ബാബറി മസ്ജിദിൻ്റെ പേരില്ല, പകരം 'മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം'; എൻസിഇആർടി സിലബസില്‍ തിരുത്ത്

ബാബറി മസ്ജിദിൻ്റെ പേരില്ല, പകരം 'മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം'; എൻസിഇആർടി സിലബസില്‍ തിരുത്ത്

പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച പള്ളി എന്നായിരുന്നു എൻസിഇആർടിയുടെ പഴയ പാഠഭാഗത്തിലുണ്ടായിരുന്നത്
Published on

ന്യൂഡൽഹി: ബാബറി മസ്ജിദിൻ്റെ പേര് പരാമർശിക്കാതെ എൻസിഇആർടിയുടെ പുറത്തിറങ്ങിയ പുതിയ പ്ലസ് ടു പൊളിറ്റിക്സ് പാഠപുസ്തകം. മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം എന്ന വിശേഷണമാണ് പാഠപുസ്തകത്തിൽ പകരം പരാമർശിച്ചിട്ടുള്ളത്. പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച പള്ളി എന്നായിരുന്നു എൻസിഇആർടിയുടെ പഴയ പാഠഭാഗത്തിലുണ്ടായിരുന്നത്. കല്യാൺ സിംഗിന് എതിരായ സുപ്രീം കോടതി നടപടിയും പുതിയ പുസ്തകത്തിൽ ഇല്ല. ഇതടക്കം ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് പഴയ പാഠപുസ്തകത്തിലുണ്ടായിരുന്ന രണ്ട് പേജുകൾ നീക്കം ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ സോമനാഥിൽ നിന്ന് അയോധ്യയിലേക്കുള്ള ബിജെപി രഥയാത്രയും കർസേവകരുടെ പങ്കും പുതിയ പാഠപുസ്തകത്തിലില്ല.

ബിജെപിയുടെ യുടെ കണക്കുകൂട്ടലുകൾ പിഴച്ചുവെന്ന എ ബി വാജ്പേയുടെ പരാമർശം തുടങ്ങിയ പത്രവാർത്തകൾ പാഠപുസ്തകത്തിൽ ഇടം പിടിച്ചിരുന്നു. ഇത് പൂർണമായും പുതിയ പുസ്തകത്തിൽ നിന്ന് ഒഴിവാക്കി. ബാബറി മസ്ജിദ് തകർത്തതിനെ തുടർന്നുണ്ടായ ക്രമസമാധാന പ്രശ്നങ്ങളിൽ യുപി മുഖ്യമന്ത്രി കല്യാൺ സിംഗിനെതിരെ 1994 ൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കോടതി അലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു. ഒരു ദിവസത്തേക്ക് തടവ് ശിക്ഷ വിധിച്ചുള്ള ഈ സംഭവം പഴയ പാഠപുസ്തകത്തിൽ പഠിക്കാനുണ്ടായിരുന്നു. ഇതിന് പകരം 2019ലെ സുപ്രീംകോടതി വിധിയാണ് പുതിയ പാഠപുസ്തകത്തിലുള്ളത്. കൂടാതെ ടൈംലൈനിൽ ബാബറി മസ്ജിദ് തകർത്ത 1992 ഡിസംബർ 6 ന് പകരം അയോധ്യ കേസിൽ സുപ്രീം കോടതി വിധി വന്ന 2019 നവംബർ 9 ആണ് ഉൾപ്പെടുത്തിയത്. 2006 - 2007 അധ്യയന വർഷം മുതൽ ഈ പാഠഭാഗങ്ങൾ പരിഷ്‌കരിച്ചിരുന്നില്ല. 2019 സുപ്രീംകോടതി വിധിയോടെയുണ്ടായ മാറ്റങ്ങൾക്ക് അനുസരിച്ചാണ് പരിഷകരണമെന്നാണ് എൻസിഇആർടി വിശദീകരിക്കുന്നത്.

നേരത്തെ ബാബരി മസ്ജിദ് പരമാർശിക്കുന്ന മറ്റ് മൂന്ന് ഭാഗങ്ങൾ എൻസിഇആർടി നീക്കം ചെയ്തിരുന്നു. 16-ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ബാബറിൻ്റെ ജനറൽ മിർ ബാഖി പണികഴിപ്പിച്ച മസ്ജിദ് എന്നാണ് പഴയ പാഠപുസ്തകം ബാബറി മസ്ജിദിനെ പരിചയപ്പെടുത്തുന്നത്. ഇപ്പോൾ, ഇതിനെ ശ്രീരാമൻ്റെ ജന്മസ്ഥലത്ത് 1528-ൽ നിർമ്മിച്ച ഒരു മിനാരങ്ങൾ ഉള്ള കെട്ടിടം എന്നാണ് പരിചയപ്പെടുത്തുന്നത്.

ബാബറി മസ്ജിദിൻ്റെ പേരില്ല, പകരം 'മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം'; എൻസിഇആർടി സിലബസില്‍ തിരുത്ത്
അഭിനയ സൗകുമാര്യത്തിന്റെ ഓര്‍മ്മക്ക് രണ്ടര പതിറ്റാണ്ട്‌
logo
Reporter Live
www.reporterlive.com