ഞാന്‍ ആര്‍എസ്എസുകാരന്‍,തിരിച്ചുപോകാന്‍ തയ്യാര്‍;വിരമിക്കല്‍ പ്രസംഗത്തില്‍ കല്‍ക്കത്ത ഹൈക്കോടതി ജഡ്ജി

'ധീരനും സത്യസന്ധനുമാകാന്‍ ഞാന്‍ അവിടെ നിന്ന് പഠിച്ചു. മറ്റുള്ളവരോട് തുല്യത പുലര്‍ത്താനും എല്ലാത്തിനുമുപരിയായി രാജ്യസ്നേഹവും ജോലിയോടുള്ള പ്രതിബദ്ധതയും കാത്തുസൂക്ഷിക്കുന്ന ഒരാളാകാന്‍ ഞാന്‍ പഠിച്ചു'
ഞാന്‍ ആര്‍എസ്എസുകാരന്‍,തിരിച്ചുപോകാന്‍ തയ്യാര്‍;വിരമിക്കല്‍ പ്രസംഗത്തില്‍ കല്‍ക്കത്ത ഹൈക്കോടതി ജഡ്ജി
Updated on

കോല്‍ക്കത്ത: താന്‍ ആര്‍എസ്എസുകാരനായിരുന്നുവെന്ന് കല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസ്. വിരമിക്കല്‍ പ്രസംഗത്തിലായിരുന്നു പ്രസ്താവന. തിരികെ വിളിച്ചാല്‍ ആര്‍എസ്എസിലേക്ക് പോകാന്‍ തയ്യാറാണെന്നും പ്രസംഗത്തില്‍ പറയുന്നുണ്ട്. മറ്റുള്ള ജഡ്ജിമാരുടെയും ബാര്‍ അസോസിയേഷന്‍ അംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു പ്രസ്താവന.

14 വര്‍ഷത്തോളം ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ടിച്ച ശേഷമാണ് ചിത്തരഞ്ജന്‍ ദാസ് വിരമിച്ചത്. ഒറീസ ഹൈക്കോടതിയില്‍ നിന്ന് സ്ഥലം മാറിയാണ് ചിത്തരഞ്ജന്‍ കല്‍ത്തത്ത ഹൈക്കോടതിയിലെത്തിയത്. തിങ്കളാഴ്ച നടത്തിയ വിരമിക്കല്‍ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ, 'ഇന്ന് ഞാന്‍ ആരായിരുന്നുവെന്ന് ഇവിടെ വ്യക്തമാക്കേണ്ടതുണ്ട്. ഞാന്‍ ഒരു ആര്‍എസ്എസുകാരനായിരുന്നു, ആര്‍എസ്എസുകാരനാണ്.

ആ സംഘടനയോട് ഞാന്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നു. കുട്ടിക്കാലം മുതല്‍ യൗവനകാലം വരെ സംഘടനയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ധീരനും സത്യസന്ധനുമാകാന്‍ ഞാന്‍ അവിടെ നിന്ന് പഠിച്ചു. മറ്റുള്ളവരോട് തുല്യത പുലര്‍ത്താനും എല്ലാത്തിനുമുപരിയായി രാജ്യസ്നേഹവും ജോലിയോടുള്ള പ്രതിബദ്ധതയും കാത്തുസൂക്ഷിക്കുന്ന ഒരാളാകാന്‍ ഞാന്‍ പഠിച്ചു.

ജോലിയുടെ ആവശ്യകതമൂലം 37 വര്‍ഷമായി ആര്‍എസ്എസുമായി അകലം പാലിച്ചു. ജോലിയിലെ ഒരു പുരോഗതിക്കും ആ അംഗത്വം ഞാന്‍ ഉപയോഗിച്ചിട്ടില്ല. എന്തുകൊണ്ടെന്നാല്‍ അതെന്റെ തത്വങ്ങള്‍ക്ക് എതിരാണ്. പാവപ്പെട്ടവരോടും പണക്കാരോടും ഞാന്‍ ഒരുപോലെ പെരുമാറി. കമ്മ്യൂണിസ്റ്റായാലും ബിജെപിക്കാരനായാലും കോണ്‍ഗ്രസോ തൃണമൂല്‍ കോണ്‍ഗ്രസുകാരനോ ആയാലും അവരോടെല്ലാം ഒരുപോലെയാണ് പെരുമാറിയത്. എന്റെ മുന്നില്‍ എല്ലാവരും തുല്യരാണ്. എന്തിന്റെ പേരിലും ആരോടും പക്ഷപാതിത്വം കാണിച്ചിട്ടില്ല. രണ്ട് തത്വങ്ങളില്‍ ഞാന്‍ നീതി നടപ്പാക്കാന്‍ ശ്രമിക്കുന്നു. ഒന്ന് സഹാനുഭൂതി, രണ്ടാമത്തേത്, നീതിക്ക് വേണ്ടി നിയമത്തെ വളച്ചൊടിക്കാം, എന്നാല്‍ നിയമത്തിന് അനുസരിച്ച് നീതിയെ വളച്ചൊടിക്കാന്‍ കഴിയില്ല.

സഹായത്തിനായോ എന്നാല്‍ കഴിയുന്നോ എന്തെങ്കിലും കാര്യത്തിനായോ സമീപിച്ചാല്‍ ഞാന്‍ ആര്‍എസ്എസിലേക്ക് തിരിച്ചുപോകും. എന്റെ ജീവിതത്തില്‍ ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഞാന്‍ ആര്‍എസ്എസുകാരനാണെന്ന് ധൈര്യത്തോടെ പറയാന്‍ എനിക്ക് സാധിക്കും. കാരണം ആ സംഘടനയും തെറ്റല്ല', ചിത്തരഞ്ജന്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com