എസ്പി-കോണ്‍ഗ്രസ് കൂട്ടൂകെട്ട് തുടരും; ഉപതിരഞ്ഞെടുപ്പുകളിലും ഒരുമിച്ച്

സഖ്യം തുടരുമെന്നും സീറ്റ് വിഭജന ചര്‍ച്ചയും നടക്കുമെന്ന് യുപി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് റായ് പറഞ്ഞു.
എസ്പി-കോണ്‍ഗ്രസ് കൂട്ടൂകെട്ട് തുടരും; ഉപതിരഞ്ഞെടുപ്പുകളിലും ഒരുമിച്ച്
Updated on

ലഖ്‌നൗ: ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഉത്തര്‍പ്രദേശ് വീണ്ടും ഒരു തിരഞ്ഞെടുപ്പ് യുദ്ധത്തിനൊരുങ്ങുകയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച് എംപിമാരായ ഒന്‍പത് എംഎല്‍എമാരുടെ നിയോജക മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കും. ഇതോടെ സംസ്ഥാനം വീണ്ടും ഒരു എന്‍ഡിഎ-ഇന്‍ഡ്യ മുന്നണി പോരാട്ടത്തിന് സാക്ഷ്യം വഹിക്കും.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എസ്പി-കോണ്‍ഗ്രസ് സഖ്യം തുടരുമെന്ന സൂചന നല്‍കിയിരിക്കുകയാണ് ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍. നാല് ബിജെപി എംഎല്‍എമാരും നാല് എസ്പി എംഎല്‍എമാരും ഒരു ആര്‍എല്‍ഡി എംഎല്‍എയുമാണ് സംസ്ഥാനത്ത് നിന്ന് പാര്‍ലമെന്റിലേക്ക് ജയിച്ചുകയറിയത്. സഖ്യം തുടരുമെന്നും സീറ്റ് വിഭജന ചര്‍ച്ചയും നടക്കുമെന്ന് യുപി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് റായ് പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിയും എസ്പി അദ്ധ്യക്ഷനുമായ അഖിലേഷ് യാദവ് കനൂജ് ലോക്‌സഭ മണ്ഡലത്തില്‍ വിജയിച്ചതിനെ തുടര്‍ന്ന് ഒഴിഞ്ഞ കര്‍ഹാല്‍ നിയമസഭ മണ്ഡലവും ഈ ഒന്‍പത് മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്നു. ഒന്‍പത് സീറ്റില്‍ ഒരു സീറ്റ് പോലും തങ്ങളുടേത് അല്ലെങ്കിലും ഉപതിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കാം.

2019ല്‍ 62 ലോക്‌സഭാ സീറ്റുകള്‍ നേടിയ ബിജെപിക്ക് 2024 നേടാന്‍ സാധിച്ചത് 33 സീറ്റുകളാണ്. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനുള്ള ബിജെപിയുടെ സാധ്യതകള്‍ക്ക് വിഘാതമായത് യുപിയില്‍ സമാജ്വാദി പാര്‍ട്ടിയുടെ മുന്നേറ്റമായിരുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 37 സീറ്റുകളിലായിരുന്നു സമാജ് വാദി പാര്‍ട്ടിയുടെ വിജയം. കോണ്‍ഗ്രസും ബിജെപിയും കഴിഞ്ഞാല്‍ ലോക്സഭയില്‍ ഏറ്റവും കൂടുതല്‍ അംഗസംഖ്യയുള്ള പാര്‍ട്ടിയായും എസ്പി മാറിയിരുന്നു. 2004 ഒന്നാം യുപിഎ സര്‍ക്കാര്‍ രൂപീകരിച്ച ഘട്ടത്തില്‍ 35 സീറ്റ് നേടിയ എസ്പി ദേശീയ തലത്തില്‍ നിര്‍ണ്ണായക ശക്തിയായി മാറിയിരുന്നു. അന്ന് മുലയംസിങ്ങ് യാദവിന്റെ നേതൃത്വത്തില്‍ എസ് പി മന്ത്രിസഭയാണ് അധികാരത്തില്‍ ഉരുന്നത്. 2004ലെക്കാള്‍ രണ്ട് സീറ്റ് അധികം നേടി ദേശീയ തലത്തില്‍ വീണ്ടുമൊരു ശ്രദ്ധേയ വിജയം നേടുമ്പോള്‍ ഉത്തര്‍പ്രദേശില്‍ എസ്പി പ്രതിപക്ഷത്താണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 18.11 ശതമാനം മാത്രം വോട്ടുകള്‍ നേടിയ സമാജ് വാദി പാര്‍ട്ടി ഇത്തവണ 33.38 എന്ന നിലയിലേയ്ക്കാണ് വോട്ടിങ്ങ് ശതമാനം ഉയര്‍ത്തിയിരിക്കുന്നത്. യുപിയില്‍ ആകെയുള്ള 80 സീറ്റില്‍ 42ലും വിജയിച്ചത് ഇന്‍ഡ്യ സഖ്യമായിരുന്നു. കോണ്‍ഗ്രസിന് ഇത്തവണ എട്ട് സീറ്റുകളില്‍ വിജയിക്കാനായിരുന്നു.

അഖിലേഷ് യാദവിന്റെ'പിച്ച്‌ദേ, ദളിത്, അല്‍പസംഖ്യക്' തന്ത്രമായിരുന്നു ഇത്തവണ ഉത്തര്‍പ്രദേശില്‍ വിജയം കണ്ടത്. പരമ്പരാഗത മുസ്ലിം-യാദവ് സമവാക്യത്തിന് പകരം യാദവ ഇതര പിന്നാക്കവിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കി അഖിലേഷ് യാദവ് സംസ്ഥാനത്തെമ്പാടും നടത്തിയ പുതിയ പരീക്ഷണമാണ് ബിജെപിയുടെ ഹിന്ദുത്വ പരീക്ഷണശാലയില്‍ത്തന്നെ വിജയം കണ്ടത്. മുലായം സിങ്ങിന്റെ കാലത്തെ മുസ്ലിം-യാദവ കോമ്പിനേഷന്‍ മാറ്റിപ്പിടിച്ച്, യാദവ ഇതര പിന്നാക്ക ജാതി വിഭാഗങ്ങള്‍ക്ക് സീറ്റ് വിതരണത്തില്‍ പരമാവധി പ്രാതിനിധ്യം ഉറപ്പിച്ചിച്ച അഖിലേഷ് തന്ത്രമായിരുന്നു 'പിച്ച്‌ദേ, ദളിത്, അല്‍പസംഖ്യക്'. ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിന്നും മാറി സ്വാധീനശേഷിയില്ലാത്ത ജാതിവിഭാഗങ്ങളെയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഉള്‍പ്പെടുത്താന്‍ ഇത്തവണ സമാജ് വാദി പാര്‍ട്ടി തയ്യാറായിരുന്നു.

2014 മുതല്‍ ബിജെപിക്ക് പിന്നില്‍ അണിനിരക്കുന്ന ഈ വിഭാഗത്തെയും ഒപ്പം കൂട്ടാനുള്ള നീക്കമാണ് ഇതിലൂടെ സമാജ് വാദി പാര്‍ട്ടി നടത്തിയത്. ഒരു ജനറല്‍ സീറ്റിലേയ്ക്ക് ദളിത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും എസ് പി നേരത്തെ തീരുമാനിച്ചിരുന്നു. അത് അയോധ്യയില്‍ നടപ്പാക്കുകയും അതില്‍ അഖിലേഷ് വിജയിക്കുകയും ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com