വ്യാജമദ്യം വിറ്റിരുന്നത് പൊലീസിൻ്റെ ഒത്താശയോടെ, ദുരന്തത്തിന് കാരണം അധികാരികൾ: നാട്ടുകാർ

വിഷമദ്യ ദുരന്തം ആവർത്തിക്കാതിരിക്കാൻ ഇനിയെങ്കിലും സർക്കാരും പൊലീസും ഉണർന്ന് പ്രവർത്തിക്കണമെന്നും കള്ളാക്കുറിച്ചിക്കാ‍ർ റിപ്പോർട്ടറിനോട് പറഞ്ഞു
വ്യാജമദ്യം വിറ്റിരുന്നത് പൊലീസിൻ്റെ ഒത്താശയോടെ,  ദുരന്തത്തിന് കാരണം അധികാരികൾ: നാട്ടുകാർ
Updated on

ചെന്നൈ: കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തിന് കാരണം അധികാരികളെന്ന് പ്രദേശവാസികൾ. കോടതി, പൊലീസ് സ്റ്റേഷൻ എന്നിവയ്ക്ക് അടുത്തായാണ് വ്യാജമദ്യം വിറ്റിരുന്നത്. പൊലീസിൻ്റെ ഒത്താശയോടെയാണ് വ്യാജമദ്യം വിറ്റിരുന്നതെന്നും പ്രദേശവാസികൾ ആരോപിച്ചു. പരാതി പറയാനെത്തുന്നവരെ പൊലീസ് ഭീഷണിപ്പെടുത്തുകയായിരുന്നു. വിഷമദ്യ ദുരന്തം ആവർത്തിക്കാതിരിക്കാൻ ഇനിയെങ്കിലും സർക്കാരും പൊലീസും ഉണർന്ന് പ്രവർത്തിക്കണമെന്നും കള്ളാക്കുറിച്ചിക്കാ‍ർ റിപ്പോർട്ടറിനോട് പറഞ്ഞു.

കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി. 104 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. 14 പേരുടെ നില അതീവ ​​ഗുരുതരമാണെന്നാണ് വിവരം. സേലം, തിരുവണ്ണാമലൈ, പുതുച്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഗുരുതരാവസ്ഥയിലുള്ളവര്‍ ചികിത്സയില്‍ കഴിയുന്നത്. സംഭവത്തില്‍ തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം തമിഴ്നാട് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഉദയനിധി സ്റ്റാലിനും കള്ളാക്കുറിച്ചി സന്ദർശിക്കും.

കള്ളാക്കുറിച്ചിയിലുള്ള കരുണാപുരം കോളനിയിൽ നിന്ന് മാത്രം വിഷമദ്യ ദുരന്തത്തിൽ നഷ്ടമായത് 26 പേരുടെ ജീവനാണ്. മദ്യത്തിൽ മെഥനോൾ അടങ്ങിയിരുന്നതായി അറിഞ്ഞിരുന്നില്ലെന്നാണ് മരിച്ചവരുടെ ബന്ധുക്കൾ പറയുന്നത്. 19-ാം തീയതി വൈകുന്നേരമാണ് മദ്യം വാങ്ങിക്കഴിച്ചത്. പിന്നാലെ പലരീതിയിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു. വയറുവേദന, തലകറക്കം, കണ്ണെരിച്ചിൽ എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നതായാണ് വിവരം. രാത്രിയിൽ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പിന്നീട് ഓരോ ആളുകളും മരിച്ചുവീഴുകയായിരുന്നു. കൂടുതൽ ആളുകളെ ഇത് ബാധിച്ചപ്പോഴാണ് വ്യാജ മദ്യം കഴിച്ചാണ് ഇത്തരത്തിൽ ദുരന്തം ഉണ്ടായതെന്ന് അധികൃതർക്കും ബന്ധുക്കൾക്കും മനസിലായത്.

നേരത്തേയും മെഥനോൾ അടങ്ങിയ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. ആ കാര്യങ്ങൾ പൊലീസിനേയും സർക്കാർ വകുപ്പുകളിലും കൃത്യമായി അറിയിച്ചിരുന്നു. അന്ന് കൃത്യമായി ന‌ടപടി സ്വീകരിക്കാൻ ആരും തയ്യാറായില്ല. പൊലീസിന്റെയോ സർക്കാരിൻ്റെയോ ഭാ​ഗത്ത് നിന്ന് നടപടി ഉണ്ടായില്ല. അന്ന് നടപടികൾ സ്വീകരിച്ചിരുന്നുവെങ്കില്‍ ഈ ദുരന്തം ഉണ്ടാകില്ലായിരുന്നു എന്നാണ് മരിച്ചവരുടെ ബന്ധുക്കൾ പറയുന്നത്.

സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും നിയമവിരുദ്ധമായി സൂക്ഷിച്ച 200 ലിറ്റര്‍ മദ്യം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മദ്യവില്‍പ്പന നടത്തിയവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. മദ്യത്തില്‍ മെഥനോളിന്റെ സാന്നിധ്യം ഫോറന്‍സിക് പരിശോധയില്‍ സ്ഥിരീകരിച്ചിരുന്നു.

വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രതികരിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി സിബി-സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇന്ന് നിയമസഭ ചേരാനിരിക്കെ ചെന്നൈയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ മാത്രമുള്ള കള്ളാക്കുറിച്ചിയിലുണ്ടായ ദുരന്തം സര്‍ക്കാരിന് നേരെ രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷ തീരുമാനം. വിഷമദ്യ വില്‍പ്പന ഇല്ലാതാക്കാന്‍ ഡിഎംകെ സര്‍ക്കാരിന് ഇതുവരെയും കഴിഞ്ഞില്ലെന്ന് സംഭവത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി പറഞ്ഞു. എക്‌സൈസ് വകുപ്പ് മന്ത്രി എസ് മുത്തുസാമി രാജി വെക്കണമെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ ആവശ്യപ്പെട്ടു.

വ്യാജമദ്യം വിറ്റിരുന്നത് പൊലീസിൻ്റെ ഒത്താശയോടെ,  ദുരന്തത്തിന് കാരണം അധികാരികൾ: നാട്ടുകാർ
കള്ളാക്കുറിച്ചി വിഷമദ്യദുരന്തം; 42 മരണം, 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ

സര്‍ക്കാരിനെതിരെ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയും രംഗത്തെത്തി. സാധാരണക്കാരായ തൊഴിലാളികളാണ് മരിച്ചവരും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലുള്ളവരും. മരിച്ചവരുടെ കാഴ്ചയും കേള്‍വിയുമാണ് ആദ്യം നഷ്ടപ്പെട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വില്ലുപുരത്ത് വ്യാജമദ്യ ദുരന്തത്തില്‍ 22 പേര്‍ മരിച്ച സംഭവം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് മറ്റൊരു അപകടം ഉണ്ടായിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com