കെജ്‍രിവാളിന് തിരിച്ചടി; ഇന്ന് ജയിൽ മോചിതനാകില്ല, ജാമ്യ ഉത്തരവിന് സ്റ്റേ തുടരും

അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് ഇന്ന് മൂന്ന് മാസം തികയുമ്പോഴാണ് പുതിയ സംഭവ വികാസങ്ങൾ
കെജ്‍രിവാളിന് തിരിച്ചടി; ഇന്ന് ജയിൽ മോചിതനാകില്ല, ജാമ്യ ഉത്തരവിന് സ്റ്റേ തുടരും
Updated on

ഡൽഹി: ദില്ലി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ഇന്ന് ജയിൽ മോചിതനാകാനില്ല. കെജ്‍രിവാളിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള റോസ് അവന്യു കോടതിയുടെ ഉത്തരവിൽ സ്റ്റേ തുടരും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപ്പീലിലിൽ ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. സ്റ്റേ ആവശ്യപ്പെട്ടുള്ള അപേക്ഷയിൽ ഉത്തരവ് വരും വരെ വിചാരണ കോടതി ഉത്തരവ് നടപ്പാക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഉത്തരവ് സ്റ്റേ ചെയ്യരുതെന്ന് കെജ്‍രിവാളിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത് കോടതി അം​ഗീകരിച്ചില്ല. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന അപേക്ഷയിൽ രണ്ടോ മൂന്നോ ദിവസത്തിനകം ഉത്തരവ് പറയാമെന്ന് കോടതി അറിയിച്ചു. അതേസമയം നീതിയെ പരിഹസിക്കുന്നതാണ് സ്റ്റേ എന്ന് കെജ്‍രിവാളിൻ്റെ അഭിഭാഷകൻ പ്രതികരിച്ചു.

ഇന്ന് രാവിലെയാണ് കെജ്‌രിവാളിന്റെ ജാമ്യം തടയണം എന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണം എന്നായിരുന്നു ആവശ്യം. വിചാരണ കോടതി വ്യാഴാഴ്ച്ച രാത്രി എട്ട് മണിക്കാണ് ജാമ്യത്തിന് ഉത്തരവിട്ടത്. അതിന്റെ ഫയല്‍ ഇതുവരെയും അപ്ലോഡ് ചെയ്തിട്ടില്ലെന്നും ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമാണ് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കോടതിയെ അറിയിച്ചത്.

എന്നാല്‍ കെജ്‌രിവാളിന്റെ അഭിഭാഷകന്‍ വിക്രം ചൗധരി ഇഡി അപേക്ഷയെ എതിര്‍ത്തു. ഇഡി വാദം അതിശയകരവും അനുചിതവുമാണെന്ന് അഭിഭാഷകന്‍ പറഞ്ഞു. കോലാഹലം ഉണ്ടാക്കി വിവാദം സൃഷ്ടിച്ചാല്‍ വിഷയം അവസാനിക്കില്ലെന്നും അഭിഭാഷകന്‍ വാദിച്ചിരുന്നു. റോസ് അവന്യൂ കോടതിയുടെ അവധിക്കാല ബെഞ്ച് ഒരു ലക്ഷ്യം രൂപയുടെ ജാമ്യത്തുകയിലായിരുന്നു കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്.

മാര്‍ച്ച് 21നാണ് ദില്ലി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീം കോടതിയിൽ നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. കെജ്‌രിവാളിന് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് 10ന് സുപ്രീംകോടതി കെജ്രിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചത്. ജാമ്യകാലാവധി അവസാനിച്ച് ജൂൺ 2 ന് അദ്ദേഹം ജയിലിലേക്ക് മടങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ചുക്കാൻ പിടിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ മടക്കം. അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് ഇന്ന് മൂന്ന് മാസം തികയുമ്പോഴാണ് പുതിയ സംഭവ വികാസങ്ങൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com