ആന്ധ്ര, ഒഡീഷ സത്യപ്രതിജ്ഞ ഇന്ന്; ചന്ദ്രബാബു നായിഡുവും മോഹൻ ചരണ്‍ മാജിയും മുഖ്യമന്ത്രിമാര്‍

ഒഡീഷയിൽ ബിജെപിയും ആന്ധ്രപ്രദേശിൽ ടിഡിപി നേതൃത്വത്തിൽ സഖ്യകക്ഷി സര്‍ക്കാരുമാണ് അധികാരത്തിലേറുന്നത്
ആന്ധ്ര, ഒഡീഷ സത്യപ്രതിജ്ഞ  ഇന്ന്; ചന്ദ്രബാബു നായിഡുവും മോഹൻ ചരണ്‍ മാജിയും മുഖ്യമന്ത്രിമാര്‍
Updated on

ദില്ലി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്ര ബാബു നായിഡുവും ഒഡീഷ മുഖ്യമന്ത്രിയായി മോഹൻ ചരണ്‍ മാജിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഒഡീഷയിൽ ബിജെപിയും ആന്ധ്രപ്രദേശിൽ ടിഡിപി നേതൃത്വത്തിൽ സഖ്യകക്ഷി സര്‍ക്കാരുമാണ് അധികാരത്തിലേറുന്നത്. ഒഡീഷയിലെ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്ക് എന്നിവർ പങ്കെടുക്കും. പുരി ജഗന്നാഥ ക്ഷേത്രത്തിലെ ദേവനാണ് സത്യപ്രതിജ്ഞ ചടങ്ങിലേക്കുള്ള ആദ്യക്ഷണം നൽകിയിരിക്കുന്നത്. ഒഡീഷയില്‍ ഇതാദ്യമായാണ് ബിജെപി അധികാരത്തിലേറുന്നത്.

നാല് തവണ എംഎൽഎ ആയ മോഹൻ ചരണ്‍ മാജി സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയാണ്. കെ വി സിംഗ് ദേവ്, പ്രവതി പരീത എന്നിവർ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിമാരാകും. 147 അംഗ നിയമസഭയിൽ 78 സീറ്റുകളിൽ വിജയിച്ചാണ് ബിജെപി ഒഡിഷയിൽ ഭരണം പിടിച്ചത്.

ആന്ധ്രാപ്രദേശിൽ ഇത് നാലാം വട്ടമാണ് ചന്ദ്ര ബാബു നായിഡു മുഖ്യമന്ത്രിയയെത്തുന്നത്. രാവിലെ 11.27ന് വിജയവാഡയിലെ ഗണ്ണാവരം വിമാനത്താവളത്തിന് സമീപം കേസരപ്പള്ളി ഐടി പാർക്കിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി , കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ , ജഗത് പ്രകാശ് നദ്ദ, ബന്ദി സഞ്ജയ് കുമാർ എന്നിവരുൾപ്പെടെ മറ്റ് കേന്ദ്ര മന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നായിഡുവിൻ്റെ മകൻ നര ലോകേഷ്, ജനസേന അധ്യക്ഷൻ പവൻ കല്യാൺ , പാർട്ടിയുടെ മുതിർന്ന നേതാവ് എൻ മനോഹർ എന്നിവരും സത്യപ്രതിജ്ഞ ചെയ്തേക്കും. ജനസേന നേതാവ് പവൻ കല്യാൺ ഉപമുഖ്യമന്ത്രി ആയേക്കും. 175 അംഗ സഭയിൽ ടിഡിപിക്ക് 135, ജനസേനക്ക് 21, ബിജെപിക്ക് എട്ടും അംഗങ്ങളാണ് ഉള്ളത്. മുന്‍മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയെയും ചന്ദ്ര ബാബു നായിഡു സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com