അവസാന ഘട്ട വോട്ടെടുപ്പ് പൂർണ്ണമാവാൻ മണിക്കൂറുകൾ; ഇൻഡ്യ മുന്നണി യോഗം ആരംഭിച്ചു

തിരഞ്ഞെടുപ്പ് ഫലം ജൂൺ നാലിന് വരാനിരിക്കെയാണ് മുന്നണി യോഗം ചേരുന്നതെന്നത് ശ്രദ്ധേയമാണ്
അവസാന ഘട്ട വോട്ടെടുപ്പ് പൂർണ്ണമാവാൻ മണിക്കൂറുകൾ; 
ഇൻഡ്യ മുന്നണി യോഗം ആരംഭിച്ചു
Updated on

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് പ്രക്രിയകൾ പൂർത്തിയാകാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇൻഡ്യ മുന്നണിയിലെ ഉന്നത നേതാക്കളുടെ യോഗം മുന്നണി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ വെച്ച് ആരംഭിച്ചു. കോൺഗ്രസിൽ നിന്നും മുതിർന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ, കെ സി വേണുഗോപാൽ എന്നിവർ യോഗത്തിനെത്തിയിട്ടുണ്ട്. സിപിഐഎമ്മിൽ നിന്നും സീതാറാം യെച്ചൂരി, സിപിഐയിൽ നിന്നും ഡി രാജ, ജാർഖണ്ഡ് മുക്തി മൂർച്ചയിൽ നിന്ന് കല്പന സോറൻ, ചമ്പയ് സോറൻ, ഡിഎംകെയിൽ നിന്ന് ടി ആർ ബാലു, എൻസിപിയിൽ നിന്നും ശരദ് പവാർ, ശിവസേനയിൽ നിന്നും അനിൽ ദേശായി, നാഷണൽ കോൺഫറൻസിൽ നിന്നും ഫാറൂഖ് അബ്ദുള്ള, ആം ആദ്മി പാർട്ടിയിൽ നിന്നും അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, എംപിമാരായ സഞ്ജയ് സിങ്, രാഘവ് ഛദ്ദ, ആർജെഡിയിൽ നിന്നും തേജസ്വി യാദവ്, സമാജ് വാദി പാർട്ടിയിൽ നിന്നും അഖിലേഷ് യാദവ് തുടങ്ങിയവരും യോഗത്തിലെത്തിയിട്ടുണ്ട്.

ഡൽഹിയിൽ നടന്ന് കൊണ്ടിരിക്കുന്ന യോഗത്തിൽ, സഖ്യത്തിന്റെ തുടർ പ്രവർത്തനങ്ങളാകും പ്രധാന ചർച്ചാ വിഷയമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. തിരഞ്ഞെടുപ്പ് ഫലം ജൂൺ നാലിന് വരാനിരിക്കെയാണ് മുന്നണി യോഗം ചേരുന്നതെന്നത് ശ്രദ്ധേയമാണ്. ആറാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെ ഇൻഡ്യ സഖ്യം കേന്ദ്രത്തിൽ സർക്കാർ രൂപവത്കരിക്കുമെന്ന് കോൺഗ്രസ് പ്രസിഡന്റ് കൂടിയായ മല്ലികാർജുന്‍ ഖർഗെ പറഞ്ഞിരുന്നു. ഇൻഡ്യ മുന്നണി വൻവിജയം നേടുമെന്ന് അവകാശപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും രംഗത്തു വന്നിരുന്നു.

സർക്കാർ രൂപവത്കരിക്കാൻ കഴിയുന്ന സ്ഥിതി വിശേഷമുണ്ടായാൽ അതനുസരിച്ച് കക്ഷികളെ ഒരുമിച്ച് നിർത്താനുള്ള തന്ത്രങ്ങളടക്കം യോഗത്തിൽ ആസൂത്രണം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരുപതിലധികം പാർട്ടികൾ അടങ്ങുന്ന പ്രതിപക്ഷം കഴിഞ്ഞ വർഷമാണ് പൊതു തെരഞ്ഞെടുപ്പിൽ എൻഡിഎയെ നേരിടാൻ സഖ്യമുണ്ടാക്കിയത്. ഡൽഹിയിലും യുപിയിലുമടക്കം പല സംസ്ഥാനങ്ങളിലും ഇൻഡ്യ മുന്നണിയുടെ ഭാഗമായാണ് പ്രതിപക്ഷ പാർട്ടികൾ മത്സരിച്ചത്. ഇവിടങ്ങളിലെ സഖ്യത്തിന്റെ പ്രകടനവും യോഗത്തിൽ വിലയിരുത്തും.

അവസാന ഘട്ട വോട്ടെടുപ്പ് പൂർണ്ണമാവാൻ മണിക്കൂറുകൾ; 
ഇൻഡ്യ മുന്നണി യോഗം ആരംഭിച്ചു
ഏറെക്കുറെ കിറുകൃത്യം 2019ലെ ഈ എക്സിറ്റ് പോൾ ഫലങ്ങൾ

Related Stories

No stories found.
logo
Reporter Live
www.reporterlive.com