രാഹുല്‍ ഗാന്ധി പ്രതിപക്ഷനേതാവ്; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ കോൺഗ്രസിനാണ് പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിക്കുക
രാഹുല്‍ ഗാന്ധി പ്രതിപക്ഷനേതാവ്; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
Updated on

ന്യൂഡൽഹി: രാഹുൽഗാന്ധി ലോക്സഭ പ്രതിപക്ഷ നേതാവ് സ്ഥാനം ഉടൻ ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ. കോൺഗ്രസ് പ്രവർത്തക സമിതി ഐകകണ്ഠ്യേന രാഹുൽ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കണം എന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയതിനും ആവശ്യം അറിയിച്ചതിനും പിന്നാലെ രാഹുലിൽ നിന്നും അനുകൂല പ്രതികരണമുണ്ടായതായി കെസി വേണുഗോപാൽ അറിയിച്ചു. ഡൽഹിയിൽ പുരോഗമിക്കുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിന് പിന്നാലെ ഉടൻ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു.

101 എംപിമാരാണ് ഇത്തവണ കോൺഗ്രസിനുള്ളത്. പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ കോൺഗ്രസിനാണ് പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിക്കുക. പാർട്ടിയെ വലിയ ഒരു തിരിച്ചുവരവിലേക്ക് നയിച്ചതിൽ രാഹുൽ ഗാന്ധിക്ക് നിർണ്ണായക പങ്കുണ്ടെന്നും രാഹുൽ തന്നെ മോദിക്കെതിരെയുള്ള തുടർന്നുള്ള പോരാട്ടം നയിക്കണമെന്നുള്ള വിലയിരുത്തലിലാണ് കോൺഗ്രസ് പ്രവർത്തക സമിതി യോഗം എത്തിയത്. കോൺഗ്രസ് പ്രവർത്തക സമിതിയിലെ മുതിർന്ന നേതാവ് ദിഗ്‌വിജയ് സിംഗ് രാഹുൽ പ്രതിപക്ഷ നേതാവ് ആകണമെന്ന പ്രമേയം കൊണ്ടു വന്നു. ഒറ്റക്കെട്ടായി പ്രവർത്തക സമിതി ഇതിനെ പിന്തുണക്കുകയും പ്രമേയം പാസാക്കുകയും ചെയ്തു.

കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ പാർലമെൻ്ററി പാർട്ടി നേതാവായി സോണിയ ഗാന്ധി തുടരട്ടെ എന്നാണ് തീരുമാനം. സോണിയ ഗാന്ധിയാണ് പ്രതിപക്ഷ നേതാവിൻ്റെ പേര് ലോക്സഭ സ്പീക്കർക്ക് നിർദേശിക്കുക. ഭാരത് ജോഡോ യാത്ര വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിൻ്റെ വിജയത്തിന് സഹായിച്ചു എന്ന് പ്രവർത്തക സമിതി വിലയിരുത്തി. ഉത്തർ പ്രദേശിൽ നന്ദി പ്രകാശ യാത്ര ചൊവ്വാഴ്ച മുതൽ ശനിയാച വരെ കോൺഗ്രസ് നടത്തും. ഭരണമുള്ള ഹിമാചൽ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ പാർട്ടിക്ക് ഏറ്റ തിരിച്ചടി പരിശോധിക്കാനും കോൺഗ്രസ് തീരുമാനിച്ചു.

അതേ സമയം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞ് റായ്ബറേലി നിലനിര്‍ത്തുമെന്ന റിപ്പോർട്ടുകളുണ്ട്. വയനാട് സന്ദര്‍ശനത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. വയനാട്ടിലും റായ്ബറേലിയിലും വിജയിച്ച രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം നിലനിര്‍ത്തണമെന്നായിരുന്നു കേരളത്തിലെ നേതാക്കള്‍ പ്രവര്‍ത്തക സമിതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ റായ്ബറേലി നിലനിര്‍ത്തണമെന്ന ആവശ്യം ഉത്തര്‍പ്രദേശ് പിസിസിയും ഉയര്‍ത്തി. മണ്ഡലത്തില്‍ രാഹുലിന് പകരം പ്രിയങ്കാ ഗാന്ധി എത്തുമെന്ന് അഭ്യൂഹം ഉണ്ട്. എന്നാല്‍ അതിന് ദേശീയ നേതൃത്വം പച്ചക്കൊടി കാട്ടിയിട്ടില്ല. പ്രിയങ്ക ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കണം എന്ന തീരുമാനത്തിലാണ് നേതൃത്വം. അങ്ങനെയെങ്കിൽ രാഹുലിന് പകരക്കാരനായി കേരളത്തിലെ തന്നെ ഒരാള്‍ ജനവിധി തേടിയേക്കും. മൂന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ വയനാട്ടില്‍ തുടര്‍ച്ചയായ രണ്ടാം തവണയും വിജയിച്ചത്. റായ്ബറേലിയില്‍ മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലും വിജയിച്ചു.

രാഹുല്‍ ഗാന്ധി പ്രതിപക്ഷനേതാവ്; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
രാഹുല്‍ തന്നെ 'ഇന്‍ഡ്യ'ന്‍ ക്യാപ്റ്റന്‍?പ്രതിപക്ഷനേതാവാകാന്‍ അദ്ദേഹം ഏറ്റവും യോഗ്യനെന്ന് കെ സി

Related Stories

No stories found.
logo
Reporter Live
www.reporterlive.com