കുവൈറ്റ് തീപിടിത്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് എംകെ സ്റ്റാലിൻ

എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സർക്കാർ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു
കുവൈറ്റ് തീപിടിത്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് എംകെ സ്റ്റാലിൻ
Updated on

ചെന്നൈ: കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. അപകടത്തിൽ തമിഴ്നാട് സ്വദേശികളായ ഏഴുപേരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. കുവൈറ്റിൽ ചികിത്സയിൽ കഴിയുന്ന തമിഴ്നാട് സ്വദേശികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കാൻ പ്രവാസി തമിഴരുടെ ക്ഷേമ വകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സർക്കാർ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. തൂത്തുക്കുടി ജില്ലയിൽ നിന്നുള്ള വീരച്ചാമി മാരിയപ്പൻ, കടലൂർ ജില്ലയിൽ നിന്നുള്ള കൃഷ്ണമൂർത്തി ചിന്നദുരൈ, ചെന്നൈ സ്വദേശി ഗോവിന്ദൻ ശിവശങ്കർ, ട്രിച്ചി ജില്ലയിൽ നിന്നുള്ള രാജു എബമേശൻ, തഞ്ചാവൂർ ജില്ലയിൽ നിന്നുള്ള ഭുനാഫ് റിച്ചാർഡ്, രാമനാഥപുരം ജില്ലയിൽ നിന്നുള്ള കറുപ്പണ്ണൻ രാമു, വില്ലുപുരം ജില്ലയിൽ നിന്നുള്ള മുഹമ്മദ് ഷെരീഫ് എന്നിവരാണ് തീപിടിത്തത്തിൽ മരിച്ചത്.

അതേസമയം, കുവൈറ്റ് തീപിടിത്തത്തിൽ 50 പേരുടെ മരണം സ്ഥിരീകരിച്ചതായി കുവൈറ്റിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഇന്ത്യക്കാരനാണ് മരിച്ചതെന്നാണ് കുവൈറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മരിച്ചയാളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ആളെ തിരിച്ചറിയുന്നതിനായുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്. കുവൈറ്റിലെ മംഗഫ് ബ്ലോക്ക് നാലില്‍ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി കമ്പനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തില്‍ ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അഗ്‌നിബാധയുണ്ടായത്. മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ 10.30ന് കൊച്ചിയിലെത്തിക്കും. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങള്‍ എത്തിക്കുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com