ധ്രുവ് റാഠിയുടെ വീഡിയോ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചു; അഭിഭാഷകനെതിരെ കേസ്

വാട്സാപ്പ് ഗ്രൂപ്പിൽ അധിക്ഷേപകരമായ വീഡിയോ പങ്കുവച്ചെന്നാരോപിച്ച് അസോസിയേഷൻ അംഗമായ മറ്റൊരു അഭിഭാഷകന് പൊലീസിൽ പരാതി നൽകുകയായിരുന്നു

dot image

മുംബൈ: യൂട്യൂബർ ധ്രുവ് റാഠിയുടെ വീഡിയോ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചതിന് അഭിഭാഷകനെതിരെ കേസെടുത്തു. മഹാരാഷ്ട്ര മീര ഭയന്ദർ വസയ് വിരാർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഏകാധിപത്യ സ്വഭാവമുണ്ടെന്ന് ധ്രുവ് ആരോപിക്കുന്ന വീഡിയോ പങ്കുവെച്ചതിനാണ് പാൽഗഡ് ജില്ലയിലെ വസായിയിൽ ബാർ അസോസിയേഷൻ അംഗമായ ആദേഷ് ബൻസോഡെയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷൻ സംസ്ഥാന സെക്രട്ടറി കൂടിയാണ് ആദേഷ്.'ദ നരേന്ദ്ര മോദി ഫയൽസ്: എ ഡിക്ടാറ്റർ മെന്റാലിറ്റി?' എന്ന തലക്കെട്ടോടെയുള്ള വീഡിയോ ആണ് ആദേഷ് വസായ് ബാർ അസോസിയേഷൻ വാട്സാപ്പ് ഗ്രൂപ്പിലിട്ടത്.

മെയ് 20-ന് അഞ്ചാംഘട്ട വോട്ടെടുപ്പിനു മുന്നോടിയായാണ് ആദേഷ് ഗ്രൂപ്പിൽ വീഡിയോ പങ്കുവെച്ചത്. വോട്ട് ചെയ്യാൻ പോകും മുൻപ് കാണുക എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ ഇട്ടത്. വാട്സാപ്പ് ഗ്രൂപ്പിൽ അധിക്ഷേപകരമായ വീഡിയോ പങ്കുവച്ചെന്നാരോപിച്ച് അസോസിയേഷൻ അംഗമായ മറ്റൊരു അഭിഭാഷകന് പൊലീസിൽ പരാതി നൽകുകയായിരുന്നു. വോട്ടെടുപ്പിന്റെ ഭാഗമായി പൊലീസ് കമ്മീഷണർ മധൂകർ പാണ്ഡെ പുറത്തിറക്കിയ ഉത്തരവുകളുടെയും നിയന്ത്രണങ്ങളുടെയും ലംഘനമാണിതെന്നും പരാതിയിൽ പറയുന്നു.

തനിക്കെതിരായ പൊലീസിന്റെ എഫ്ഐആർ നിയമവിരുദ്ധമാണെന്ന് ആദേഷ് പ്രതികരിച്ചു. ജനങ്ങളുടെ ശബ്ദം അടിച്ചമർത്താനുള്ള ശ്രമമാണിത്. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണു തനിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്റർനെറ്റിൽ കോടിക്കണക്കിന് മനുഷ്യർ കാണുകയും ലൈക്ക് ചെയ്യുകയും പങ്കുവയ്ക്കുകയും ചെയ്ത വീഡിയോ ആണിത്. ഇവർക്കെതിരെയെല്ലാം പൊലീസ് കേസെടുക്കുമോയെന്നും ആദേഷ് ചോദിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us