവിൻ്റെ മകൾ രോഹിണി ആചാര്യയാണ് ഇവിടെ മത്സരിക്കുന്നത്. രണ്ട് ടേമായി സരന്‍ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാജീവ് പ്രതാപ് റൂഡിയാണ് ബിജെപി സ്ഥാനാർത്ഥി

കോണ്‍ഗ്രസിന്റെ മാനിഫെസ്റ്റോയെ കളിയാക്കുക വഴി മോദി കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്നു; റോബര്‍ട്ട് വദ്ര

'എല്ലാദിവസവും രണ്ട് മണിക്കൂറോളം പ്രധാമന്ത്രി സംസാരിക്കുന്നത് നമ്മള്‍ കേള്‍ക്കാറുണ്ട്. എനിക്ക് തോന്നുന്നത് പലപ്പോഴും അദ്ദേഹം രാഹുലിനെയും പ്രിയങ്കയെയും കോണ്‍ഗ്രസ് മാനിഫെസ്റ്റോയെയും കളിയാക്കുന്നുവെന്നാണ്. യഥാര്‍ത്ഥത്തില്‍ എല്ലാവരും മാനിഫെസ്റ്റോ വായിക്കാന്‍ കാരണക്കാരന്‍ പ്രധാനമന്ത്രിയാണ്. അങ്ങനെ മോദി കോണ്‍ഗ്രസിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അദ്ദേഹം എന്ത് പറയുന്നോ അത് പരസ്പരവിരുദ്ധ'മാണെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് കൂടിയായ റോബര്‍ട്ട് വദ്ര പറഞ്ഞു.

നെഹ്റു-ഗാന്ധി കുടുംബം രാജ്യത്തിന് വേണ്ടി പ്രവർത്തിച്ചത് ജനങ്ങൾക്കറിയാം; റോബർട്ട് വദ്ര

ഗാന്ധി കുടുംബത്തെക്കുറിച്ച് താന്‍ പറയേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ റോബര്‍ട്ട് വദ്ര രാജ്യം മുഴുവനും മുഴുവന്‍ ജനങ്ങള്‍ക്കും കഴിഞ്ഞ എഴുപത് വര്‍ഷമായി അത് അറിയാമെന്നും ചൂണ്ടിക്കാണിച്ചു. നെഹ്‌റു-ഗാന്ധി കുടുംബം രാജ്യത്തിന്റെ വികസനത്തിലും ജനങ്ങളുടെ മികവിനും സമത്വത്തിനും മതേതരത്വത്തിനും വേണ്ടി അവര്‍ നിലകൊണ്ടുവെന്നും എല്ലാവരും തുല്യരാണെന്ന തോന്നല്‍ ഉണ്ടാക്കിയെന്നും റോബര്‍ട്ട് വദ്ര പറഞ്ഞു

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗി ആദിത്യനാഥ്

രാജ്യത്ത് എന്തെങ്കിലും പ്രതിസന്ധി എപ്പോള്‍ വന്നാലും രാജ്യത്ത് നിന്നും ഓടിപ്പോകുന്നവരുടെ കൂട്ടത്തില്‍ ആദ്യം വരുന്ന പേര് രാഹുല്‍ ഗാന്ധിയുടേതാണെന്നായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിമര്‍ശനം

അഞ്ചാംഘട്ട വോട്ടെടുപ്പിൽ വൈകുന്നേരം അഞ്ച് മണിവരെ പോളിങ് 56.68 ശതമാനം

  • ബിഹാര്‍ 52.35%

  • ജമ്മു കാശ്മീര്‍ 54.21%

  • ജാര്‍ഖണ്ഡ് 61.90%

  • ലഡാക്ക് 67.15%

  • മഹാരാഷ്ട്ര 48.66%

  • ഒഡീഷ 60.55%

  • ഉത്തര്‍പ്രദേശ് 55.80%

  • പശ്ചിമബംഗാള്‍ 73.00%

അഞ്ചാംഘട്ട വോട്ടെടുപ്പ്; അഞ്ച് മണിവരെ അമേഠിയിൽ 52.68 ശതമാനവും റായ്ബറേലിയിൽ 56.26 ശതമാനവും പോളിങ്ങ്

അഞ്ച് മണിവരെയുള്ള കണക്ക് പ്രകാരം അഞ്ചാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന പതിനാല് ലോക്സഭാ മണ്ഡലങ്ങളിൽ 60 ശതമാനത്തിലേറെ പോളിങ് പിന്നിട്ട് മൂന്ന് മണ്ഡലങ്ങൾ. ഏറ്റവും കൂടുതൽ പോളിങ്ങ് രേഖപ്പെടുത്തിയത് ബാരാബങ്കി ലോക്സഭാ മണ്ഡലത്തിലാണ്. 64.86 ശതമാനമാണ് ഇവിടെ പോളിങ്ങ്. 61.18 ശതമാനം പോളിങ്ങുള്ള ഝാൻസിയാണ് രണ്ടാമത്. മൂന്നാമതുള്ള മോഹൻലാൽഗഞ്ചിൽ 60.10 ശതമാനമാണ് പോളിങ്ങ്. അമേഠിയിൽ 52.68 ശതമാനവും റായ്ബറേലിയിൽ 56.26 ശതമാനവുമാണ് പോളിങ്ങ്. ലഖ്‌നൗവിലാണ് ഏറ്റവും കുറവ് പോളിങ്. കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്ങ് മത്സരിക്കുന്ന ലഖ്‌നൗവിൽ 49.88 ശതമാനമാണ് പോളിങ്. ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കുന്ന പതിനാല് മണ്ഡലങ്ങളിൽ അഞ്ച് മണിവരെ പോളിങ്ങ് 50 ശതമാനം പിന്നിടാത്ത ഏക മണ്ഡലവും ലഖ്‌നൗവാണ്.

അഞ്ചാംഘട്ടം വോട്ടെടുപ്പ് പോളിങ്ങ് അവസാനിച്ചു

ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലേയ്ക്കായിരുന്നു അഞ്ചാംഘട്ട തിരഞ്ഞെടുപ്പ് നടന്നത്. ഒടുവിലത്തെ കണക്ക് പ്രകാരം 60 ശതമാനത്തിലേറെയാണ് അഞ്ചാംഘട്ടത്തിലെ പോളിങ് നിരക്ക്.

അഞ്ചാംഘട്ട വോട്ടെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഏറ്റവും ഒടുവിൽ പുറത്ത് വിട്ട കണക്ക് പ്രകാരം രേഖപ്പെടുത്തിയത് 60.48 ശതമാനം പോളിങ്ങ്

  • ബിഹാര്‍ 54.85%

  • ജമ്മു കാശ്മീര്‍ 58.17%

  • ജാര്‍ഖണ്ഡ് 63.09%

  • ലഡാക്ക് 69.62%

  • മഹാരാഷ്ട്ര 54.33%

  • ഒഡീഷ 69.34%

  • ഉത്തര്‍പ്രദേശ് 57.79%

  • പശ്ചിമബംഗാള്‍ 76.05%

അഞ്ചാംഘട്ട വോട്ടെടുപ്പ്; ഏറ്റവും ഒടുവിൽ പുറത്ത് വന്ന കണക്ക് പ്രകാരം അമേഠിയിൽ 54.15 ശതമാനവും റായ്ബറേലിയിൽ 57.85 ശതമാനവും പോളിങ്ങ്

തിരഞ്ഞെടുപ്പ് കമ്മീഷൻ ഏറ്റവും ഒടുവിൽ പുറത്ത് വിട്ട കണക്ക് പ്രകാരം അഞ്ചാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന പതിനാല് ലോക്സഭാ മണ്ഡലങ്ങളിൽ 60 ശതമാനത്തിലേറെ പോളിങ് പിന്നിട്ട് നാല് മണ്ഡലങ്ങൾ. ഏറ്റവും കൂടുതൽ പോളിങ്ങ് രേഖപ്പെടുത്തിയത് ബാരാബങ്കി ലോക്സഭാ മണ്ഡലത്തിലാണ്. 66.91 ശതമാനമാണ് ഇവിടെ പോളിങ്ങ്. 63.57 ശതമാനം പോളിങ്ങുള്ള ഝാൻസിയാണ് രണ്ടാമത്. മൂന്നാമതുള്ള മോഹൻലാൽഗഞ്ചിൽ 62.53 ശതമാനമാണ് പോളിങ്ങ്. 60.36 ശതമാനം പോളിങ് രേഖപ്പെടുത്തിയ ഹാമിർപൂരാണ് 60 ശതമാനം പോളിങ് പിന്നിട്ട നാലാമത്തെ മണ്ഡലം. അമേഠിയിൽ 54.15 ശതമാനവും റായ്ബറേലിയിൽ 57.85 ശതമാനവുമാണ് പോളിങ്ങ്. ഗോണ്ടയിലാണ് ഏറ്റവും കുറവ് പോളിങ്ങ് രേഖപ്പെടുത്തിയത്. 51.45 ആണ് ഇവിടെ രേഖപ്പെടുത്തിയ പോളിങ്. കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്ങ് മത്സരിക്കുന്ന ലഖ്‌നൗവിൽ 52.03 ശതമാനമാണ് പോളിങ്.

logo
Reporter Live
www.reporterlive.com