കെ സിയുടെ കൈയ്യിലേത് കട്ടന്‍ ചായ; മദ്യമെന്ന പ്രചാരണത്തില്‍ പരാതി നല്‍കി കോണ്‍ഗ്രസ്

എഫ്‌ഐആറിന്റെ കോപ്പി പങ്കുവെച്ചുകൊണ്ട്, വ്യാജ പ്രചാരണങ്ങളെ തടയുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
കെ സിയുടെ കൈയ്യിലേത് കട്ടന്‍ ചായ; മദ്യമെന്ന പ്രചാരണത്തില്‍ പരാതി നല്‍കി കോണ്‍ഗ്രസ്
Updated on

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മദ്യപിക്കുന്നുവെന്ന തരത്തില്‍ നടക്കുന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തിനെതിരെ കോണ്‍ഗ്രസ്. ഹൈദരാബാദിലെ സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കി. താമരശ്ശേരിയിലെ റസ്റ്റോറന്റില്‍ ഇരുന്ന് കട്ടന്‍ചായ കുടിക്കുന്ന കെ സി വേണുഗോപാല്‍ മദ്യപിക്കുന്നുവെന്ന തരത്തിലായിരുന്നു പ്രചാരണം.

എഫ്‌ഐആറിന്റെ കോപ്പി പങ്കുവെച്ചുകൊണ്ട്, വ്യാജ പ്രചാരണങ്ങളെ തടയുമെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. കെ സി വേണുഗോപാലിന്റെ പ്രതിച്ഛായയെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ് ചിത്രം പ്രചരിപ്പിക്കുന്നവര്‍ നടത്തുന്നതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. @BefittingFacts എന്ന പേജിലൂടെയായിരുന്നു പ്രചാരണം.

പ്രചാരണത്തിന്റെ വാസ്തവം ചൂണ്ടികാട്ടി ഫാക്ട് ചെക്കിങ് സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറും രംഗത്തെത്തിയിരുന്നു. റസ്റ്റോറന്റ് മാനേജറായ കബീറുമായി താന്‍ സംസാരിച്ചുവെന്നും കെ സി വേണുഗാപാല്‍ കുടിച്ചത് മദ്യമല്ല, മറിച്ച് കട്ടന്‍ചായയാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയെന്നും മുഹമ്മദ് സുബൈര്‍ എക്‌സില്‍ കുറിച്ചിരുന്നു.

കെ സി വേണുഗോപാലിന്റെ ചിത്രത്തോടൊപ്പം 'ഈ റസ്റ്റോറന്റിന് മദ്യം വില്‍ക്കാനുള്ള ലൈസന്‍സ് ഇല്ല. ഇവര്‍ എങ്ങനെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മദ്യം വിളമ്പുന്നത്?' എന്ന് ചോദിച്ചുകൊണ്ടായിരുന്നു പ്രചാരണം. കേരള പൊലീസിനെയും എക്‌സൈസ് വകുപ്പിനെയും മുഖ്യമന്ത്രിയെയും ടാഗ് ചെയ്തായിരുന്നു പോസ്റ്റ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com