മുന്‍ DGPയുടെ വീട്ടിലെ ഫ്യൂസ് ഊരി ഊര്‍ജ്ജവകുപ്പ് സെക്രട്ടറിയായ മുന്‍ഭാര്യ

ഐപിഎസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതിയാണ് രാജേഷ് ദാസ്
മുന്‍ DGPയുടെ വീട്ടിലെ ഫ്യൂസ് ഊരി ഊര്‍ജ്ജവകുപ്പ് സെക്രട്ടറിയായ മുന്‍ഭാര്യ
Updated on

ചെന്നൈ: തമിഴ്‌നാട് സ്‌പെഷ്യല്‍ മുന്‍ ഡിജിപി രാജേശ് ദാസ് താമസിക്കുന്ന വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് മുന്‍ ഭാര്യയും തമിഴ്‌നാട് ഊര്‍ജ്ജവകുപ്പ് സെക്രട്ടറിയുമായ ബീല വെങ്കിടേശന്‍. വീടിരിക്കുന്ന ഭൂമിയും വൈദ്യുതി കണക്ഷനും തന്റെ പേരിലാണെന്നും അനാവശ്യമായി പണം ചെലവാക്കാന്‍ ആഗ്രഹിക്കാത്തതിനാലുമാണ് വൈദ്യുതി വിച്ഛേദിക്കുന്നതെന്ന് ബീല പ്രതികരിച്ചു. ബീല അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്ന ആരോപണവുമായി രാജേഷ് ദാസും രംഗത്തെത്തി. ഐപിഎസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതിയാണ് രാജേഷ് ദാസ്.

വീട്ടില്‍ അതിക്രമിച്ചു കയറിയെന്ന് ആരോപിച്ച് രാജേഷ് ദാസിനെതിരെ ബീല നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. രാജേഷ് ദാസും ആളുകളും തന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. അധികാര ദുര്‍വിനിയോഗമാണെന്ന് രാജേഷ് ദാസിന്റെ ആരോപണം തള്ളിയ ബീല, വൈദ്യുതി കണക്ഷന്‍ തന്റെ പേരിലാണെന്നും വ്യക്തമാക്കി. വീട് നിര്‍മ്മിക്കാന്‍ ഇരുവരും ചേര്‍ന്നാണ് വായ്പയെടുത്തതെന്നും അവര്‍ പറഞ്ഞു.

തിങ്കളാഴ്ചയാണ് രാജേഷ് ദാസ് താമസിക്കുന്ന വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. ഞായറാഴ്ച അധികൃതര്‍ എത്തിയിരുന്നെങ്കിലും രാജേഷ് ദാസ് ഇത് തടഞ്ഞിരുന്നു. തുടര്‍ന്നാണ് മടങ്ങിപ്പോയ ഉദ്യോഗസ്ഥര്‍ തിങ്കളാഴ് ഊര്‍ജവകുപ്പ് സെക്രട്ടറിയുടെ കത്തുമായി എത്തിയത്.

ഐപിഎസ് ഉദ്യോഗസ്ഥയെ പീഡിപ്പിച്ച കേസില്‍ രാജേഷ് ദാസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. മൂന്ന് വര്‍ഷത്തെ തടവുശിക്ഷയും കോടതി വിധിച്ചിരുന്നു. രാജേഷ് ദാസിന്റെ അറസ്റ്റ് സുപ്രീം കോടതി താല്‍കാലികമായി തടഞ്ഞിരുന്നു. 2023ല്‍ രാജേഷ് നിര്‍ബന്ധിത വിരമിക്കലിന് വിധേയമായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com